തിരുവനന്തപുരം: 22 വർഷമായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസാണ് സിസ്റ്റർ അഭയ കൊലക്കേസ്. കത്തോലിക്കാ സഭയിലെ പുരോഹിതരും കന്യാസ്ത്രീയും പ്രതിസ്ഥാനത്തുള്ള കേസ് അനന്തമായി നീളുകയാണ്. ഇതിനിടയിലാണ് ഇന്നലെ കേസിലെ സുപ്രധാന വിധി പുറത്തുവന്നത്. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വർക്ക് രജിസ്റ്ററിൽ കൃത്രിമം നത്തിയെന്ന കേസിലെ വിധിയാണ് ഇന്നലെ പുറത്തുവന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ചീഫ് കെമിക്കൽ എക്‌സാമിനർ ആർ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി വിൻസെന്റ് ചാർലി പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കണ്ട് സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

ഏഴ് വർഷം നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ച വർക്ക് രജിസ്റ്റർ തിരുത്തൽ കേസിലെ ഹർജിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കലാണ്. അഭയകേസിൽ ഇപ്പോഴും നിയമപോരാട്ടം നടത്തുന്ന ജോമോൻ പുത്തൻ പുരയ്ക്കൽ വിധി നിയമവിരുദ്ധമാണെന്നും വിധിക്കെതിരെ അപ്പീൽ പോവുമെന്നും വ്യക്തമാക്കിയിരുന്നു. രാസപരിശോധനയിൽ അട്ടിമറി നടന്നുവെന്ന് ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലെ ടെസ്റ്റിൽ തെളിഞ്ഞതാണെന്നും അത് പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ട നടപടി കേസിന്റെ തുടക്കം മുതലുള്ള പ്രതികളുടെ സ്വാധീനത്തിന്റെ തുടർച്ചയാണെന്നും പുത്തൻപുരക്കൽ പറഞ്ഞു. കോടതി വിധിയിൽ ഹർജിക്കാരനായ തനിക്കുള്ള വിയോജിപ്പുകൾ ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയുമായും പങ്കുവച്ചു. അഭയ കേസിലെ നിർണ്ണായകമായ കോടതി വിധിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

സിസ്റ്റർ അഭയകേസിലെ വർക്ക് രജിസ്റ്റർ തിരുത്തിയ കോടതി വിധി പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും ഒടുവിൽ രക്ഷപ്പെടാനാകുമെന്ന തെറ്റായ സന്ദേശമാണ് നൽകുന്നത്. നീതിക്ക് വേണ്ടി പോരാടുന്നവർക്കേറ്റ തിരിച്ചടിയായ വിധി നീതി നിഷേധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ആർ ഗീതയെയും എം ചിത്രയെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി പറയുന്നത് വർക്ക് രജിസ്റ്റർ തിരുത്താൻ ഇവർക്ക് അവകാശമുണ്ടെന്നും ഇത് ചെയ്തത് സദുദ്ദേശത്തോടെ ആണെന്നുമാണ്. എന്നാൽ ഈ വിധി നിയമവിരുദ്ധമാണ്. കാരണം തങ്ങൾ വർക്ക് രജിസ്റ്റർ തിരുത്തിയത് സദുദ്ദേശത്തോടെയാണെന്നും അതിന് അവകാശവാദമുണ്ടെന്നും പറഞ്ഞുകൊണ്ടും കുറ്റവിമുക്തരാക്കണെന്ന് ആവശ്യപ്പെട്ട് രണ്ട് പേരും നൽകിയ ഹർജി 2011 ഓഗസ്റ്റ് 29ന് കേരളാ ഹൈക്കോടതി തള്ളിയിരുന്നു. സിജെഎം കോടതി കുറ്റപത്രം നൽകിയത് ശരിവെക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വിധി പുറപ്പെടുവിക്കുവാൻ സിജെഎമ്മിന് അധികാരമില്ല. കൂടാതെ എട്ടിടങ്ങളിൽ തിരുത്ത് നടന്നു എന്ന ഹൈദരാബാദ് ഫോറസൻസിക് സയൻസ് ലബോറട്ടറിയുടെ പരിശോധന ഫലത്തെയും ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇങ്ങനെ ഹൈക്കോടതി അംഗീകരിച്ച റിപ്പോർട്ടിനെ തള്ളിക്കളയാൽ തിരുവനന്തപുരം സിജെഎം കോടതിക്ക് കഴിയില്ല. ഹൈക്കോടതി അംഗീകരിച്ച പരിശോധനാ റിപ്പോർട്ടിനെ സിജെഎം തള്ളിക്കളഞ്ഞതും നിയമപരമായി ശരിയല്ല. അതുകൊണ്ട് ഇപ്പോഴത്തെ കോടതി വിധി നിയമവിരുദ്ധമാണ്.

2014 മാർച്ച് 14നാണ് ഇപ്പോൾ വർക്ക് രജിസ്റ്റർ തിരുത്തിയ കേസ് ഇപ്പോൾ വിധി പറഞ്ഞ തിരുവനന്തപുരം സിജെഎം വിൻസെന്റ് ചാർളി കേൾക്കുന്നത്. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായത് ഒക്ടോബർ ഒന്നിനാണ്. തുടർന്ന് വിധി പറയാനായി ഒക്ടോബർ 10ലേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തു. കേസ് കോടതിയിൽ വന്നപ്പോൾ രണ്ടാംപ്രതി എം ചിത്ര പ്രതിക്കൂട്ടിലില്ലെന്ന കാരണത്താൽ വിധിപറയുന്നത് പിന്നെയും മാറ്റിവച്ചു. കേസിലെ പ്രതികളെ വെറുതേ വിടാനാണെങ്കിൽ രണ്ട് മുഴുവൻ പ്രതികളും കോടതിയിൽ എത്തേണ്ട ആവശ്യമില്ല. മറിച്ച് അന്ന് തന്നെ ഉത്തവിടാമായിരുന്നു. ഈ തീരുമാനത്തിലൂടെ കോടതി പ്രതികൾക്ക് സന്ദേശം നൽകുകയായിരുന്നു.[BLURB#1-H] 

ഒക്ടോബർ പത്തിന് രണ്ടാം പ്രതി ചിത്ര വക്കീൽ ഓഫീസിൽ എത്തിയെങ്കിലും കോടതിയിൽ എത്താതിരിക്കുകയുമായിരുന്നു. പിന്നീട് വിധി പറയാനായി തിരഞ്ഞെടുത്ത ഒക്ടോബർ 15ന് വിധി പറയാതെ പ്രതികളോട് ചില കാര്യങ്ങൾ കൂടി ചോദിച്ചറിയാനുണ്ടെന്നാണ് പറഞ്ഞത്. ഒന്നാംഘട്ട വിചാരണ പൂർത്തിയായ ശേഷമായിരുന്നു ഇത്. സിആർപിസി 313 (1) എ പ്രകാരം ഒൻപത് ചോദ്യങ്ങൾ കോടതി ചോദിച്ചു. ഇതിൽ ഒൻപതാമത്തെ ചോദ്യം നിങ്ങളുടെ ഭാഗത്ത് സാക്ഷികളോ തെളിവുകളോ ഹാജരാക്കാനുണ്ടോ എന്നായിരുന്നു. സിആർപിസി 313 (1) എ പ്രകാരം വാദം പൂർത്തിയായ കേസിൽ വീണ്ടും തെളിവുണ്ടോ എന്ന ചോദ്യം തെറ്റായിപ്പോയി. ഇതുനിയമവിരുദ്ധമാണ്. തുടർന്ന് കോടതി വാദം വീണ്ടും നീണ്ടു പോയി നവംബർ ഏഴിനാണ് പൂർത്തിയായത്. ഇങ്ങനെ രണ്ടാം ഘട്ടം വിധി നടന്നത് പൂർണ്ണമായും പ്രതികൾക്ക് വേണ്ടിയായിരുന്നുവെന്ന് സംശയിക്കണം.

22 വർഷം പഴക്കമുള്ള അഭയ കൊലക്കേസ് ആത്മഹത്യയാണെന്ന് പൊലീസ് എഴുതാൻ ഇടയാക്കിയത് രാസപരിശോധനാ റിപ്പോർട്ടിലെ കൃത്രിമം മൂലമായിരു്‌നനു. കേസിലെ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ പ്രതികളെ 2008 നവംബർ 18നാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവർ 45 ദിവസം റിമാൻഡ് തടവുകാരായി കഴിഞ്ഞു. 2009 ജനുവരി ഒന്നിന് കോടതി ജാമ്യം നൽകുകയായിരുന്നു. 2009 ജൂലൈ 17ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇപ്പോഴും അനിശ്ചിതമായി നീണ്ടു പോകുകയാണ്. ഇതിനൊക്കെ ഇടയാക്കിയത് രാസപരിശോധന ഫലത്തിലെ വർക്ക് രജിസ്റ്റർ തിരുത്തിയതാണ്.

2007 ഏപ്രിൽ 12ന് വന്ന പത്രവാർത്തയാണ് രാസപരിശോധനാ റിപ്പോർട്ട് തിരുത്തൽ കേസിന് തുടക്കമിട്ടത്. അഭയയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധന നടത്തിയ വർക്ക് രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതിന്റെ പകർപ്പ് സഹിതമായിരുന്നു ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രത്തിൽ വന്ന റിപ്പോർട്ട്. വാർത്ത വന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം തന്റെ ഹർജി പരിഗണിച്ച് കോടതി ഉത്തരവ് പ്രകാരം രണ്ട് മണിക്കൂർ കൊണ്ട് വർക്ക് രജിസ്റ്റർ പൊലീസ് റെയ്ഡ് ചെയ്ത് പിടിച്ച് ഹാജരാക്കിയിരുന്നു. പിന്നീടാണ് വർക്ക് രജിസ്റ്ററിന്റെ ഒറിജിനൽ ഹൈദരാബാദിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചതും കൃത്രിമം നടന്നതായി തെളിഞ്ഞതും.

പ്രതികളെ വെറുതേവിട്ടുകൊണ്ട് സിജെഎം കോടതിയുടെ 20 പേജ് വരുന്ന വിധിയിൽ പറയുന്ന കാര്യങ്ങൾ വിചിത്രവും നിയമ വിരുദ്ധവുമാണ്. ഗീതയും ചിത്രയും അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ പുരുഷബീജം കണ്ടു എന്ന ഭാഗം റബ്ബർകൊണ്ട് മായ്ച്ചും ബ്ലേയ്ഡ് കൊണ്ട് ചിരണ്ടി മാറ്റുകയും ചെയ്തു എന്നത് ഹൈദ്രാബാദ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തിരുത്തൽ നടത്താൻ ഇവർക്ക് അവകാശമുണ്ട് എന്ന് പറഞ്ഞ കോടതി വിധി റദ്ദ് ചെയ്തില്ലെങ്കിൽ കേരളത്തിലെ മുഴുവൻ സർക്കാർ രേഖകളിൽ ഉദ്യോഗസ്ഥർ ചിരണ്ടി മാറ്റുന്നതും മായ്ക്കുന്നതും അവകാശമായി മാറ്റുകയും കൃത്രിമതത്തിന് അംഗീകാരം നൽകുന്ന പ്രവണതയുമാണ്. ഈ കോടതി വിധി അംഗീകരിച്ചാൽ ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാകും. ഇതുവഴി ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനകളെയെല്ലാം കോടതി അംഗീകരിക്കാതിരിക്കുന്ന സ്ഥിതിയും ഈ കോടതി വിധി വഴി സംജാതമായേക്കാം.[BLURB#2-VL] 

പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള ഗൂഡാലോചന തെളിയിക്കാനായില്ല എന്നാൽ കോടതിയുടെ വിധിയിൽ പറയുന്ന മറ്റൊരുകാര്യം. ഈ കേസിൽ കോടതി തന്നെയാണ് പ്രോസിക്യൂഷൻ എന്ന കാര്യം ഓർക്കേണ്ടതുണ്ട്. കോടതി അന്വേഷിച്ച് തെളിവുണ്ടെന്ന് കണ്ട് കുറ്റപത്രം സമർപ്പിച്ച കേസാണിത്. 2011 മെയ് 31ന് റിട്ടയർ ചെയ്യുന്ന ദിനത്തിലാണ് അന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന ചെറിയാൻ വർഗീസ് തെളിവുണ്ടെന്ന് കണ്ട് കുറ്റപത്രം കൊടുത്തത്.

ഒരു സിജെഎം പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായ ഉത്തരവ് പുറപ്പെടുവിക്കാൻ മറ്റൊരു സിജെഎമ്മിന് അധികാരമില്ല. കഴിഞ്ഞ ഏഴ് വർഷത്ത് കോടതി വിചാരണക്കിടെ കേസിലെ ഹർജിക്കാരനായ ഞാൻ ഹാജരാക്കിയ തെളിവുകളെ വിചാരണ വേളയിൽ കോടതി അംഗീകരിച്ചതാണ്. വിചാരണയുടെ ഒരു ഘട്ടത്തിൽ കേസിലെ പ്രധാന തെളിവായ ഒറിജിനൽ വർക്ക് രജിസ്റ്റർ തെളിവായി രേഖപ്പെടുത്താത്ത കാര്യം ജോമോൻ പുത്തൻപുരയ്ക്കൽ എന്ന ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്റെ വാദം കേട്ട കോടതി 2012 ഓഗസ്റ്റ് 22ന് വർക്ക് രജിസ്റ്റർ കോടതിയിൽ തെളിവായി രേഖപ്പെടുത്തുകയും ചെയ്തു. വിചാരണ വേളയിലൊക്കെ തെളിവുണ്ടെന്ന് കോടതി തന്നെ പറഞ്ഞപ്പോൾ വിചാരണ വേളയിൽ മാത്രം തെളിവ് ഹാജരാക്കിയില്ല എന്ന് പറയുന്നത് ന്യായീകരിക്കാനാകില്ല. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണ്.

പ്രതികളുടെ ഗൂഢാലോചന വാദിക്ക് കോടതിയിൽ തെളിയിക്കാനായില്ല എന്ന് പറയുന്നത് ശരിയല്ല. കേസിലെ ഒന്നാം പ്രതി ആർ ഗീത, രണ്ടാം പ്രതി എം ചിത്ര, എന്നിവർ സ്വന്തം കൈപ്പടയിലാണ് കൃത്രിമം നടത്തിയത്. എന്നാൽ മൂന്നാമതൊരു ആളുമായി ഗൂഢാലോചന നടത്തിയെന്ന വാദിയായ എനിക്കും പരാതിയില്ല. അപ്പോൾ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറയുന്നത് എങ്ങനെയാണ്?

ഈ കേസിലെ പ്രതികളെ ശിക്ഷിച്ചാൽ അഭയാ കേസിലെ മറ്റ് പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരേയും ശിക്ഷിക്കേണ്ടി വരും. അതുകൊണ്ട് ഇവർക്ക് രക്ഷപ്പെടാനായി കത്തോലിക്കാ സഭയുടെ സ്വാധീനത്താൽ കോടതി വഴങ്ങിയെന്ന് ആക്ഷേപമുന്നയിച്ചാൽ അതിനെ എങ്ങനെ കുറ്റം പറയാൻ സാധിക്കും? 22 വർഷം സിബിഐ അന്വേഷിച്ച്, രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ സഹായിക്കാനായി വർക്ക് രജിസ്റ്ററിൽ കൃത്രിമം കാണിച്ചവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വളരെ ലാഘവത്തോടെ തിരുവനന്തപുരം സിജെഎം തള്ളിക്കളഞ്ഞത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്. അഭയാ കേസിന്റെ ചില ഘട്ടങ്ങളിൽ ചില കോടതികളിൽ നിന്നും നീതി നിഷേധം ഉണ്ടായിട്ടുണ്ടെങ്കിലും അപ്പീൽ കൊടുത്ത് നീതി നേടാൻ സാധിച്ചിട്ടുണ്ട്. ഈ കേസിലും നീതിക്കുവേണ്ടി ഹൈക്കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനം ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞുനിർത്തി.