കണ്ണൂർ: ജില്ലാ കോടതി ബാറിലെ അഭിഭാഷകനും, ആർ. എസ്. എസ് പ്രവർത്തകനുമായ തെക്കെ പാനൂരിലെ കെ.വത്സരാജകുറുപ്പിനെ (46) വീട്ടിൽ നിന്നും വിളിച്ചിറക്കി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിധി നാളെ ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ പ്രഖ്യാപിക്കും.

2007 മാർച്ച് നാലിന് രാത്രി പതിനൊന്നരയോടെ പ്രതികൾ വീട്ടിലെത്തി ഉറങ്ങുകയായിരുന്ന വത്സരാജകുറുപ്പിനെ വിളിച്ചുണർത്തി പുറത്തേക്ക് കൊണ്ട് പോയി തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കേസിന് തുമ്പുണ്ടാക്കാൻ കഴിയാത്തതിനാൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.

സിപിഎം.പ്രവർത്തകരായ ചമ്പാട് അരയാക്കൂലിലെ വരിക്കോളിന്റവിട ഓട്ടക്കകത്ത് കുനിയിൽ വീട്ടിൽ കെ. ഷാജി (42) ടി.പി.കേസിൽ പ്രതിയായ പന്തക്കൽ മലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് (53) ചമ്പാട് വിളായിൽ പൊയിൽ വീട്ടിൽ വി.പി.സതീശൻ (56) ചൊക്ളി നിടുമ്പ്രത്തെ പടിഞ്ഞാറെ താഴെ കുനിയിൽ കക്കാലൻ വീട്ടിൽ പ്രകാശൻ (62) ചമ്പാട് അരയാക്കൂലിലെ സൗപർണ്ണികയിൽ കെ.ശരത് (42) അരയാക്കൂൽ കൂറേറരി വീട്ടിൽ കെ.വി.രാഗേഷ് (40) ചമ്പാട്ടെ എട്ടു വീട്ടിൽ സജീവൻ (48) എന്നിവരാണ് കേസിലെ പ്രതികൾ.

നേരത്തെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ ബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.ജില്ലാ ഗവ. പ്ലീഡർ ആയിരുന്ന അഡ്വ.ബി.പി.ശശീന്ദ്രനും, പിന്നീട് അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ.സി.കെ.രാമചന്ദ്രനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

കേസ് വിചാരണ വേളയിൽ ഏക ദൃക്‌സാക്ഷിയും, അഡ്വ.വൽസരാജ് കുറുപ്പിന്റെ ഭാര്യയുമായിരുന്ന അഡ്വ.ബിന്ദു വിചാരണ കോടതി മുൻപാകെ മൊഴി മാറ്റിയിരുന്നു. നിരവധി തവണ കോടതി സമൻസ് അയച്ചിട്ടും പരാതിക്കാരി വിചാരണ കോടതി മുൻപാകെ ഹാജരായി മൊഴി നൽകാൻ വീഴ്ച വരുത്തുകയും ചെയ്തിരുന്നു.