തൃശൂർ:മാള സ്‌നേഹവീട്ടിലെ അമ്മമാർക്കും പുത്തൻചിറ കരിങ്ങാചിറയിലെ കുരുന്നുകൾക്കും ഇത്തവണ മറക്കാനാവത്ത മധുരിക്കുന്ന ഓണമാണ്. നന്മയുടെ ഈ നല്ല പൂക്കാലം അവർക്കായി സമ്മാനിച്ചതാകട്ടെ വേറോണിക്കയെന്ന എഴുപത്തിരണ്ട് പിന്നിട്ട മുത്തശ്ശിയും. പണം ഉണ്ടായാൽ മാത്രം പോര അത് നല്ലതിനായി വിനിയോഗിക്കുമ്പോഴാണ് യഥാർഥത്തിൽ അതിന് മൂല്യം വർദ്ധിക്കുകയെന്നാണ് വെറോണിക്കയുടെ പക്ഷം.

ഈ നിലപാട് തന്നെയാണ് പശ്ചിമ ജർമ്മനിയിൽ നിന്ന് കഷ്ടപ്പെട്ട് ജോലി ചെയ്ത് നേടിയ വസ്തുക്കൾ അശരണർക്കും കുട്ടികൾക്കും സമ്മാനമായി കൊടുക്കാൻ ഈ അമ്മയെ പ്രേരിപ്പിച്ചതും. സ്വയം അധ്വാനിച്ച് വെറോണിക്ക നേടിയ ഒന്നര ഏക്കർ ഭൂമിയിൽ ഇനി കരിങ്ങാച്ചിറയിൽ ആദ്യത്തെ കുട്ടികളുടെ ഗ്രാമം ഉയരും.സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കുട്ടികളുടെ ഗ്രാമത്തിനായി ഒരു ചില്ലിക്കാശ് പോലും വാങ്ങാതെയാണ് വെറോണിക്ക തന്റെ സ്ഥലം വിട്ട് കൊടുത്തത്. ടിഎൻ പ്രതാപൻ എംഎൽഎ ചെയർമാനായ സ്‌നേഹപൂർവ്വം ചാരിറ്റബിൾ ട്രസ്റ്റിനാണ് ഇവർ സ്ഥലം കൈമാറ്റം ചെയ്തത്.

ഇതിന് മുൻപ് ഇവർ വിട്ട് കൊടുത്ത സ്ഥലം ഉൾപ്പെടെ ചേർത്താണ് മാളയിലെ സ്‌നേഹ വീട് നിർമ്മിച്ചത്. പകൽ വീടിന്റെ മാതൃകയിൽ അമ്മമാർക്കായി കാരുണ്യ ട്രസ്റ്റ് ആണ് ഇത് നടത്തുന്നത്. ഈ ട്രസ്റ്റിലെ ഒരു അംഗം കൂടിയാണ് വെറോണിക്ക. ഇരിങ്ങാലകുട സ്വദേശിനിയായ ഇവർ 1965ലാണ് നാട് വിട്ട് വെസ്റ്റ് ജർമ്മനിയിൽ എത്തുന്നത്.അതിന് മുൻപ് ഇരിങ്ങാലക്കുടയിലെ തന്നെ പ്രസിദ്ധമായ ലിറ്റിൽ ഫ്‌ളവർ കോൺവെന്റിൽ സ്‌കൂൾ വിദ്യാഭ്യാസവും ടീടിസിയും പൂർത്തിയാക്കി. അപ്പോഴെല്ലാം മനസിൽ ആതുര സേവനമെന്ന ഒരേയൊരു ചിന്തയിലാണ് വെറോണിക്ക കഴിഞ്ഞത്. കുന്നംകുളത്തെ ഒരു മഠത്തിൽ ജോലിക്കായി എത്തിയതോടെയാണ് ഇതിനുള്ള വഴിയും ഏതാണ്ട് തെളിഞ്ഞത്.

വെസ്റ്റ് ജർമ്മനിയിലേക്ക് പഠനത്തിനായി കുട്ടികളെ തിരഞ്ഞെടുക്കുന്നുണ്ട് എന്നറിഞ്ഞ് അന്നത്തെ ബിഷപ്പ് ജോജ്ജ് ആലപ്പാട്ട് തിരുമേനിയാണ് വെറോണിക്കയേയും അതിന് പ്രോത്സാഹിപ്പിച്ചത്. ജർമ്മനിയിൽ പോയി അതുര സേവന രംഗത്ത് ഉന്നത പഠനമായിരുന്നു അവരുടെ ലക്ഷ്യം. പഠനത്തിൽ മിടുക്കിയായിരുന്നതിനാൽ വെറോണിക്കയും അവിടേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അവിടെയെത്തി ആദ്യം മെഡിസിൻ പഠനത്തിനായിരുന്നു ഇവർ ചേർന്നത്. പിന്നീടാണ് ആതുര സേവനം ആണ് തന്റെ വഴിയെന്ന് വേറോനിക്ക തിരിച്ചറിഞ്ഞത്.

അവിടുത്തെ പ്രാഥമിക പഠനത്തിന് ശേഷം ക്യാൻസർ റിസർച്ച് മേഖലയിലെക്കാണ് താൻ കടന്നതെന്ന് വെറോണിക്ക പറയുന്നു.(ഇത് നഴ്‌സിങ്ങ് ജോലിയിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ്)പഠന ശേഷം അവിടെ തന്നെ ജോലിയും .ജർമ്മൻ സർക്കാരിന് കീഴിലുള്ള ക്യാൻസർ റിസർച്ച് സെന്ററിൽ റിസർച്ച് പേഴ്‌സാണായി നീണ്ട വർഷക്കാലം ജോലി ചെയ്തു.ഈ സമയത്തെല്ലാം ഇടക്ക് വെറോണിക്ക നാട്ടിൽ വന്ന് പോകാറുമുണ്ട്.ക്യാൻസർ റിസർച്ച് സെന്ററിലെ ജോലിയാണ് മനുഷ്യ സ്‌നേഹമാണ് ദൈവം എന്ന കൃത്യമായ ബോധ്യപ്പെടലിലേക്ക് താൻ എത്തുന്നതെന്ന് അവർ ഓർക്കുന്നു. അവിവാഹിതയായ വെറോണിക്ക തന്റെ ആയുർവേദ ചികിത്സക്കായാണ് ജോലി താൽക്കാലികമായി നിർത്തി 1994ൽ നാട്ടിലേക്ക് വിമാനം കയറുന്നത്.അവിടുന്ന് ലഭിച്ച സമ്പാദ്യവും പെൻഷനും കൊണ്ട് പത്തര ഏക്കർ പുരയിടം കരിങ്ങാചിറയിൽ വെറോണിക്ക വാങ്ങിക്കുകയായിരുന്നു.

സ്വന്തം തറവാട്ടിൽ നിന്ന് പോലും ഒരു തുണ്ട് ഭൂമിയുടെ അവകാശം വാങ്ങാതെ തന്റെ ഓഹരി കൂടി വെറോണിക്ക ഇതിനകം സഹോദരങ്ങൾക്ക് എഴുതി നൽകിയിരുന്നു.2002ഓടെയാണ് സ്ഥിരമായ വിസയിൽ ഇന്ത്യയിൽ താമസിക്കാൻ ഇവർക്ക് അവരമൊരുങ്ങുന്നത്.ജീവിത സയാഹ്നത്തിൽ സ്വന്തം നാട്ടുകാർക്ക് കൂടി വെണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന തിരിച്ചറിവ് കൂടിയായപ്പോൾ വെറോണിക്കയുടെ നന്മ നാട്ടുകാർക്ക് കൂടി പ്രകാശമേകി. ആദ്യം 30 സെന്റ് ഭൂമിയാണ് ഇവർ സ്‌നേഹപൂർവ്വം ചാരിറ്റബിൾട്രസ്റ്റിനായി വിട്ടു നൽകിയത്. കുട്ടികൾക്കായി പാർക്ക് നിർമ്മിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത് .എന്നാൽ കുട്ടികളുടെ ഗ്രാമം എന്ന സർക്കാർ പദ്ധതിക്ക് ഒരേക്കർ സ്ഥലം വേണമെന്ന സർക്കാർ നിബന്ധനയുണ്ടെന്ന് ഭാരവാഹികൾ വീണ്ടും വെറോണിക്കയെ അറിയിക്കുകയായിരുന്നു.

വളരെ സന്തോഷത്തോടെയാണ് അവർ 70 സെന്റ് സ്ഥലം കൂടി എഴുതി നൽകിയതെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ അഷറഫ് പറഞ്ഞു. ഇതിൽ സംസ്ഥാനത്തെ തന്നെ ആദ്യത്തെ കുട്ടികളുടെ ഗ്രാമമായിരിക്കും ഒരുങ്ങുകയെന്ന് ടി എൻ പ്രതാപൻ എംഎൽഎ അറിയിച്ചു. വിവാഹം കഴിക്കാത്തതിലോ കുടുംബമോ കുട്ടികളോ ഇല്ലാത്തതിലോ യാതൊരു വേദനയും ഇല്ലെന്നാണ് വെറോണിക്ക സ്വന്തം ജീവിതം കൊണ്ട് കാണീക്കുന്നത്. ഈ പത്തര ഏക്കറിനുള്ളിലെ വീട്ടിൽ ഇവർ ഒറ്റക്കാണ് താമസം. കൂട്ടിനാകട്ടെ നാട്ടിലെ സുമനസുകളും. ബന്ധുക്കളായൊന്നും കാര്യമായ ഇടപെടൽ നടത്താത്ത വേറോണിക്കയുടെ ജീവിതത്തിൽ സ്‌നേഹവീടും ഒഴിവാക്കാനാകാത്ത ഒന്ന് തന്നെയാണ്. മിക്ക ദിവസങ്ങളിലും രാവിലെ മുതൽ സ്‌നേഹ വീടിലെ പ്രവർത്തനങ്ങളിൽ ഇവരും സജ്ജീവമാണ്.

സ്‌നേഹവീട്ടിൽ നടക്കുന്ന കുട്ടികളുടെ കാർഷിക പരിശീലന പരിപാടികൾക്കും എല്ലാ അർഥത്തിലും സഹായവും നേതൃത്വവും നൽകുന്നതും ഈ എശുപത്തി രണ്ട്കാരി തന്നെയാണ്.ഇരുപത്തിയേഴിന്റെ ചുറുചുറുക്കോടെ.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ