കൊച്ചി: ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരളാ ഹൈക്കോടതി വെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

2011 മുതൽ വെർച്ചൽ ക്യൂവിനു ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും ആയതിനാൽ വെർച്ചൽ ക്യൂ സംവിധാനം ഇപ്പോൾ നിർത്തലാക്കാൻ സാധ്യമല്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ അങ്ങനെ ഒരു വിധിയുണ്ടോ എന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു.

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് തീർത്ഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. മണ്ഡലകാലം തുടങ്ങിയാൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കൈകടത്തിയില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, കോടതി പറയുന്ന പരിഷ്‌കാരങ്ങൾ നടത്താൻ തയ്യാറെന്നും വ്യക്തമാക്കി.

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ നേരത്തെയും സർക്കാറിനെയും പൊലീസിനെയും കോടതി വിമർശിച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനല്ലെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികാരമുള്ളതെന്നാണ് കോടതിയുടെ ഉന്നയിക്കുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളിലാണ് ഡിവിഷൻ ബഞ്ചിന്റെ മുന്നിലുള്ളത്.