ഹൃദയാഘാതത്തെ തുടർന്ന് ബോളിവുഡ് നടി റീമാ ലാഗു അന്തരിച്ചു. 59 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

മുംബൈയിലെ നാടക നടിയായായിരുന്ന മന്ദാകിനി ഭധാടെയുടെ മകളായ റീമ 1958 ലാണ് ജനിച്ചത്. നയൻ ഭധാടെ എന്നായിരുന്നു ആദ്യ പേര്. പ്രശസ്ത മറാത്തി നടൻ വിവേക് ലാഗുവുമായുള്ള വിവാഹശേഷമാണ് നയൻ, റീമ എന്ന പേര് സ്വീകരിക്കുന്നത്. വിവേകുമായുള്ള റീമയുടെ വിവാഹബന്ധം കുറച്ചു വർഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളു. മറാത്തി നടിയായ മൃന്മയിയാണ് ഏകമകൾ.

1980 കളിലാണ് റീമ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ശ്യം ബനഗൽ സംവിധാനം ചെയ്ത കൽയുഗ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഹിന്ദി- മറാത്തി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു.

മേം നേ പ്യാർ കിയാ, കുഛ് കുഛ് ഹോതാഹെ, ഹം സാത്ത് സാത്ത് ഹെ, വാസ്തവ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരുടെ സിനിമകളിൽ അമ്മ വേഷങ്ങളിൽ റീമ തിളങ്ങിയിട്ടുണ്ട്.