- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന ബിജെപി നേതാവ് ചന്ദുപട്ല ജംഗ റെഡ്ഡി അന്തരിച്ചു; വിടവാങ്ങിയത്, ബിജെപിയുടെ ആദ്യ ലോക്സഭാ അംഗങ്ങളിലൊരാൾ; നരസിംഹറാവുവിനെ തോൽപ്പിച്ച ജനകീയ നേതാവ്
ഹൈദരാബാദ്: മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ആദ്യ ലോക്സഭാംഗങ്ങളിൽ ഒരാളുമായിരുന്ന ചന്ദുപട്ല ജംഗ റെഡ്ഡി (86) അന്തരിച്ചു. ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ രാവിലെ ആറ് മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1984ൽ ലോക്സഭയിലേക്ക് ആകെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ബിജെപി എംപിമാരിൽ ഒരാളായിരുന്നു വാറങ്കൽ സ്വദേശിയായ റെഡ്ഡി. ആന്ധ്രാപ്രദേശിലെ മുൻ എംഎൽഎയുമായിരുന്നു. റെഡ്ഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും മറ്റ് രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
1984ൽ ഹനംകൊണ്ടയിൽ നിന്നുള്ള ലോക്സഭ വിജയമാണ് അദ്ദേഹത്തിന് രാഷ്ട്രീയ പ്രശസ്തി നേടിക്കൊടുത്തത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകം മൂലമുണ്ടായ കോൺഗ്രസ് അനുകൂല തരംഗത്തിൽ അടൽ ബിഹാരി വാജ്പേയി ഉൾപ്പെടെയുള്ള ബിജെപി പ്രമുഖർ പരാജയപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച രണ്ട് എംപിമാരിൽ ഒരാളായിരുന്നു എന്നതായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവുമായിരുന്ന പിവി നരസിംഹറാവുവിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. 1935 ൽ ഇന്നത്തെ തെലുങ്കാനയിലെ പാറക്കലിൽ ജനിച്ച അദ്ദേഹം ജനസംഘത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
ആധ്യാപകനായി ഔദ്യോഗീക ജീവിതം ആരംഭിച്ച ശേഷം പിന്നീട് പൊതുപ്രവർത്തനത്തിലേയ്ക്ക് തിരിയുകയായിരുന്നു. ദീൻദയാൽ ഉപാധ്യായയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ജനസംഘത്തിലെത്തി. പാറക്കൽ, സായംപേട്ട് മണ്ഡലങ്ങളെ ആന്ധ്രപ്രദേശ് നിയമസഭയിലും പ്രതിനിധീകരിച്ചു.
ബിജെപി തെലുങ്കാന സംസ്ഥാന കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനുശേഷമാണ് മൃതദേഹം സംസ്കരിച്ചത്. വൈകീട്ട് വാറങ്കലിൽ ഔദ്യോഗീക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ന്യൂസ് ഡെസ്ക്