ചെന്നൈ: മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യൻ അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളജിലാണ് അന്ത്യം. 88 വയസായിരുന്നു.ഗുരുതരാവസ്ഥയിൽ കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിഐ ദേശീയ സമിതി അംഗമായ പാണ്ഡ്യൻ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

1989, 1991 തെരഞ്ഞെടുപ്പുകളിലാണ് ഇദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1932ൽ മധുര ജില്ലയിലാണ് ജനനം. കാരൈക്കുടി അളഗപ്പ കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദമെടുത്ത ഇദ്ദേഹം 1962 വരെ അദ്ധ്യാപകനായിരുന്നു. തുടർന്ന് പാർട്ടിയിൽ പൂർണമായി സജീവമാകുകയായിരുന്നു. റെയിൽവേ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ദീർഘകാലത്തെ ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയ നേതാവാണ് ഡി പാണ്ഡ്യൻ. 1970ൽ സിപിഐ വിട്ട പാണ്ഡ്യൻ യൂണൈറ്റഡ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകി. 1990ൽ ഇത് സിപിഐയിൽ ലയിച്ചു. 1948ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്താണ് ഇദ്ദേഹം ആദ്യമായി ജയിൽവാസം അനുഷ്ഠിക്കുന്നത്. അന്ന് 16 വയസായിരുന്നു പ്രായം.

കാരൈക്കുടി അളഗപ്പ കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരിക്കെയാണ് അദ്ദേഹം മുഴുവൻ സമയ പാർട്ടി പ്രവർത്തന രംഗത്തെത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിിരുദവും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. തമിഴ്‌നാട് ആർട്ട് ആൻഡ് ലിറ്ററി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഇന്ത്യൻ റയിൽവേ ലേബർ യൂണിയൻ പ്രസിഡന്റ് , സിപിഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപർ, മദ്രാസ് ഡോക്ക് ലേബർ ബോർഡ്, മദ്രാസ് പോർട്ട് ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരുഡസനിലധികം പുസ്തകങ്ങളുടെ കർത്താവാണ്.

1991ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീപെരുംപുത്തൂരിൽ പാണ്ഡ്യനും ഗുരുതരമായിപരിക്കേറ്റിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ടിയിരുന്നത് പാണ്ഡ്യനായിരുന്നു. പരേതയായ ജോയ്സാണ് ഭാര്യ. രണ്ട്പെൺമക്കളും ഒരു മകനുമുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ ചെന്നൈയിലെ വസതിയിലും രണ്ടു മുതൽ എട്ടുമണിവരെ ചെന്നൈ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്വദേശമായ ശീലംപട്ടിക്കടുത്ത ശീലവെള്ളമാട്ടിയിൽ കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വച്ച ശേഷം നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും.