70കളിലെ, ചിന്തിക്കുന്ന മലയാളി യുവതക്ക് വേണു നാഗവള്ളിയുടെ മുഖമായിരുന്നെന്നായിരുന്നു പറഞ്ഞിരുന്നത്. 2020കളിൽ അത് ഷെയിൻ നിഗത്തിന്റെതാണെന്ന് പറയേണ്ട രീതിലാണ് കാര്യങ്ങൾ. നക്സലിസത്തിന്റെ തകർച്ചയും, തൊഴിലില്ലായ്മയുടെ പ്രശ്നങ്ങളും, അസ്തിത്വപരമായ അന്താളിപ്പെന്ന് ബുദ്ധിജീവികൾ പറയുന്ന എന്തോ ഒരു സാധനവും, എല്ലാം കൂടി ആവാഹിച്ചുള്ള വേണു നാഗവള്ളിയുടെ ആ നടത്തം ഒന്ന് കാണണമായിരുന്നു. പാട്ടു സീനുകളിലൊക്കെ കക്ഷി കിലോമീറ്റർ നടന്നു നടന്നങ്ങ് പോകും! അതുപോലെ പുതിയ കാലത്തെ ക്ഷുഭിത യൗവനത്തിന്റെ കട്ടക്കലിപ്പും, ഉഴപ്പും, പ്രണയവുമെല്ലാം മുഖത്ത് ആവാഹിച്ച നടനാണ് ഷെയിൻ നിഗം. അല്ലെങ്കിൽ ഷെയിൻ നിഗത്തെപ്പോലുള്ള കൗമാരക്കാരെയും, 'ജുവാക്കളെയു'മാണ് നാം ഇന്ന് നാലുപാടും കാണുന്നത്. അതുകൊണ്ടുതന്നെയാണ് ന്യൂജൻ സൂപ്പർസ്റ്റാർ എന്ന വിശേഷവും ഈ നടന് കിട്ടിയത്. ( യുദ്ധം നടക്കുന്ന യുക്രൈയിനിലെ ഒരു മെട്രോസ്റ്റേഷനിൽ താമസിക്കുമ്പോൾ, ഉറക്കെ സംസാരിച്ചത് ചോദ്യം ചെയ്ത ആ നാട്ടുകാരന്റെ തന്തക്ക് വിളിച്ച മല്ലുവിനെ കാണുമ്പോൾ ഈ ലേഖകന് ഷെയിൻ നിഗത്തിന്റെ കഥാപാത്രങ്ങളെയാണ് ഓർമ്മ വന്നത്!) .

ദീർഘകാലത്തെ കാത്തിരപ്പിനുശേഷം ഇറങ്ങിയ, ഷെയിൻ നിഗത്തിന്റെ വെയിൽ എന്ന ചിത്രത്തിന് ടിക്കറ്റ് എടുക്കുമ്പോൾ മിനിമം ഗ്യാരണ്ടി മനസ്സിൽ ഉറപ്പിച്ചിരുന്നു. അതു കിട്ടി. പക്ഷേ അതിലപ്പുറം പോയില്ല. ചില ആളുകളെ കണ്ടിട്ടില്ലേ. അവർക്ക് ഉള്ളിൽ എന്തൊക്കെയോ പറയാനുണ്ടാവും. പക്ഷേ കാര്യമായി കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയില്ല. പരീക്ഷയ്ക്ക് നന്നായി പഠിക്കും. പക്ഷേ മാർക്കുണ്ടാവില്ല. നമുക്ക് അറിയാം അവർ എന്തൊക്കെയോ ആണെന്ന്. പക്ഷേ അത് പറഞ്ഞ് ഫലിപ്പിക്കാൻ കഴിയുന്നില്ല. അതുപോലെ ഒരു പരീക്ഷണ ചിത്രമാണ് നവാഗതനായ ശരത് ഒരുക്കിയ വെയിൽ. കത്തുന്ന ജീവിതാനുഭവങ്ങളുമായി വെയിലങ്ങോട്ട് തിളച്ചുമറിയുന്നുണ്ട് പലപ്പോഴും. പക്ഷേ ഉദ്ദേശിക്കുന്നത് കൃത്യമായി പ്രേക്ഷകനിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല.

എന്നുവെച്ച് ഇത് കലാപരമായി ഒരു മോശം ചിത്രവും ആകുന്നില്ല. അതിഗംഭീരമായ ഫ്രെയിമുകളും, വികാര തീവ്രമായ രംഗങ്ങളും, പ്രണയവും ബ്രേക്കപ്പും, കലിപ്പും, വയലൻസുമൊക്കെയായി, പലയിടത്തും ചിത്രം എൻഗേജിങ്ങാണ്. ഫിലിം ഫെസ്റ്റിവൽ സിനിമകളുടെ നിലവാരത്തിലുള്ള ചില ഷോട്ടുകൾ കാണുമ്പോൾ, ഇതൊരു നവാഗത സംവിധായകന്റെ പടമാണോ എന്ന് പോലും ചോദിച്ചുപോവും. പക്ഷേ ടോട്ടാലിറ്റിയിലാണ് പോയത്. ചിത്രം കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിലും ഒന്നുമില്ലാതായിപ്പോവുന്നു. സിനിമയുടെ വികാരം പ്രേക്ഷകനിലേക്ക് ആവേശിപ്പിക്കാൻ സംവിധായകന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ പാളിപ്പോയ ഒരു പരീക്ഷണം എന്നാണ് വെയിലിനെ വിശേഷിപ്പിക്കാൻ കഴിയുക.

ദുരിത ജീവിത നട്ടുച്ചയിൽ ഒരു കടുംബം

നേരത്തെ സുമേഷ് ആൻഡ് രമേഷ് എന്ന പേരിൽ ഇറങ്ങിയ മലയാള ചിത്രവുമായി ബാഹ്യസാമ്യമുള്ള ചിത്രമാണ് വെയിലും. പക്ഷേ വെയിലിന്റെ കുടുംബകഥയും സഹോദരബന്ധവും സുമേഷ് ആൻഡ് രമേഷിനേക്കാൾ തീഷ്ണമാണ്. വത്യസ്തമായ സ്വഭാവ ധ്രുവങ്ങളിൽനിൽക്കുന്ന രണ്ടുകുട്ടികളെ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന അമ്മയുടെ ജീവിതപോരാട്ടങ്ങളുടെ കഥയാണിത്.

അകാലത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയാണ് രാധ (ശ്രീരേഖ). ചെറുപ്പത്തിലെ അസുഖക്കാരനായ മൂത്തമകൻ കാർത്തിയേയും (സയിദ് ഇമ്രാൻ) ഇളയമകൻ സിദ്ധാർത്ഥിനെയും (ഷെയ്ൻ നിഗം) തനിയെ വളർത്തിയെടുക്കാൻ പൊരിവെയിലത്ത് ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് ഈ അമ്മ. ഈ സമയത്ത് മക്കളോട് സ്നേഹം പ്രകടിപ്പിക്കൻ രാധ മറന്നുപോവുന്നു. ഈ ഒരു സങ്കീർണ്ണമാവുന്ന ഒരു കുടുംബാന്തരീക്ഷത്തിൽ നിന്നുമാണ് വെയിലിന്റെ കഥ തുടങ്ങുന്നത്.

പഠനത്തിൽ മുടുക്കനും, ശാന്തനുമായ ചേട്ടൻ കാർത്തി, അസുഖക്കാരനാണ്. അതിനാൽ അമ്മക്ക് കൂടുതൽ കെയർ അവന് കൊടുക്കേണ്ടിവരുന്നു. എന്നാൽ കട്ടക്കലിപ്പനും, ഉഴപ്പനും, ആരോഗ്യവാനുമാണ് അനിയൻ സിദ്ധാർഥൻ. അമ്മ തന്നെ വല്ലാതെ അവഗണിക്കുന്നണ്ടോയെന്നത് ചെറുപ്പം മുതലുള്ള സിദ്ദുവിന്റെ തോന്നലാണ്. തന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾപോലും സാധിച്ചുതരാഞ്ഞതോടെ 'അമ്മ തന്നെയാണോ എന്നെ പ്രസവിച്ചത്' എന്നുപോലും അയാൾ ഒരു ഘട്ടത്തിൽ ചോദിക്കുന്നുണ്ട്. ചിത്രത്തിലെ വികാര തീവ്രവും കണ്ണു നനയിപ്പിക്കുന്നതുമായ രംഗമാണ് ഈ സിനിമയിലെ ജ്യേഷ്ഠാനുജ ബന്ധം. ഷെയ്നും സയിദും ഒന്നിച്ചുള്ള രണ്ടാം പകുതിയിലെ കോമ്പിനേഷൻ സീൻ വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.

ഒരു പ്രണയ 'സതി'യുടെ കഥ

സംവിധായകൻ ശരത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. മേക്കിങ്, അഭിനേതാക്കളുടെ പ്രകടനം, എന്നിവയിൽ മികവു പുലർത്തുമ്പോഴും 'വെയിൽ' പാളിപ്പോകുന്നത് അതിന്റെ കഥയിലെയും തിരക്കഥയിലെ കയ്യടക്കമില്ലായ്മ കൊണ്ടാണ്. ഒരു ചെറിയ ഉദാഹരണം നോക്കുക. നായകൻ സിദ്ധാർഥൻ തന്റെ പ്രണയം വേണ്ടെന്ന് വെക്കുന്നത്, തന്റെ ജ്യേഷ്ഠൻ ആ കുട്ടിയെ മനസ്സുകൊണ്ട് മോഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. കാമുകി പുറകെ നടന്നിട്ടും, അയാൾ പുറംകാൽകൊണ്ട് ആ പ്രണയത്തെ തൊഴിച്ചുമാറ്റുകയാണ്. ഇത് 80കളിലെ സോമൻ- സുകുമാരൻ മോഡൽ സിനിമകൾ പോലെ ആയിപ്പോയി. ഒരാളുടെ വിഷമം തീർക്കാൻ മറ്റ് മൂന്ന്പേരെക്കൂടി സങ്കടക്കടലിലേക്ക് വലിച്ചെറിയുന്ന വിചിത്രമായ സാക്രിഫൈസ്. ആധുനിക കാലത്തിന് നിരക്കാത്ത, 'സതി' അനുഷ്ഠിക്കുന്നതുപോലുള്ള ലോജിക്കായിപ്പോയി ഇത്.

അതുപോലെ പതുക്കെ പതുക്കെ ക്രിമിനലിസത്തിലേക്ക് നീങ്ങുന്ന സിദ്ധുവിന്റെ കഥ ചിത്രം നന്നായി പറയുന്നുണ്ടെങ്കിലും, ക്ലൈമാക്സ് അടക്കമുള്ള രംഗങ്ങൾക്ക് വ്യക്തതയും ലോജിക്കുമില്ല. പല കഥാപാത്രങ്ങളുടെയും തമ്മിലുള്ള ബന്ധത്തിന്റെയും വെറുപ്പിന്റെയും അടിസ്ഥാനം പ്രേക്ഷകർ സിനിമ കഴിഞ്ഞ് ചിന്തിച്ച് കണ്ടുപിടിക്കണം! അതുപോലെ ചിത്രത്തിന്റെ തുടക്കവും ഒടുക്കവും തമ്മിലുള്ള ബന്ധവും. ഞങ്ങൾ ഒരു സൂചന പറയാം, ബാക്കി നിങ്ങൾ കണ്ടുപിടിക്കൂ എന്ന മട്ടിലുള്ള മേക്കിങ്് പുതുതലമുറക്ക് തീരെ ദഹിക്കാത്തതാണ്. അവർക്ക് അതിനൊന്നും സമയവുമില്ല. എന്നാൽ ഇതിന് സമയമുള്ള, ഇന്റ്വലക്ച്ചൽ ഓഡിയൻസിനെയാണ് ചിത്രം അഭിസംബോധന ചെയ്യുന്നതെങ്കിൽ, അതിന് ഒത്ത ബലം ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും ഇല്ല. ( 'പോത്തേട്ടൻ ബ്രില്ല്യൻസ്' എന്ന് പറയുന്ന സാധനമില്ലേ. ദിലീഷ്പോത്തനൊക്കെ ചിത്രത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചിലകാര്യങ്ങൾ. അത് കഥയെ ബാധിക്കുന്നില്ല. സിനിമയുടെ ആസ്വാദനത്തിൽ പ്രശ്നമാകുന്നില്ല. പ്രേക്ഷകർക്കുള്ള ഒരു ബൗദ്ധിക ബോണസ് മാത്രം)

ചുരുക്കിപ്പറഞ്ഞാൽ ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയതുമില്ല എന്ന് പറഞ്ഞപോലെ, ഒരു പാതിവെന്ത പോലെയാണ് ഈ ചിത്രം ശരാശരി പ്രേക്ഷകന് അനുഭവപ്പെടുക. മേക്കിങ്ങിൽ കാണിച്ച മികവ്, സ്‌ക്രിപ്റ്റ് വർക്കിൽ കാണിച്ചിരുന്നെങ്കിൽ ചിത്രം വേറിട്ട ഒരു അനുഭവം ആവുമായിരുന്നു.

ഷെയിൻ ടൈപ്പ് ആവുന്നോ?

ഈ ചിത്രം അഭിനേതാക്കളുടെ അസാധ്യ പ്രകടനംകൊണ്ടാണ് അടയാളപ്പെടുത്തപ്പെടുന്നത്. ഷെയിൻ നിഗം ശരിക്കുമങ്ങോട്ട് തകർത്താടുന്നുണ്ട്. കാമുകനായും, കലിപ്പനാനും, സുഹൃത്തായും, മകനായുമൊക്കെ. പക്ഷേ വല്ലാത്ത ഒരു ടൈപ്പ് സ്വഭാവം ഷെയിന്റെ കഥാപാത്രങ്ങളിൽ കടന്നുവരുന്നുണ്ട്. തൊട്ടുമുമ്പ് ഇറങ്ങിയ 'ഭൂതകാലം' എന്ന ചിത്രം നോക്കുക. സമാനവേഷമാണ് ഇവിടെയും. 'ഇഷ്‌ക്ക്' തൊട്ടുള്ള ഷെയിൻ ചിത്രങ്ങളുടെ പാറ്റേൺ ഇങ്ങനെയാണ്. ഈ ടെപ്പ് സ്വഭാവം ഒരു യുവ നടന് ഒരിക്കലും ഭൂഷണമല്ല. ( 'കുട്ടി പെട്ടി മമ്മൂട്ടി' എന്ന രീതിയിൽ ടൈപ്പാവാൻ തുടങ്ങിയതോടെ മെഗാ സ്റ്റാറിനുപോലും പണികൊടുത്തവരാണ് മലയാളികൾ! ) ഒരേ അച്ചിൽ വാർത്ത ചിത്രങ്ങളിൽനിന്ന് മാറി നടക്കാനായിരിക്കണം ഷെയിൻ ഇനി ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.

കാർത്തിയായെത്തുന്ന സയിദ് ഇമ്രാന്റെ പ്രകടനവും പൊളിയാണ്. ഇതുപോലെ ഒരു ബോഡി ലാംഗ്വേജുള്ളയാളെ കാസ്റ്റ് ചെയ്ത സംവിധായകനും അഭിനന്ദനം. ഷെയിനിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കുന്നുണ്ട് സയിദ് ഇമ്രാൻ. അതും ഒരിടത്തും ഒച്ചയെടുക്കാതെ ഇമോഷണൽ ആയിട്ടാണ് അയാൾ നടിച്ച് തകർക്കുന്നത്.

പക്ഷേ ഇവർ രണ്ടുപേരെക്കാളും കിടിലിനായത് അമ്മയായി വേഷമിട്ട ശ്രീരേഖയെന്ന നടിയാണ്. കെപിഎസി ലളിതയെപ്പോലെയൊക്കെ അപാരമായ റേഞ്ചുള്ള നടിയാണിവർ. തന്റെ ജീവിത ദുരിതം മകനോട് പറയുന്ന ചില ക്ലോസപ്പ് ഷോട്ടുകളിൽ അൽപ്പം നാടകീയത തോനുന്നുണ്ടെങ്കിലും. അതുപോലെ തന്നെ ഞെട്ടിച്ച ഒരു വേഷമാണ് ജയിംസ് എലിയയുടെ അധോലോക സ്വഭാവമുള്ള രാഷ്ട്രീയക്കാരന്റെ വേഷം. ഒറ്റ നോട്ടത്തിലൂടെ വിറപ്പിക്കയാണ് ഈ നടൻ. തിലകൻ ചേട്ടനെപ്പോലുള്ള അനുഗൃഹീത നടന്മാർക്ക് മാത്രം കിട്ടിയ സിദ്ധി! 'ഒരു സിഗരറ്റ എടുക്കെടാ' എന്നൊക്കെപ്പറഞ്ഞുള്ള ഷോട്ടുകളിലെ രൂപഭാവങ്ങളും ശരീരഭാഷയുമൊക്കെ ഒന്നു വേറെയാണ്. മലയാള സിനിമയിൽ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ട നടനാണ് ജയിംസ് എലിയ.

ഷൈൻ ടോം ചാക്കോ ഈ ചിത്രത്തിൽ പതിവ് ഫോമിലേക്ക് എത്തിയിട്ടില്ല എന്ന് പറയുന്നത് ശരിയല്ല. അണ്ടർ പ്ലേ ആവശ്യപ്പെടുന്ന കഥാപാത്രമായിരുന്നു അത്. നായികയായി എത്തിയ സോന ഒളിക്കൽ ഉള്ളത് മോശമാക്കിയിട്ടില്ല. ഗാനരംഗങ്ങിലൊക്കെ വല്ലാത്തൊരു വശ്യത ഫീൽ ചെയ്യുന്നുണ്ട്. സുധി കോപ്പ, അനന്തു, മെറിൻ ജോസ് തുടങ്ങിയവരും തങ്ങളുടെ റോളുകൾ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഷാസ് മുഹമ്മദിന്റെ ക്യാമറ ചന്തമുള്ളതാണ്. പ്രദീപ് കുമാറാണ് സംഗീതം. നാടൻ പാട്ടിന്റെ സ്വഭാവമുള്ള 'കണ്ണമ്മ' എന്ന ഗാനം ഹിറ്റായിട്ടുണ്ട്.

ഇതുപോലെ ഒരു റിസ്‌ക്ക് ഏറെയുള്ള പരീക്ഷണ സ്വഭാവമുള്ള ചിത്രത്തിന് പണം മുടക്കിയ നിർമ്മാതാവ് ജോബി ജോർജിനെയും അഭിനന്ദിക്കണം. ചിത്രത്തിൽ ജോബി ചെയ്ത ചെറിയ വേഷവും നന്നായിട്ടുണ്ട്.

പാളിച്ചകൾ ഉണ്ടെങ്കിലും ഒരു പരാജയ ചിത്രമായും വെയിലിനെ കണക്കാക്കാൻ വയ്യ. കച്ചവടമൂല്യമുള്ളതല്ല, കലാമൂല്യമുള്ള സിനിമയാണ്, തന്റെ ലക്ഷ്യമെന്ന് ആദ്യ ചിത്രത്തിലേ ശരത് തെളിയിച്ചു കഴിഞ്ഞു. നല്ലൊരു തിരക്കഥയുണ്ടെങ്കിൽ അത്ഭുദങ്ങൾ കാട്ടാൻ കഴിയുന്ന ഒരു സംവിധായകനാണ്, താനെന്നതിന് വെയിലിലെ ഏതാനും ഫ്രയിമുകളുടെ പിൻബലം മതി.

വാൽക്കഷ്ണം: ഈ സിനിമയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും ഉണ്ടായിരുന്നു. 'പ്രകൃതി അനുവദിക്കുന്നില്ല' എന്നൊക്കെപ്പറഞ്ഞ് ഷെയിൻ ഷൂട്ടിങ്ങിൽനിന്ന് വിട്ടു നിന്നതും, നിർമ്മാതാക്കളുടെ വിലക്ക് വന്നതുമൊക്ക, വലിയ വാർത്തയായിരുന്നു. ഷെയിനിന്റെ ഒരു പ്രശ്നവും അനാവശ്യ വിവാദങ്ങളിൽ പെടുക എന്നതാണ്. തന്റെ കരിയറിൽ മാത്രം ശ്രദ്ധിച്ചാൽ, അടുത്ത സൂപ്പർതാരമാണ് ഈ പയ്യൻ. അതിനുള്ള ഫയർ അയാളുടെ ഉള്ളിലുണ്ടെന്ന് 'വെയിലും' അടിവരയിടുന്നു.