ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാൾ അന്തരിച്ചു. 89 വയസായിരുന്നു. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് സിംഗാളിനെ ഗുഡ്ഗാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ തുടരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഉച്ചക്ക് ശേഷം 2.20തോടെയാണ് സംഭവിച്ചത്.

ഞായറാഴ്ച മുതൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു സിംഗാൾ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഹൃദയത്തിനും വൃക്കയ്ക്കുമാണ് സിംഗാളിന് തകരാറുണ്ടായിരുന്നത്. ശ്വാസതടസ്സവുമുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. കണ്ണ് തുറന്ന് നോക്കിയിരുന്നെങ്കിലും എന്തെങ്കിലും സംസാരിക്കാനോ പ്രതികരിക്കാനോ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.

കഴിഞ്ഞ മൂന്ന് ദിവസമായിട്ടും മരുന്നുകളോട് പ്രതികരിക്കുന്നതിന്റെ സൂചനകളുമില്ലായിരുന്നു. കഴിഞ്ഞ മാസം 20നാണ് അദ്ദേഹത്തെ അലഹാബാദിൽനിന്ന് ഡൽഹിക്കു കൊണ്ടുവന്നത്. സിംഗാളിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് വിഎച്ച്പി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ബിജെപി ജനറൽ സെക്രട്ടറി രാംലാൽ എന്നിവർ ശനിയാഴ്ച ആശുപത്രിയിലെത്തിയിരുന്നു.

ഹരിയാന ഗവർണർ കപ്തൻ സിങ് സോളങ്കി, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ഉമാഭാരതി എന്നിവർ ഞായറാഴ്ച ആശുപത്രിയിലെത്തിയെങ്കിലും സിംഗാളിനെ കാണാൻ കഴിഞ്ഞില്ല. 20 വർഷക്കാലം വി.എച്ച്.പിയുടെ വർക്കിങ് പ്രസിഡന്റായിരുന്ന സിംഗാൾ ശാരീരിക പ്രശ്‌നങ്ങളെത്തുടർന്ന് 2011 ഡിസംബറിലാണ് സ്ഥാനമൊഴിഞ്ഞത്.

1926 സപ്തംബർ 15 ന് ആഗ്രയിലാണ് സിംഗാൾ ജനിച്ചത്. ബനാറാസ് ഹിന്ദു സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ആർഎസ്.എസിൽ ചേർന്നു. 1980 ലാണ് വി.എച്ച്.പിയിലെത്തുന്നത്. 1984 ൽ ജോയിന്റ് ജനറൽ സെക്രട്ടറിയായി. തുടർന്ന് ജനറൽ സെക്രട്ടറിയും വർക്കിങ് പ്രസിഡന്റുമായി. 2011 വരെ സ്ഥാനത്ത് തുടർന്നു. ഏറ്റവും ഒടുവിൽ കേരളത്തിൽ ബിജെപി-എസ്ൻഡിഡി സഖ്യം ഉണ്ടായപ്പോൾ അതിന് കാരണഹേതുവായി പ്രവർത്തിച്ച നേതാവ് കൂടിയായിരുന്നു സിംഗാൾ.