ന്യൂഡൽഹി: സൈനികർക്കെതിരായ ഭീകരരുടെ ആക്രമണം ഇല്ലാതാക്കാൻ കശ്മീർ താഴ്‌വരയിൽ കാർപെറ്റ് ബോംബിങ് നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ.

ഉറിയിലെയും കുപ്വാരയിലെയും സൈനികക്യാംപുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ ആവർത്തിക്കപ്പെടരുത്. സൈന്യത്തിന് നേരെ കല്ലെറിയുന്നത് യുദ്ധമായി കണക്കാക്കണം. കശ്മീരികളും സൈന്യവും തമ്മിലുള്ള വിരോധം മൂർധന്യാവസ്ഥയിലെത്തിയെന്നും തൊഗാഡിയ പറഞ്ഞു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരെ യാതൊരു ദയയും കൂടാതെ കാർപെറ്റ് ബോംബ് ചെയ്യേണ്ട സമയമായി. അല്ലെങ്കിൽ ശത്രുക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പടരുകയും രാജ്യത്തെ തകർക്കുകയും ചെയ്യും.

ഐഎസിനു നേരെ അമേരിക്ക നടത്തിയ ബോംബാക്രണം ഇന്ത്യ മാതൃകയാക്കണമെന്ന് തൊഗാഡിയ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആക്രമണം വ്യക്തമായ ഒരു സന്ദേശമാണ് ഭീകരവാദികൾക്ക് നൽകിയത്. കശ്മീരിലും രാജ്യത്തിന്റെ മറ്റെല്ലായിടത്തുമുള്ള ജിഹാദികളെയും അഫ്ഗാനിസ്ഥാനിൽ ചെയ്തതുപോലെ ബോംബിട്ട് കൊല്ലണമെന്നും തൊഗാഡിയ പറഞ്ഞു.