- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്രീദിന് കേരള സർക്കാർ ഇളവുകൾ നൽകിയില്ലേ?; എന്തുകൊണ്ട് സുപ്രീംകോടതി ഇതിൽ സ്വമേധയാ കേസെടുത്തില്ല?; വിവേചനപരമായി പെരുമാറരുതെന്ന് വിഎച്ച്പി; കൻവാർ യാത്ര റദ്ദാക്കാനുള്ള തീരുമാനം യുപി, ഉത്തരാഖണ്ഡ് സർക്കാരുകൾ പുനപരിശോധിക്കണമെന്നും സുരേന്ദ്ര ജയിൻ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഹരിദ്വാറിലേക്കുള്ള കൻവാർ യാത്ര റദ്ദാക്കാൻ തീരുമാനിച്ച ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. വിഷയത്തിൽ സുപ്രീംകോടതി വിവേചനപരമായി പെരുമാറരുത് എന്ന് വിഎച്ച്പി അന്താരാഷ്ട്ര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു.
കേരളത്തിൽ ബക്രീദ് ആഘോഷങ്ങൾക്ക് ഇളവ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്ര ജയിന്റെ പരാമർശം. രാജ്യത്തെ ഐക്യത്തോടെ ബന്ധിപ്പിക്കുന്ന ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനമാണ് കൻവർ യാത്രയെന്ന് സുരേന്ദ്ര ജെയിൻ പറഞ്ഞു. കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള യാത്ര അനുവദിക്കണം എന്നും സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.
'കൻവാർ യാത്ര റദ്ദാക്കാനുള്ള യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ തീരുമാനം പുനഃപരിശോധിക്കണം.വിഷയത്തിൽ സുപ്രീംകോടതി വിവേചനപരമായി പെരുമാറരുത്. ബക്രീദിന് കേരള ഗവൺമെന്റ് ഇളവുകൾ നൽകിയില്ലേ? എന്തുകൊണ്ട് സുപ്രീംകോടതി ഇതിൽ സ്വമേധയാ കേസെടുത്തില്ല?- സുരേന്ദ്ര ജയിൻ ചോദിച്ചു.
സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ കൻവാർ യാത്ര റദ്ദാക്കാൻ യുപി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ തിങ്കളാഴ്ച വിശദീകരണം നൽകണമെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും പിന്തുണ ലഭിക്കാതൈ വന്നതോടെ, തീരുമാനം മാറ്റാൻ യുപി സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഹരിദ്വാറിൽനിന്ന് ഗംഗാജലം കൊണ്ടുവരാനുള്ള യാത്രകൾക്ക് അനുമതി നൽകരുതെന്നും ഗംഗാജലം ടാങ്കറുകളിലൂടെ ലഭ്യമാക്കുന്ന സംവിധാനം സംസ്ഥാന സർക്കാരുകൾ സജ്ജമാക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടെടുത്തിരുന്നു.
മതം ഉൾപ്പെടെയുള്ള ഏതു വികാരവും ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിനു താഴെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം പരമമാണെന്ന്, ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, ബിആർ ഗവായ് എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു. മതം ഉൾപ്പെടെയുള്ള ഏതു വികാരവും അതിനു താഴെയേ വരൂവെന്ന് കോടതി പറഞ്ഞു.
ബക്രീദ് ആഘോഷത്തിന് കേരളത്തിൽ ഇളവ് പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൻവർ തീർത്ഥാടന യാത്ര തെറ്റാണെങ്കിൽ ബക്രീദ് ആഘോഷവും ഈ സമയത്ത് തെറ്റാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വ് ട്വീറ്റ് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്