വിക്ടോറിയ: വിക്ടോറിയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലുള്ളവരേക്കാൾ കൂടുതലായി പണം ചെലവഴിക്കുന്നുവെന്ന് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുള്ളവരേക്കാൾ കൂടുതലായി കുട്ടികളുടെ പബ്ലിക് സ്‌കൂൾ വിദ്യാഭ്യാസത്തിന് വിക്ടോറിയയിലുള്ളവർക്ക് പണം കൂടുതൽ ചെലവാകുന്നുണ്ട്.

അതേസമയം സംസ്ഥാന സർക്കാരിൽ നിന്നുള്ള സഹായവും ഇക്കൂട്ടർക്ക് കമ്മിയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടെ ശരാശരിയെക്കാൾ 14.4 ശതമാനം കുറവാണ് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിന്  സർക്കാരിൽ നിന്നുള്ള ധനസഹായം. സെക്കൻഡറി വിദ്യാഭ്യാസത്തിനാകട്ടെ ശരാശരിയെക്കാൾ 11.4 ശതമാനം കുറവും.

2009 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ പേരന്റ് പേയ്‌മെന്റ് 70 മില്യൺ ഡോളറായിട്ടാണ് ഉയർന്നതെന്നാണ് കണക്ക്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേയോ ടെറിട്ടറിയിലെയോ മാതാപിതാക്കളെക്കാൾ വിക്ടോറിയക്കാരാണ് സ്‌കൂൾ വിദ്യാഭ്യാസത്തിനായി കൂടുതൽ പണം ചെലവാക്കുന്നത്. വിക്ടോറിയൻ മാതാപിതാക്കൾക്ക് വിദ്യാഭ്യാസ ചെലവിൻ അമിത ഭാരം ഈടാക്കിയത് മുൻ സർക്കാരാണെന്നാണ് വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെർലിനോ പറയുന്നത്.

മാതാപിതാക്കൾക്ക് വിദ്യാഭ്യാസ ചെലവിലേക്കുള്ള ധനസഹായം മുൻ സർക്കാരാണ് എടുത്തുകളഞ്ഞതെന്നാണ് ജെയിംസ് മെർലിനോ ചൂണ്ടിക്കാട്ടുന്നത്. 2011-12 അധ്യായന വർഷം പ്രൈമറി തലത്തിലുള്ള ഓരോ കുട്ടികൾക്കായി വിക്ടോറിയ സ്‌കൂളുകൾ ചെലവഴിച്ചത് 11,763 ഡോളർ മാത്രമാണ്. ദേശീയ ശരാശരിയിൽ 14 ശതമാനത്തിലധികം താഴെയാണിത്. അതേസമയം സെക്കൻഡറി തലത്തിലുള്ള ഓരോ കുട്ടികൾക്കും ഇതേ കാലയളവിൽ 15,032 ഡോളർ മാത്രമാണ് ചെലവാക്കിയത്. ഓസ്‌ട്രേലിയയിൽ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.