ലണ്ടൻ: കേരളത്തിൽ റോബിനച്ചന്മാരെയും പൂതൃക്കമാരെയും രക്ഷിക്കാൻ പള്ളിയും പട്ടക്കാരും അരയും തലയും മുറുക്കി ഇറങ്ങുന്നത് പതിവാണ്. എന്നാൽ കുറ്റക്കാരൻ ആരു തന്നെയായാലും ശിക്ഷിക്കപ്പെടണം എന്നതാണ് മറ്റ് രാജ്യങ്ങളിലെ നിയമം. അത്തരത്തിൽ ഒരു പള്ളിവികാരി ശിക്ഷിക്കപ്പെട്ട വാർത്തയാണ് ലണ്ടനിൽ നിന്നും പുറത്തുവരുന്നത്.

ലണ്ടനിലെ സ്റ്റോക്ക് ന്യൂവിങ്ടണിലെ സെന്റ് മത്യാസ് ചർച്ചിൽ വച്ച് 35 വർഷങ്ങൾക്ക് മുമ്പ് കൊയർ ബോയിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് പള്ളി വികാരിക്ക് ശിക്ഷ. സിറിൽ ആഷ്ടൺ റോവ് എന്ന 78 കാരനായ മുൻ വികാരിക്കാണ് ശിക്ഷ ലഭിച്ചത്. നാല് വർഷത്തെ ജയിൽ ശിക്ഷയാണ് ഇയാൾക്ക് ലണ്ടനിലെ ബോൺമൗത്ത് ക്രൗൺ കോടതി നൽകിയത്. 1979നും 81നുമിടയിൽ കൊയർബോയ് ആയിരുന്നയാളാണ് പരാതിക്കാരൻ. ആ സമയത്ത് 11 വയസുണ്ടായിരുന്ന ഇയാളെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി.

മോട്ടോർ ന്യൂറോൺ രോഗിയായിരുന്നു ഇര. സംസാരിക്കാൻ കഴിയാത്തതിനാൽ കൺപോളകളുടെ ചലനം സംസാരമായി മാറ്റുന്ന ഐ ട്രാക്കിങ് സോഫ്റ്റ് വെയർ ഉപയോഗിച്ചായിരുന്നു ഇയാളുടെ മൊഴി കോടതി എടുത്തത്. വികാരിയായിരുന്ന റോവ് തന്നെ പള്ളിയുടെ കവാടം അടച്ചതിനു ശേഷം പീഡിപ്പിക്കുകയും പിന്നീട് ക്ഷമാപണം നടത്തുകയും ഒരു പൗണ്ട് നൽകുകയും ചെയ്തതായി ഇര മൊഴി നൽകിയിരുന്നു. സ്റ്റോക്ക് ന്യൂവിങ്ടണിലെ സെന്റ് മത്യാസ് ചർച്ചിൽ വച്ച് ഇരുപതോളം തവണ താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് മൊഴി.

കോടതി പ്രഖ്യാപിച്ച ശിക്ഷാവിധിയേക്കുറിച്ച് അറിയാതെ വിധി വന്ന ദിവസം തന്നെയാണ് ഇര മരിച്ചത്. തന്റെ കുടുംബാംഗങ്ങളോട് പീഡനത്തേക്കുറിച്ച് ഇയാൾ വെളിപ്പെടുത്തിയതിനു ശേഷം 2015ലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2016ൽ റോവിനെ ചോദ്യം ചെയ്തു. വർഷങ്ങൾക്കു ശേഷവും പീഡനമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഇരയായ ആൾ കര കയറിയിരുന്നില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.