ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി എം.വെങ്കയ്യ നായിഡുവിന്റെ ജയം ഉറപ്പെന്ന പ്രതീക്ഷയിൽ ബിജെപി ക്യാമ്പ്. മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽ കൃഷ്ണ ഗാന്ധിയാണു പ്രതിപക്ഷ സ്ഥാനാർത്ഥി. ഇന്ന് രാവിലെ പത്തുമുതൽ അഞ്ചു വരെ നടക്കുന്ന വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണലും ഏഴു മണിയോടെ ഫലപ്രഖ്യാപനവുമുണ്ടാകും.

ലോക്‌സഭ, രാജ്യസഭ അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ആകെ 790 വോട്ടിൽ അഞ്ഞൂറോളം വോട്ടാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ച ബിജെഡിയും ജനതാദൾ (യു)വും ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനൊപ്പമാണ്. രാജ്യസഭാ അധ്യക്ഷൻ കൂടിയാണ് ഉപരാഷ്ട്രപതി.

വെങ്കയ്യനായിഡുവിന് 486 വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. ഗോപാലകൃഷ്ണ ഗാന്ധിക്ക് 281 വോട്ടേ ഉറപ്പിക്കാനായിട്ടുള്ളൂ. അതുകൊണ്ട് തന്നെ അട്ടിമറികളില്ലെങ്കിൽ നായിഡു ഉപരാഷ്ട്രപതിയാകുമെന്ന് ഉറപ്പാണ്.