കൊൽക്കത്ത: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബംഗാളിൽ നിന്നുള്ള നേതാവും രാജ്യസഭാ അംഗവുമായി ഋതബ്രത ബാനർജി. സി.പി.എം പോളിറ്റ്ബ്യൂറോയിൽ പോലും മുസ്ലിം സംവരണം ഉണ്ടെന്ന് ആരോപിച്ചാണ് ഋതബ്രത രംഗത്തെത്തിയത്. ബംഗാൾ സി.പി.എം ഘടകത്തിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ഭാഗമായാണ് ഋതബ്രതയുടെ വാക്കുകളും. മുസ്ലിം സംവരണം ഉള്ളതുകൊണ്ടാണ് മുഹമ്മദ് സലീം പിബിയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ദേശീയ നേതൃത്വത്തിൽ ഭൂരിപക്ഷവും ബംഗാൾ വിരുദ്ധരാണെന്നും ഋതബ്രത കുറ്റപ്പെടുത്തി. ഋതബ്രത ബാനർജി ബംഗാളി ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖം ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. സി.പി.എം പൊളിറ്റ് ബ്യൂറോയിൽ മുസ്ലിം സംവരണമുണ്ട്. അതുകൊണ്ടു മാത്രമാണ് മുഹമ്മദ് സലിം പിബി അംഗമായത്. ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് എങ്ങനെയാണ് മുസ്ലിംകൾക്ക് സംവരണം നൽകാനാവുക? വനിതാ സംവരണം പോലും എങ്ങനെ നൽകാനാവുമെന്ന് ഋതബ്രത ചോദിക്കുന്നു.

തന്നെ രാജ്യസഭയിലേക്കു തെരഞ്ഞടുത്തപ്പോൾ മുതൽ മുഹമ്മദ് സലിം തനിക്കെതിരെ പ്രവർത്തിക്കുകയാണെന്ന് ഋതബ്രത കുറ്റപ്പെടുത്തി. ആഡംബര ജീവിതത്തിന്റെ പേരിൽ ഋതബ്രതയ്ക്കെതിരെ നേരത്തെ പാർട്ടി നടപടിയെടുത്തിരുന്നു. അന്വേഷണം നടത്തുന്നതിനു മുമ്പാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് അഭിമുഖത്തിൽ ഋതബ്രത പറഞ്ഞു. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ ജാതിക്കോടതി പോലെയാണ് പ്രവർത്തിച്ചത്. സസ്പെൻഷനു ശേഷം താൻ പ്രതികരിക്കാതിരുന്നപ്പോൾ തനിക്കെതിരെ പ്രചാരണം അഴിച്ചുവിടുകയാണ് അവർ ചെയ്തത്. അന്വേഷണ കമ്മിഷന്റെ നടപടികൾ ഞാൻ രഹസ്യമായി റെക്കോഡ് ചെയ്തിട്ടുണ്ട്. അവർ എന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് നിയമവിരുദ്ധമായി എടുത്തു. ഇക്കാര്യം അന്വേഷിക്കാൻ കേന്ദ്ര ധനമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഋതബ്രത പറഞ്ഞു. കൊൽക്കത്ത പൊലീസിന്റെ സൈബർ വിങ്ങിലും പരാതി നൽകും.

സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിൽ ഭൂരിപക്ഷവും ബംഗാൾ വിരുദ്ധരാണ്. 1996ൽ അവർ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാവാൻ അനുവദിച്ചില്ല. അതു ചരിത്രപരമായ വിഡ്ഡിത്തമായെന്ന് ബസു തന്നെ പിന്നീടു പറഞ്ഞത് ഋതബ്രത ചൂണ്ടിക്കാട്ടി. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ചേർന്നാണ് സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാവുന്നതിൽനിന്നു തടഞ്ഞതെന്നും ഋതബ്രത ആരോപിച്ചു.

ആഡംബര ജീവിത ശൈലിയുടെ പേരിൽ ഋതബ്രതയെ സംസ്ഥാന സമിതിയിൽനിന്ന് പുറത്താക്കണമെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സി.പി.എം ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അഭിമുഖം സംപ്രേഷണം ചെയ്തതോടെ ബംഗാൾ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ഋതബ്രതയെ പാർട്ടി നടപടിയുണ്ടാവുമെന്നാണ് സൂചനകൾ. അതേസമയം ഋതബ്രത ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ മുന്നോടിയായാണ് സിബിഎമ്മിൽ ചേക്കേറാൻ ഒരുങ്ങുന്നതെന്നാണ് സൂചന.