- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോഗ്രഫിയുടെ പാഠങ്ങൾ പകർന്നു കിട്ടിയത് സഹോദരനിൽ നിന്ന്; വിനോദത്തിനായി തുടങ്ങിയ ഫോട്ടോഗ്രഫി ജീവിതോപാധിയായി മാറി; ഇഷ്ടപ്പെട്ടത് പ്രകൃതിയെയങ്കിലും പ്രശസ്തനാക്കിയത് ദേശീയ ഗെയിംസിന്റെ ചിത്രങ്ങൾ; മഴയെ സ്നേഹിച്ച വിക്ടർ ജോർജ്ജ് മഴയ്ക്കൊപ്പം മറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട്
തിരുവനന്തപുരം: തിമർത്ത് പെയ്യുന്ന ഇടവപ്പാതിയുടെ തണുപ്പിൽ അതുപോലെ നനുത്ത ഒരോർമ്മയാണ് മലയാളിക്ക് വിക്ടർ ജോർജ്ജ്.ജീവിതത്തിന്റെ അവസാന ഫ്രെയിമിൽ നിന്ന് കുടയും ചൂടി വിക്ടർ ജോർജ് മരണത്തിലേക്ക് നടന്നുപോയിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. ഒരോ മൺസൂൺ വന്നുപോകുമ്പോഴും മലയാളികൾ ഓർക്കും വിക്ടർ ജോർജ് എന്ന ഫോട്ടോ ജേർണലിസ്റ്റിനെ. ഒരിക്കൽ കൂടി ഓർത്തെടുക്കും അദ്ദേഹം സമ്മാനിച്ച അപൂർവങ്ങളും അനശ്വരവുമായ ദൃശ്യങ്ങളെ.2001 ൽ വെണ്ണിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ മണ്ണിടിച്ചിലിൽപെട്ട് വിക്ടറിന്റെ ജീവൻ പൊലിഞ്ഞത്. കൃത്യനിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ.
1955 ഏപ്രിൽ 10-നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടർ ജോർജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവൻ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു. 1981-ൽ വിക്ടർ മലയാള മനോരമയിൽ ചേർന്നു. 1985 മുതൽ 1990 വരെ മനോരമയുടെ ഡെൽഹി ബ്യൂറോയിൽ പ്രവർത്തിച്ചു. 1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.
അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തൽക്കാരികളുടെ അമ്മ വനിതകളുടെ 400 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തലിൽ ഗാലറിയിൽ നിന്ന് അവരെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ശക്തമായ ചിത്രങ്ങൾ വിക്ടറിന് ഒരുപിടി അവാർഡുകളും ഖ്യാതിയും നൽകി. 1989 ലെ കൽക്കത്ത സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ ഇന്ത്യൻ റിലേ ടീം ബാറ്റൺ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതൽ വിക്ടർ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയിൽ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടർ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയിൽ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സംരക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.
മലയാളമനോരമയുടെ ഭാഷാസാഹിത്യമാസികയായ ഭാഷാപോഷിണിക്കുവേണ്ടി വിക്ടർ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങൾ വിക്ടറിന്റെ കഴിവിന് ഉദാഹരണമാണ്.കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകൾ, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.
മൺസൂൺ ബുക്ക് എന്ന ആശയം ഉണ്ടാകുന്നതും ഇങ്ങനെയാണ്.ഇടുക്കിയിൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തിൽ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാൻ വിക്ടർ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകർഷിച്ചു. കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങൾ എന്നിവിടങ്ങളിലെല്ലാം മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടർ സഞ്ചരിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി.
ജീവിതത്തിന്റെ അവസാന ഫ്രെയിമിൽ നിന്ന് കുടയും ചൂടി വിക്ടർ മരണത്തിലേക്ക് നടന്നുപോയത് 19 വർഷം മുമ്പാണ്. അതായത് 2001 ജൂലൈ 9ന്. ഇടുക്കി ജില്ലയിലെ വെള്ളിയാനിയിലുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രമെടുക്കാനാണ് വിക്ടർ ജോർജ്ജ് പോയത്. തോരാതെ പെയ്ത മഴയും ഉരുൾപൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയിൽ പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങൾ എടുത്തിട്ടും എടുത്തിട്ടും മതിവരാതെ ഇരുൾ വന്ന വഴിയിലൂടെ വിക്ടർ നടന്നു.
വിക്ടറിന്റെ സുഹൃത്ത് ജിയോ ടോമി നോക്കുമ്പോൾ അങ്ങകലെ മലമുകളിലെത്തിയിരുന്നു വിക്ടർ. കൂടുതൽ മുകളിലേക്ക്കയറിപ്പോകുന്ന വിക്ടറിനെ ജിയോ ക്യാമറയിൽ പകർത്തി. പാന്റ് മുകളിലേക്ക് തെറുത്ത് വച്ച്, കുടയും ചൂടി ഏകാഗ്രതയോടെ നടന്നു നീങ്ങുന്ന വിക്ടർ.പക്ഷെ കുടച്ചൂടി പോയ ആ ചിത്രം വിക്ടറിന്റെ അവസാനത്തെ ആയിരിക്കുമെന്ന് ആ സുഹൃത്ത് കരുതിയിരുന്നില്ല.പൊട്ടി വരുന്ന ഉരുൾ വിക്ടർ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തിൽ വിക്ടർ പുറകിലേക്ക് മറിഞ്ഞുവീണു. സന്തത സഹചാരിയായിരുന്ന നിക്കോൺ ക്യാമറ ദൂരേക്ക് തെറിച്ചുപോയി.ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ചിത്രങ്ങളെടുക്കുകയായിരുന്നു വിക്ടർ. ആ സമയത്ത്, അതേ സ്ഥലത്ത് രണ്ടാമതും ഉരുൾപൊട്ടുകയായിരുന്നു. മണ്ണിനിടയിൽപെട്ടു കാണാതായ വിക്ടറിന്റെ ഭൗതികശരീരം രണ്ടാംദിവസമാണു കണ്ടെത്തിയത്.
സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ ചരിത്രശേഖരമായിരുന്ന വാഷിങ്ടനിലെ 'മ്യൂസിയ'ത്തിലെ ജേണലിസ്റ്റ് മെമോറിയൽ വോളിൽ വിക്ടർ ജോർജിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടെ മരണം കവർന്ന മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ചുള്ളതാണ് മെമോറിയൽ വോൾ.
മറുനാടന് മലയാളി ബ്യൂറോ