ഫിലഡൽഫിയ: പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിനെ അനുസ്മരിച്ചു. വിക്ടറിന്റെ ചരമദിനമായ ജൂലൈ ഒൻപതിനു ചേർന്ന അനുസ്മരണ യോഗത്തിൽ നിരവധി അമേരിക്കൻ മലയാളികൾ പങ്കെടുത്തു.

കഴിഞ്ഞ രണ്ടു തവണയും രാജ്യതലസ്ഥാനമായ വാഷിങ്ടൺ ഡിസിയിൽ വിക്ടർ അനുസ്മരണം നടത്തിയിരുന്നു. ഫിലഡൽഫിയായിൽ ഇതാദ്യമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലെ ഉരുൾപൊട്ടലിന്റേയും മലയിടിച്ചിലിന്റേയും രൗദ്രഭാവം ഉളവാക്കുന്ന പ്രകൃതി താണ്ഡവത്തിന്റെ സംഹാര ദൃശ്യങ്ങൾ സാഹസികമായി ഒപ്പിയെടുക്കുന്നതിനിടയിലാണ് ഒന്നര പതിറ്റാണ്ടിനു മുമ്പുള്ള ഒരു ജൂലൈ ഒൻപതിനാണ് വിക്ടറിനു ജീവൻ നഷ്ടപ്പെട്ടത്.

1986ലെ ദേശീയ ഗെയിംസിലാണ് വിക്ടറിന് ആദ്യമായി ദേശീയ അംഗീകാരം ലഭിച്ചത്. നീന്തൽ കുളത്തിൽ അനിത-കവിതാ സുദ് സഹോദരിമാരുടെ വിജയം ഉജ്ജ്വലമാക്കിയത് ഫിനീഷിങ് പോയിന്റിൽ അവരുടെ ദൃശ്യങ്ങൾ പകർത്താതെയാണ്. പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ വിവിധ ഭാവങ്ങളുടെ 16ഓളം ചിത്രങ്ങൾ തുടർച്ചയായി ഒപ്പിയെടുത്ത റിവേഴ്‌സ് ഫോട്ടോഗ്രാഫിക്കായിരുന്നു അംഗീകാരം. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടേയും പ്രസ് ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്റേയും അംഗീകാരം മാത്രമല്ല. ഗാലറിയിലെ കാണികളുടെ പ്രകടനങ്ങൾക്കുള്ള പൊതുജനശ്രദ്ധകൂടിയായിരുന്നു അത്. 1989ൽ കൽക്കട്ടാ സാഫ് ഗയിംസിൽ ഇന്ത്യൻ റിലേ ടീമിന്റെ കൈയിൽ നിന്നും ബാറ്റൻ വഴുതിപ്പോകുന്നതും വിക്ടറിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മുൻ ന്യൂഡൽഹി ലേഖകൻ വി.ഇ. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ദൃശ്യമാധ്യമ രംഗത്ത് വേറിട്ട ഒരു ശൈലിയായിരുന്നു വിക്ടറിന്റേതെന്നും മഴ ചിത്രങ്ങിൽ അദ്ദേഹത്തിന്റെ സമർപ്പണം പ്രതിഫലിച്ചിരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.

ദൂരദർശന്റെ മുൻ സ്പോർട്സ് കമന്റേറ്ററും മാധ്യമപ്രവർത്തകനുമായ ഗീവർഗീസ് ചാക്കോ വിക്ടർ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകരായി ഇന്ത്യയിൽ പ്രവർത്തിച്ച കാലഘട്ടത്തിൽ വിക്ടറുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഇരുവരും പങ്കുവച്ചു.

പ്രകൃതിയോടും സമസൃഷ്ടികളോടുമുള്ള കരുതൽ കാമറക്കണ്ണിലൂടെ ലോകത്തെ കാണാൻ ശ്രമിച്ച വിക്ടർ ചിത്രങ്ങളിൽ എന്നും പ്രതിഫലിച്ചിരുന്നുവെന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. അടുത്ത വർഷം വിക്ടർ ചിത്രങ്ങളുടെ പ്രദർശനം നടത്താനും തീരുമാനിച്ചു.

സന്തോഷ് ഏബ്രഹാം ചർച്ചകൾക്ക് നേതൃത്വം നൽകി. വർഗീസ് കുര്യൻ, അലക്‌സ് കെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.