- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ വിക്ടർ ടി തോമസും പുതുശേരിയും തമ്മിലടി തുടങ്ങി; വിശ്വസ്തനായ കുഞ്ഞുകോശി പോളിനെ ഇറക്കി ഞെട്ടിക്കാൻ ജോസഫ്; സീറ്റില്ലെങ്കിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ വിക്ടർ തയ്യാറെടുക്കുന്നുവെന്ന് സൂചനട; പിസി തോമസ് വഴി എൻഡിഎയിൽ എത്തും; സീറ്റ് മോഹിച്ച് തിരുവല്ലയിൽ താമസമാക്കിയ അനൂപ് ആന്റണി ഹതാശനാകേണ്ടി വരുമോ?
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ ജോസഫ് ഗ്രൂപ്പിൽ തമ്മിലടി തുടങ്ങി. നേരത്തേ മൂന്നു വട്ടം തമ്മിലടിച്ച്, മാത്യു ടി തോമസിന് ഈസി വാക്കോവർ തരപ്പെടുത്തിയ വിക്ടർ ടി തോമസും ജോസഫ് എം പുതുശേരിയുമാണ് സീറ്റിനായി പൊരുതുന്നത്. തുടർച്ചയായി മൂന്നു തവണ ഈ സീറ്റിനായി മത്സരം നടന്നു. രണ്ടു തവണ വിക്ടറും ഒരു തവണ പുതുശേരിയും മത്സരിച്ചു. പരസ്പരം കാലുവാരിയതിനാൽ മൂന്നു തവണയും മാത്യു ടി തോമസ് ജയിച്ചു. രണ്ടു ടേമിൽ മന്ത്രിയാവുകയും ചെയ്തു. ഇക്കുറിയും ചരിത്രം മാറുന്നില്ല. തിരുവല്ലയും റാന്നിയും ജോസഫും കോൺഗ്രസുമായി വച്ചു മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ, കഴിഞ്ഞയാഴ്ച പുതുശേരിയുടെ പുസ്തക പ്രകാശനത്തിന് പത്തനംതിട്ടയിൽ വന്ന പിജെ ജോസഫ് തിരുവല്ലയിൽ തന്നെ കേരളാ കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നാലെ, പതിവു പോലെ പുതുശേരിയും വിക്ടർ ടി. തോമസും അവകാശവാദവുമായി രംഗത്തുണ്ട്. രണ്ടു പേരെയും ജോസഫ് പരിഗണിക്കില്ലെന്നാണ് വിവരം. മാമൻ മത്തായി കുത്തകയാക്കി വച്ചിരുന്ന തിരുവല്ല ഇവരുടെ തമ്മിലടി കാരണമാണ് നഷ്ടമായതെന്ന് ജോസഫിന് ബോധ്യമായിട്ടുണ്ട്. അതു കൊണ്ട് രണ്ടു പേരെയും പരിഗണിക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. മല്ലപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും ജോസഫിന്റെ വിശ്വസ്തനുമായ കുഞ്ഞുകോശി പോളിനാണ് മുൻതൂക്കം. അഡ്വ. മനോജ് മാത്യുവിന്റെ പേരാണ് രണ്ടാമതായി ഉയരുന്നത്.
എൻഎം രാജുവിനെ ജില്ലാ പ്രസിഡന്റാക്കിയതിന് പിന്നാലെയാണ് കെഎം മാണിയുടെ വിശ്വസ്തനായിരുന്ന വിക്ടർ ടി തോമസ് പിജെയുമായി അടുത്തത്. പാർട്ടി പിളരുമെന്നും അങ്ങനെ വരുമ്പോൾ തിരുവല്ല സീറ്റ് തനിക്ക് ലഭിക്കുമെന്നും വിക്ടറിന് നന്നായി അറിയാമായിരുന്നു. വ്യവസായം മാത്രം അറിയാവുന്ന എൻഎം രാജു കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് സ്ഥാനം വാങ്ങി എടുത്തതു പോലും എംഎൽഎ സ്ഥാനം സ്വപ്നം കണ്ടായിരുന്നു. ജില്ലയിലുള്ള ഏക സീറ്റ് രാജു കൊണ്ടു പോയാൽ പിന്നെ തങ്ങൾ എന്തിന് നിൽക്കണമെന്ന ചിന്താഗതിയായിരുന്നു വിക്ടറിനും പുതുശേരിക്കും.
ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്ന് പറയുന്നതു പോലെ കേരളാ കോൺഗ്രസ് പിളരുന്നതിന് മുൻപ് തന്നെ വിക്ടർ ജോസഫ് പക്ഷത്തേക്ക് മാറി. പാർട്ടി പിളർന്നപ്പോഴും പുതുശേരി ജോസ് കെ മാണിക്കൊപ്പം നിന്നു. തനിക്ക് പരിഗണന കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു അത്. എന്നാൽ, എൻഎം രാജു എന്ന കോടീശ്വരന് മുന്നിൽ തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് വന്നതോടെ പുതുശേരിയും ജോസഫ് ഗ്രൂപ്പിലേക്ക് ചെന്നു. ഇതോടെ വിക്ടർ-പുതുശേരി പോര് മൗനമായി നടന്നു പോന്നു. ഇരുവരും തിരുവല്ല നോട്ടമിട്ടതോടെയാണ് ജോസഫ് മൂന്നാമതൊരാളെ തേടിയിറങ്ങിയത്. എക്കാലവും തനിക്കൊപ്പം നിന്ന കുഞ്ഞുകോശി പോളിനെ പരിഗണിക്കുന്നത് അങ്ങനെയാണ്.
അതേ സമയം, തിരുവല്ല കിട്ടിയില്ലെങ്കിൽ വിക്ടർ ടി തോമസ് എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള നീക്കം നടത്തുന്നുണ്ട്. പിസി തോമസിന്റെ കേരളാ കോൺഗ്രസിലേക്ക് ചേർന്ന് തിരുവല്ലയിൽ മത്സരിക്കുക എന്നതാണ് പദ്ധതി. അത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. കാരണം, തിരുവല്ല എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെയാണ്. എങ്കിൽ പോലും ഈ സീറ്റിൽ അവകാശവാദം ഉന്നയിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഒരു വർഷമായി തിരുവല്ലയിൽ തമ്പടിച്ചിരിക്കുകയാണ്. മണ്ഡലമൊട്ടാകെ നിറഞ്ഞു നിൽക്കുന്ന അനൂപിനെ പക്ഷേ, പ്രാദേശിക ബിജെപി നേതൃത്വം എതിർക്കുകയാണ്.
അനൂപിന് സീറ്റ് കൊടുത്താൽ തങ്ങൾ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഒരു ഹിന്ദുവിനെ ഇവിടെ സ്ഥാനാർത്ഥിയാക്കണം എന്നാണ് അവരുടെ ആവശ്യം. എൽഡിഎഫും യുഡിഎഫും ക്രൈസ്തവരെ സ്ഥാനാർത്ഥിയാക്കുമ്പോൾ ഹിന്ദു എൻഡിഎ സ്ഥാനാർത്ഥിയായാൽ ഗുണം ചെയ്യുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് കാരണമായി പറയുന്നത് കഴിഞ്ഞ നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് കിട്ടിയ വോട്ടുകൾ ചൂണ്ടിക്കാട്ടിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്ന അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് 33,000 ൽപ്പരം വോട്ടാണ് നേടിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സുരേന്ദ്രന് മണ്ഡലത്തിൽ നിന്ന് ലഭിച്ചത് 41,000 വോട്ടായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി കാഴ്ച വച്ചിരിക്കുന്നത്. ഇതു കാരണം, വിജയ സാധ്യതയുള്ള ഹൈന്ദവനായ സ്ഥാനാർത്ഥി വേണമെന്നാണ് നിലപാട്. സുരേഷ് ഗോപിയോ ഇനി തുഷാർ വെള്ളാപ്പള്ളിയോ മത്സരിക്കട്ടെ എന്നാണ് ഇവരുടെ ആവശ്യം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്