പ്രതിദിനം എട്ടു ലിറ്ററോളം പെപ്‌സി കുടിച്ചിരുന്ന 38-കാരി ശരീരത്തിലെ കഫിന്റെ അളവ് ഗണ്യമായ തോതിൽ കൂടിയതിനെത്തുടർന്ന് മരിച്ചു. പെപ്‌സ് മാക്‌സ് എന്ന ശീതളപാനീയമാണ് ഇവർ ദിവസേന ഇത്രയും ഉയർന്ന അളവിൽ കഴിച്ചിരുന്നത്. വിഷാദരോഗത്തിനുള്ള മരുന്നും ഇവർ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ക്ലെയ്ട്ടണിൽനിന്നുള്ള വിക്ടോറിയ ലെയ്ൻ എന്ന സ്ത്രീയാണ് മരിച്ചത്. സ്‌റ്റോക്ക് ഓൺ ട്രെന്റിലെ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത് 19-കാരനായ മകൻ റീസാണ്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശീതളപാനീയത്തിന്റെയും മരുന്നിന്റെയും അമിത തോതിലുള്ള ഉപയോഗമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു.

കഫീന്റെയും ഫ്‌ലെക്‌സെറ്റിന്റെയും ഉയർന്ന സാന്നിധ്യം വിക്ടോറിയയുടെ ശരീരത്തിൽ കണ്ടെത്തി. വർഷങ്ങളായി ഇവർ വിഷാദരോഗത്തിന് ചികിത്സയിലായുരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഫ്‌ലെക്‌സോറ്റിൻ ഉൾപ്പെടെയുള്ള മരുന്നുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം പെപ്‌സി മാക്‌സിന്റെ അമിതമായ ഉപയോഗവും ഇവർക്കുണ്ടായിരുന്നു.

രണ്ടു ലിറ്ററിന്റെ നാല് പെപ്‌സി മാക്‌സ്‌ബോട്ടിലുകൾ ദിവസവും ഇവർ ഉപയോഗിച്ചിരുന്നു. വോഡ്കയുമായി ചേർത്തും കഴിച്ചിരുന്നു. മരുന്നുമായി കഫീൻ പ്രതിപ്രവർത്തിച്ചതാകാം മരണകാരണമെന്ന് കരുതുന്നു. ആശങ്കയും വിഷാദവുമുള്ളവർക്ക് നൽകുന്ന മരുന്നാണ് ഫ്ളാക്‌സെറ്റിൻ. ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്ന സെറോട്ടോണിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കും.

പെപ്‌സിയിലും മറ്റ് ശീതള പാനീയങ്ങളിലുമുള്ള കഫീനും ശരീരത്തിന് കൂടുതൽ ഉണർവ് പകരുന്നതാണ്. ഉയർന്ന അളവിൽ കഫീൻ ഉള്ളിലെത്തുകയും ഫ്ളാക്‌സെറ്റിനുമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അത് സെറോട്ടോണിൻ സിൻഡ്രോമിന് കാരണമാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനം ക്രമാതീതമായി ഉയർത്തുന്ന അവസ്ഥയാണിത്. ഇത് മരണകാരണമാകാം. ഉയർന്നപനി, വിയർക്കൽ, ഉയർന്ന ഹൃദയമിടിപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.