മെൽബൺ: രാജ്യത്ത് പകുതിയിലധികം പേർക്കും ഇരുട്ടടിയായി കഴിഞ്ഞമാസത്തെ ഇലക്ട്രിസിറ്റി ബിൽ എന്ന് റിപ്പോർട്ടുകൾ. വിക്ടോറിയ നിവാസികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് എത്തിയിരിക്കുന്ന ഇലക്ട്രിസിറ്റി ബിൽ ഒരു പകർച്ചവ്യാധി പോലെ ജനങ്ങൾക്കു മേൽ പിടിമുറുക്കിയിരിക്കുകയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 12 മാസത്തിനിടെ ഗാർഹിക ഉപയോഗത്തിനുള്ള എനർജി ബില്ലിൽ 60 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രൈസ് കംപാരിസൻ വെബ് സൈറ്റായ ഐ സെലക്ടിനു വേണ്ടി ഗാലക്‌സി റിസർച്ച് നടത്തിയ സർവേയിൽ തെളിഞ്ഞിരിക്കുന്നത്.

രാജ്യമെമ്പാടും എനർജി ബില്ലിൽ വൻ വർധനയുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവുമധികം ബാധിച്ചിരിക്കുന്ന വിക്ടോറിയയെയാണ്. എനർജി ബില്ലിൽ അടിക്കടിയുണ്ടാകുന്ന വർധന എങ്ങനെയാണെന്ന് വിക്ടോറിയ നിവാസികൾക്കും മനസിലായിട്ടില്ല. വിന്ററിൽ ഹീറ്റിങ് ബിൽ അധികമായി അടയ്‌ക്കേണ്ടി വരുന്ന ഉപയോക്താക്കൾ സമ്മറിൽ ഇക്കാര്യത്തിൽ കുറവുണ്ടാകുമെന്ന് ആശ്വസിച്ചാലും അവർക്ക് ഇപ്പോൾ നിരാശയാണ് ഉണ്ടാകാറുള്ളത്. സമ്മറിൽ പോലും പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടി എനർജി ബില്ലുകൾ അടയ്ക്കാൻ ഇക്കൂട്ടർ നിർബന്ധിതരായിത്തീരുകയാണ്.

സമ്മറിൽ എയർ കണ്ടീഷനറുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെയും വീട്ടിൽ കുട്ടികൾ ടിവിയും കമ്പ്യൂട്ടറും മുഴുവൻ സമയം പ്രവർത്തിപ്പിക്കുന്നതിലൂടെയും മറ്റും എനർജി ബിൽ കുത്തനെ ഉയരുകയാണ് പതിവ്. എനർജി ബില്ലിൽ കുത്തനെ വർധനയുണ്ടായത് മൂലം ബില്ലുകൾ അടയ്ക്കാൻ പലരും ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്. മാസാവസാനം എനർജി ബിൽ അടയ്ക്കാൻ സാധിക്കാതെ പത്തിൽ ഒരു ഓസ്‌ട്രേലിയക്കാരൻ ക്രെഡിറ്റ് കാർഡ് വഴിയാണ് എനർജി ബിൽ അടയ്ക്കുന്നതെന്നാണ് സർവേയിൽ തെളിഞ്ഞിരിക്കുന്നത്.

അതേസമയം എനർജി ബിൽ ഒരു മാസത്തിൽ കൂടുതലായി അടയ്ക്കാത്ത അഞ്ചു ശതമാനം പേരും ഉണ്ടെന്നാണ് കണക്ക്. എനർജി ബില്ലുകൾ ഇങ്ങനെ അടിക്കടി വർധിച്ചു വരുന്നത് കുടുംബ ബജറ്റിനെ താറുമാറാക്കുകയാണെന്നും ഇത്തരത്തിൽ മുന്നോട്ടു പോകുന്നത് കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ജനങ്ങളെ നയിക്കുമെന്നുമാണ് വിലയിരുത്തുന്നത്.