മെൽബൺ: വിക്ടോറിയൻ ഗവൺമെന്റിന്റെ ആദ്യത്തെ സൗജന്യ പബ്ലിക് വൈഫൈ സോണുകൾ ക്യൂൻ വിക്ടോറിയ മാർക്കറ്റിലും സെൻട്രൽ ബല്ലാററ്റ്, സെൻട്രൽ ബെൻഡിഗോ എന്നിവിടങ്ങളിലും നിലവിൽ വന്നു. 6.7 ദശലക്ഷം ഡോളറിന്റെ പൈലറ്റ് പ്രോഗ്രാം ഐനെറ്റാണ് ഡെലിവർ ചെയ്യുന്നതെന്ന് പ്രീമിയർ  ഡെനിസ് നാപ്‌തൈൻ പറഞ്ഞു. ഇതു പ്രകാരം 2015 ഓടെ മെൽബൺ, ബെൻഡിഗോ, ബല്ലാററ്റ് എന്നിവിടങ്ങളിലെ 1000 സ്‌പോട്ടുകളിൽ വൈഫൈ ലഭ്യമാക്കാനാണുദ്ദേശിക്കുന്നത്.

പൈലറ്റ് പ്രോഗ്രാം അഞ്ച് വർഷമാണ് നിലനിൽക്കുന്നത്.  ഇത് പരസ്യരഹിതമായിരിക്കും. ഇത് ഉപയോഗിക്കാൻ പാസ് വേഡ് വേണ്ടി വരികയുമില്ല. ടൂറിസം എക്‌സ്പീരിയൻസ് മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും കൂടുതൽ ഡിജിറ്റർ സംരംഭകരെ വിക്ടോറിയയിലേക്ക് കൊണ്ടു വരുമെന്നും ഡോ. നാപ്‌തൈൻ പറഞ്ഞു. ചെറുകിട ബിസിനസ്സുകൾ, വിദ്യാഭ്യാസം തുടങ്ങിയവയെ പിന്തുണയ്ക്കുന്ന ഈ സൗകര്യത്തിലൂടെ അടിയന്തിരഘട്ടങ്ങളിൽ ആശയവിനിമയവും സാധ്യമാകുമെന്നദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശകർക്കും ഇവിടുത്തെ താമസക്കാർക്കും വൈഫൈ ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനം ഏറെ ചർച്ചാവിഷയമായിരുന്നു. മെൽബോണിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ അഭിപ്രായം തേടിയിരുന്നു. പെർത്ത്, അഡെലെയ്ഡ് കാൻബറ, ലിവർപൂൾ ഇൻ എൻഎസ്ഡബ്യൂ എന്നിവയ്ക്ക് ശേഷമാണ് മെൽബണും ഫ്രീ കണക്ടിവിറ്റി ക്ലബിലേക്ക് കടക്കുന്നത്.