വിക്ടോറിയ: ക്രിസ്മസ് ദിനത്തിൽ 116 വീടുകൾ അഗ്നിക്കിരയാക്കിയ കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് പടരുന്നു. കാട്ടുതീ അനിയന്ത്രിതമായതോടെ കെന്നറ്റ് റിവർ,  േ്രഗ റിവർ, വോംഗാര മേഖലകളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ക്രിസ്മസ് ദിനത്തിൽ ഉണ്ടായ കാട്ടുതീ പോലെ പുതുവർഷദിനത്തിലും ആവർത്തിക്കുമെന്ന ഭയമാണുള്ളത്. വെയ്ൻ റിവർ, സെപ്പറേഷൻ ക്രീക്ക് എന്നിവിടങ്ങളിൽ 25നുണ്ടായ കാട്ടുതീയിൽ 116 വീടുകളാണ് കത്തി നശിച്ചത്. ശക്തമായ കാറ്റു വീശുന്നതിനാലാണ് തീ നിയന്ത്രിക്കാൻ സാധിക്കാത്തത്. താപനില 40-നോടടുത്ത് വരെ ഉയർന്നേക്കാമെന്നും പറയുന്നു. അതേസമയം വൈകുന്നേരത്തോടെ കാറ്റിന്റെ ഗതി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിക്ടോറിയൻ തീരപ്രദേശമായ അപ്പോളോ ബേയിൽ നിന്നുള്ള പുകപടലങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. ഒട്ട്വേയ്‌സ് സ്റ്റേറ്റ് ഫോറസ്റ്റിൽ ഇപ്പോഴും കാട്ടുതീ നിർത്താതെ എരിഞ്ഞുകൊണ്ടിരിക്കുന്നു. കൂടുതൽ മേഖലകളിലേക്ക് തീ പടരാതിരിക്കാൻ ഫയർ വർക്കേഴ്‌സ് ജാഗരൂകരാണിവിടെ. സൗത്ത് വെസ്റ്റ്, സെൻട്രൽ, വെസ്റ്റ്, സൗത്ത് ഗിപ്സ്ലാന്റ്, നോർത്ത് സെൻട്രൽ, വിമ്മേറ റീജിയൺ എന്നിവിടങ്ങളിൽ ഫയർ ബാൻ പ്രഖ്യാപിച്ചു. കാലാവസ്ഥ ചൂടേറിയതും മിക്ക സ്‌റ്റേറ്റുകളിലും കാറ്റ് വീശാനും സാധ്യതയുണ്ട്. വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് ഫയർ ബാൻ ഏർപ്പെടുത്തിയിരിക്കുന്നത്.

കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുമ്പോൾ നാശനഷ്ടങ്ങളും ആളപായവും ഉണ്ടാകാതിരിക്കാനാണ് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജനങ്ങളുടെ ജീവൻ രക്ഷപെടുത്താനാണ് അധികൃതരുടെ ശ്രമം. താപനില ക്രമാതീതമായി ഉയരുന്നതാണ് കാട്ടുതീയ്ക്ക് കാരണമാകുന്നത്. അടുത്തിടെയായി വിക്ടോറിയയിൽ കാട്ടുതീ ജനങ്ങൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

വടക്കു കിഴക്കൻ പ്രദേശങ്ങൾ മുതൽ വെസ്‌റ്റേൺ ഗിപ്സ്ലാന്റ് തുടങ്ങി വിവിധ ഇടങ്ങളിൽ കാട്ടുതീ സാധ്യത ഇപ്പോഴും നിലനില്ക്കുകയാണ്. അഞ്ചു ജില്ലാകളിലായി മുഴുവൻ ഫയർ സർവ്വീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിരിക്കുകയാണ്.

നൂറുകണക്കിനു ഫയർഫൈറ്റേഴ്‌സും, 60 എയർക്രാഫ്റ്റുകളും ടാങ്കറുകളും കാട്ടുതീയെ പ്രതിരോധിക്കാൻ സജ്ജമായി നില്ക്കുകയാണെന്നും വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യക്തമാക്കി.