- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കിൽ കാലനെ ഇറക്കി വിരട്ടുന്ന കോവിഡ് ബോധവത്കരണം സോഷ്യൽ മീഡിയയിൽ വൈറൽ; പ്രാങ്ക് വീഡിയോ വഴി ലോക്ഡൗണിൽ ഇറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നത് സാമൂഹ്യ സുരക്ഷ മിഷൻ
തിരുവനന്തപുരം: പാലോടിനടുത്ത് കാലൻ കാവിൽ ഒഴിഞ്ഞ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഒരു പയ്യൻ ഇരിക്കുന്നുണ്ടായിരുന്നു . ചാറ്റൽ മഴ പെയ്തുകൊണ്ടേയിരുന്നു . മഴ ഒന്ന് കുറഞ്ഞപ്പോൾ ആ കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് രണ്ടു പേർ സ്‌കൂട്ടറിൽ എത്തി. കാത്തിരുന്ന പയ്യൻ എന്താടെ ഇത്രേം വെകിയതെന്ന് ചോദിച്ചു. അപ്പോൾ ആളെ കൊണ്ടുവന്ന ആൾ പറഞ്ഞു. മഴയത്ത് ഞങ്ങളും പെട്ടു പോയതുകൊണ്ടാണ് വരാൻ വൈകിയത് എന്ന് പറഞ്ഞു.
കാത്തിരുന്ന പയ്യൻ ആ വന്ന ചേട്ടനോട് കാര്യം പറഞ്ഞു.( ഇയാൾ ഒരു മരപ്പണി ചെയ്യുന്ന മേസ്തിരിയാണ്) ബാലരാമപുരത്തിനടുത്ത് ഒരു തറവാട്ടുവീട്ടിൽ കുറെ വാതിലും ജനലുമൊക്കെ ചെയ്യണം. ഏങ്ങനെയാണ് പീസ് വർക്കാണോ അതോ അടങ്കലാണോ എന്ന് ചോദിച്ചു. പണിക്കാരൻ ചേട്ടൻ എങ്ങനെ വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ പണിക്കാരൻ ചേട്ടൻ പണിയുടെ കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി.
ഇടയ്ക്ക് വരച്ചുകാണിച്ച് കാര്യങ്ങൾ പറയാൻ ഒരു പേപ്പറും പേനയും എതിരെയുള്ള സ്റ്റേഷനറി കടയിൽ നിന്ന് വാങ്ങാൻ അയാൾ പറഞ്ഞു. ചേട്ടനെ കൊണ്ടുവന്ന പയ്യൻ അക്ഷരംപ്രതി അനുസരിച്ച് കടയിൽ നിന്ന് ഒരു പേപ്പറും പേനയും വാങ്ങിക്കൊണ്ടുവന്നു.പിന്നെ പണിക്കാരൻ ചേട്ടൻ പേപ്പറിൽ വരച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തുടങ്ങി. ഇതിനിടയിൽ ഇവർക്ക് അടുത്തേയ്ക്ക് വന്നവരെ കണ്ട് പണിക്കാരൻ ചേട്ടൻ ശരിക്ക് ഞെട്ടി.
ഭഗവാനെ ഇത് കാലനല്ലേ?... എന്റെ സമയം അടുത്തു എന്ന് തോന്നുന്നു.. എന്ന് പണിക്കാരൻ മനസ്സിൽ പറഞ്ഞു. കാലനും ചിത്രഗുപ്തനുമായിരുന്നു അത്... ഇവർ വർത്തമാനം പറഞ്ഞിരുന്ന വെയിറ്റിങ് ഷെഡിൽ കിടന്ന പട്ടി കാലനെ കണ്ടപ്പോൾ ഓരിയിട്ടു .ഓരിയിടൽകൂടി ആയപ്പോൾ പണിക്കാരൻ ചേട്ടൻ ഉറപ്പിച്ചു ...ഒറിജിനൽ കാലൻ തന്നെ ... അപ്പോഴും ചേട്ടനോട് സംസാരിച്ചുകൊണ്ടിരുന്ന പയ്യനും ചേട്ടനെ കൊണ്ടുവന്ന പയ്യനും ആരും അവിടെ വന്നില്ല എന്ന മട്ടിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ... കാലൻ പണിക്കാരൻ ചേട്ടനെ ചൂളമടിച്ച് വിളിച്ചു... ചേട്ടൻ ഞെട്ടിത്തരിച്ചു ... കാലൻ അയാളെ വിളിച്ചു .. വാ പോകാം സമയമായി എന്ന് പറഞ്ഞു...
അപ്പോൾ പണിക്കാരൻ ചേട്ടൻ ഇല്ല പിന്നെ വരാം.. ഞാനൊരു പണിയുടെ കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. കേട്ടു നിന്ന ചിത്രഗുപ്തൻ ചോദിച്ചു ( വലിയ ബുക്കിൽ നോക്കി) നിങ്ങളുടെ പേര് പറയൂ... ബാബു എന്നാണ് എന്റെ പേര്... ഓ.കെ നിങ്ങൾ തന്നെയാണ് ആള്.. നിങ്ങളെ കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത്. ചേട്ടൻ ആരോടോ എന്തെക്കെയോ പറയുന്നു എന്ന രീതിയിൽ വെയിറ്റിങ് ഷെഡിലിരുന്ന 2 ചെറുപ്പക്കാരും ചോദിച്ചു - അണ്ണാ.. അണ്ണന് ഇത് എന്ത് പറ്റി... അപ്പോൾ കാലൻ പറഞ്ഞു - അവർക്ക് ഞങ്ങളെ കാണാൻ കഴിയില്ല ... നിന്റെ സമയം അടുത്തിരിക്കുന്നതുകൊണ്ട് നിനക്ക് മാത്രമേ ഞങ്ങളെ കാണാൻ കഴിയൂ ...ഇത് കേട്ടപ്പോൾ ചേട്ടൻ ആ ചെറുപ്പക്കാരായ പയ്യന്മാരോട് പറഞ്ഞു -ടേയ്... ദാ എന്റെ മുമ്പിൽ കാലനാണ് വന്ന് നിൽക്കുന്നത്.. എന്നെ കൊണ്ടുപോകാനാണ് അവർ വന്നിരിക്കുന്നത്.... എന്തരണ്ണാ ഇവിടെ ആരേം കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് ഒരു പയ്യൻ അന്തരീക്ഷത്തിൽ കൈകറക്കി നോക്കുന്നു. അണ്ണാ ഒന്നും കാണുന്നില്ലല്ലാ... അവൻ പറഞ്ഞു. ഇതിനിടയിൽ കാലൻ പണിക്കാരൻ ചേട്ടന്റെ കൈയിൽ പിടിച്ചു.. പിന്നെ വരാം എന്നെ വിടൂ എന്ന് അയാൾ പറഞ്ഞു
കൊണ്ടേയിരുന്നു.
ഇതിനിടയിൽ വെയിറ്റിങ് ഷെഡിലെ ഉത്തരത്തിൽ കൈ കയറ്റി പിടിച്ചു കൊണ്ടേയിരുന്നു ...ടേയ്... ഞാൻ അവര് വിളിക്കുന്നിടത്ത് പോണ് എന്ന് ചേട്ടൻ പയ്യന്മാരോട് പറഞ്ഞു. അണ്ണാ... അണ്ണന് എന്തരണ്ണാ പറ്റിയത് എന്ന് പയ്യന്മാർ ചോദിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ചേട്ടനെ കാലനും ചിത്രഗുപ്തനും കൂടി വെയിറ്റിങ് ഷെഡിൽ നിന്ന് വലിച്ചിറക്കി.നിങ്ങൾ ശരിയായി മാസ്‌ക്ക് വയ്ക്കാതെയാണ് ഇവിടെ ഇരുന്നത്.ഈ ട്രിപ്പിൾ ലോക് ഡൗണിലും ചുമ്മാ വന്ന് വെയിറ്റിങ് ഷെഡിലിരുന്ന ഈ രണ്ട് പേരുടെ കുടുംബത്തിന് കൂടി നിങ്ങൾ രോഗം കൊടുത്തു. എന്ന് ചിത്രഗുപ്തൻ പറഞ്ഞ് വിളിച്ചു കൊണ്ട് പോയി. ചേട്ടനെ കാലനും ചിത്ര ഗുപ്തനും ഇടവും വലവുമായി കൊണ്ടു പോകുമ്പോൾ പയ്യന്മാർ വിളിച്ചു ചോദിച്ചു... അണ്ണാ എവിടെ അണ്ണാ പോകുന്നത് എന്ന്.
ഒന്നും മനസ്സിലാകാതെ നിന്ന ചേട്ടനോട് കാലനും ചിത്ര ഗുപ്തനുമല്ല ഇതെന്ന് അറിയിക്കുകയും എതിർവശത്തെ കടയിൽ ഒളിപ്പിച്ചു വച്ച ക്യാമറ കാണിച്ചു കൊടുക്കുകയും ചെയ്തപ്പോൾ ചേട്ടൻ വല്ലാതെ ചിരിച്ചു. അവിടെ മാറി നിന്ന നാട്ടുകാരും പൊട്ടിച്ചിരിച്ചു. നിരവധി പ്രാങ്ക് ഷോകളിലൂടെ ശ്രദ്ധേയരായ ഫ്രാൻസിസ് അമ്പലമുക്കാണ് കാലന്റെ വേഷമിട്ടത്. ചിത്രഗുപ്തന്റെ വേഷമിട്ടത് സാബു പ്ലാങ്കവിളയായിരുന്നു. രജിത്ത് ഐത്തി, ബിനു തിരുവട്ടാർ ,അഭിലാഷ് പച്ച എന്നിവരായിരുന്നു മറ്റ് ആർട്ടിസ്റ്റുകൾ.
കോവിഡ് അവയർനസിന്റെ ഭാഗമായിട്ടാണ് ഈ പ്രാങ്ക് ഷോ ചെയ്യാൻ കേരള സാമൂഹ്യ സുരക്ഷാ മിഷൻ തീരുമാനിച്ചത്. അതിന്റെ ചുമതല സി-ഡിറ്റ് വീഡിയോ ഡിവിഷനെ ഏൽപ്പിക്കുകയും പ്രോജക്റ്റ് കോ-ഓഡിനേറ്ററായി മായേഷ് വൈക്കലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സർക്കാർ ഈ പുതിയ ചുവടുവയ്‌പ്പ് നടത്തിയപ്പോൾ ഇത്തരം ഷോകൾ ചെയ്ത് പരിചയമുള്ള ഒരാളെ അന്വേഷിക്കുകയായിരുന്നു .അങ്ങനെ സൂര്യാ ടി.വിയിലെ തരികിട, ഗുലുമാൽ പ്രോഗ്രാമുകളും കൗമുദി ചാനലിന്റെ ഓ മൈ ഗോഡ് പ്രോഗ്രാമിന്റെ സംവിധായകനുമായ പ്രദീപ് മരുതത്തൂർ ആ ദൗത്യം ഏറ്റെടുക്കുന്നത്.20 വർഷമായി പ്രദീപ് പ്രാങ്ക് ഷോകളുടെ സംവിധായകനായി പ്രവർത്തിക്കുന്നു.
ഈ കോവിഡ് കാലത്ത് ജനങ്ങൾ രസിക്കുകയും എന്നാൽ ആ ചിരിയിൽ ഇങ്ങനെയും ഒരു കോ വിഡ് പ്രശ്‌നം ഒളിച്ചിരിപ്പുണ്ടെന്ന് ഈ പ്രാങ്ക് പ്രോഗ്രാമുകൾ തെളിയിക്കുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഈ പ്രാങ്ക് വീഡിയോ.
മറുനാടന് മലയാളി ബ്യൂറോ