സ്രായേലുകാർക്ക് നേരെ ഫലസ്തീൻകാർ സമീപകാലത്ത് പയറ്റുന്ന പുതിയ ആക്രമണ രീതിയായ കത്തിക്കുത്ത് ഇപ്പോഴും നിർത്തിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംശയം ചോദിക്കാനെന്ന പേരില് ഇസ്രയേലി പട്ടാളക്കാരനരികിലെത്തിയ 16 വയസുകാരൻ ഫലസ്തീനി പോക്കറ്റിൽ നിന്നും കത്തിയൂരി കുത്താനോങ്ങിയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. എന്നാൽ പട്ടാളക്കാരൻ തന്ത്രപരമായി ഒഴിഞ്ഞ് മാറിയതിനാൽ കുത്തേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പട്ടാളക്കാരന്റെ വെടിയേറ്റ് 16 കാരൻ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.സുരക്ഷാക്യാമറകളിലാണ് ഇത് സംബന്ധിച്ച ഫൂട്ടേജ് പകർത്തപ്പെട്ടിരിക്കുന്നത്.

വെസ്റ്റ് ബാങ്ക് നഗരമായ ഹെർബണിൽ നിലകൊണ്ട പട്ടാളക്കാരന്റെ അടുത്തേക്ക് കറുത്ത വസ്ത്രമണിഞ്ഞ യുവാവ് നടന്ന് വരുന്നതീ വീഡിയോയിൽ കാണാം. തന്റെ കൈയിലുള്ള കുറച്ച് പേപ്പറുകൾ കാണിച്ച് സംശയനിവൃത്തി വരുത്താനെന്ന ഭാവത്തിലാണിയാൾ വരുന്നത്. തുടർന്ന് ഇസ്ലായേൽ ഡിഫെൻസ് ഫോഴ്സ് ഗാർഡിന് അടുത്തെത്തിയ ഈ ഫലസ്തീനി പോക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി കത്തിയെടുത്ത് പട്ടാളക്കാരനെ കുത്തുകയും തത്സമയം പട്ടാളക്കാരൻ ഒഴിഞ്ഞ് മാറുകയുമായിരുന്നു.തുടർന്ന് സമീപത്തുള്ള മറ്റൊരു പട്ടാളക്കാരനെ കുത്താൻ ഈ യുവാവ് ശ്രമിച്ചെങ്കിലും അതും തടയപ്പെടുകയായിരുന്നു. പിന്നീട് യൂവാവും പട്ടാളക്കാരും തമ്മിലൊരു മൽപ്പിടിത്തം അരങ്ങേറുകയും അവസാനം ഫലസ്തീനിയെ പട്ടാളക്കാരൻ വെടി വച്ച് കൊല്ലുകയുമായിരുന്നു.

ബാനി നയിം ഗ്രാമത്തിന്റെ പ്രവേശന കവാടത്തിൽ വച്ച് ആയുധധാരിയായ ഫലസ്തീൻ ഭീകരർ ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് സൈനികനെ കുത്താൻ ശ്രമിച്ചുവെന്നും തുടർന്ന് ഇയാളെ വെടിവച്ച് കൊല്ലേണ്ടി വന്നുവെന്നും ഇസ്രയേലി ആർമി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ബാനിനയിം ഗ്രാമക്കാരനായ 16കാൻ ഇസ്സ ടരായ്റയാണ് വധിക്കപ്പെട്ടതെന്നും സൈന്യം വെളിപ്പെടുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലുള്ള കത്തിക്കുത്ത് സംഭവങ്ങൾ കണക്കാക്കുകയാണെങ്കിൽ ഇന്നലെ നടന്നിരിക്കുന്നത് ഇത്തരത്തിലുള്ള ഒമ്പതാമത്തെ സംഭവമാണ്. ഫലസ്തീനികൾ ഈദ് ആഘോഷിക്കുന്നതിന്റെയും ഒക്ടോബറിൽ ആഘോഷിക്കുന്ന യഹൂദ ഹോളിഡേയുടെയും പശ്ചാത്തലത്തിൽ ഇസ്രയേൽ സമീപകാലത്ത് ഇവിടെ സുരക്ഷ വർധിപ്പിച്ചിരുന്നുവെങ്കിലും ഇത്തരം ആക്രമണങ്ങൾക്ക് കുറവൊന്നുമില്ല. ഇത്തരത്തിലുള്ള ഏറ്റവും പുതിയ ആക്രമണങ്ങൾ അധികവും നടന്നിരിക്കുന്നത് വെസ്റ്റ്ബാങ്കിലും ഈസ്റ്റ് ജെറുസലേമിലുമാണ്.

തിങ്കളാഴ്ച യെരുശലേം പഴയ നഗരത്തിൽ ഒരു ഇസ്രയേലി വനിതാ പൊലീസിന് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തുടർന്ന് മറ്റൊരു പൊലീസ് ഓഫീസർക്ക് കുത്തേറ്റ് ചെറിയ പരുക്കേറ്റിരുന്നു. അതിനെ തുടർന്ന് ഇവിടുത്തെ ഫലസ്തീൻകാരുടെ കടകൾ പൊലീസ് അടപ്പിച്ചിരുന്നു.ഇത്തരത്തിലുള്ള ഒരു സംഭവം മറ്റൊന്നിന് പ്രോത്സാഹനമായി വർത്തിക്കുന്നുവെന്നും ഇത്തരം കത്തിക്കുത്ത് ആക്രമണങ്ങൾ വർധിക്കുന്നുവെന്നുമാണ് ഇസ്രയേലി സൈന്യം പ്രതികരിച്ചിരിക്കുന്നത്. ഇത്തരം കത്തിക്കുത്ത് ആക്രമണങ്ങൾക്ക് ഫലസ്തീനിയൻ തെരുവുകളിലും സോഷ്യൽ മീഡിയനെറ്റ് വർക്കുകളിലും വൻ പ്രോത്സാഹനമാണ് ഫലസ്തീൻകാർ നൽകി വരുന്നതെന്നും അക്കാരണത്താലാണിത് വ്യാപിക്കുന്നതെന്നും സൈന്യം ആരോപിക്കുന്നു.പഴയ നഗരത്തിലെ പുരാതന ദേവാലയമായ അൽ-അക്സ മോസ്‌കിലേക്ക് യഹൂദന്മാർ വരുന്നതിനെതിനെ തടയാനാണ് ഭയം ജനിപ്പിക്കുന്ന ഇത്തരം ആക്രമണങ്ങൾ ഇവിടങ്ങളിൽ ഫലസ്തീൻകാർ നടത്തുന്നതെന്നും ഇസ്രയേൽ ആരോപിക്കുന്നു. മുസ്ലീങ്ങളും യഹൂദന്മാരും ഒരു പോലെ പാവനമായി കരുതുന്നതും അവകാശത്തർക്കമുള്ളതുമായ പള്ളിയാണിത്.