ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എമിറേറ്റ്സിന്റെ എ 380 കാറ്റിൽ ആടിയുലഞ്ഞ് മാഞ്ചസ്റ്റർ എയർപോർട്ടിൽ ഇറങ്ങുന്ന നാടകീയമായതും ഞെട്ടിക്കുന്നതുമായ വീഡിയോ പുറത്ത് വന്നു. യാത്രക്കാരായ നമ്മൾ വിമാനത്തിനകത്ത് സുഖമായിരിക്കുമ്പോൾ നമ്മൾ അറിയാതെ എന്തെല്ലാം കാര്യങ്ങൾ ചെയ്താണ് പൈലറ്റുമാർ നമ്മുടെ ജീവൻ രക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്ന ക്രാബ് ലാൻഡിംഗാണ് എ 380 നിർവഹിച്ചിരിക്കുന്നതെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. കടുത്ത കാറ്റിനോട് പൊരുതി എങ്ങനെയോ ബാലൻസ് വീണ്ടെടുത്താണീ വിമാനം നിലത്തിറങ്ങിയിരിക്കുന്നത്. അതിനിടെ പൈലറ്റിനൊന്ന് പാളിയിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന ദുരന്തം വിവരണാതീതമാണ്. വിമാനം ഇറങ്ങാനുപയോഗിച്ച സ്പെഷ്യൽ ക്രാബ് ലാൻഡിങ് ടെക്നിക്കിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ഒരു വീടിന്റെ മേൽക്കുരയുടെ ഭാഗം പാറിപ്പോയിരുന്നു.

കാറ്റിനെ തുടർന്ന് എ 380ന്റെ ചിറകുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിമാനം അവസാനം മുന്നോട്ട് പറന്ന് വിജയകരമായി ലാൻഡിങ് നിർവഹിക്കുന്നതിന് മുമ്പ് ഇത് വശങ്ങളിലേക്ക് നീങ്ങുന്നത് കാണാമായിരുന്നു.കഴിഞ്ഞ വർഷം പകർത്തപ്പെട്ട ഈ വീഡിയോ ഈ അടുത്ത കാലത്താണ് ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്.കടുത്ത കാറ്റിൽ ഉലയുന്ന വിമാനത്തെ സുരക്ഷിതമായി ഇറക്കാനുള്ള മാർഗമാണിവിടെ പയറ്റിയിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധിയും മുൻ പൈലറ്റുമായ സ്റ്റീവൻ ഡ്രാപർ പ്രതികരിച്ചിരിക്കുന്നത്.നല്ല കഴിവും പരിചയവുമുള്ള പൈലറ്റിന് മാത്രമേ ഇത് നിർവഹിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തിലുള്ള ലാൻഡിങ് അപകടകരമാണെങ്കിലും ഇവ പലപ്പോഴും നിർവഹിക്കേണ്ടി വരാറുണ്ടെന്നാണ് യുകെ ഫ്ലൈറ്റ് സേഫ്റ്റി കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവായ ഡായ് വിറ്റിൻഗ്ഹാം വെളിപ്പെടുത്തുന്നത്. ഹൈവിൻഡുകൾ മിക്കവാറും അപകമുണ്ടാക്കാറില്ലെങ്കിലും റൺവേയിലൂടനീളം കാറ്റടിക്കുമ്പോൾ അത് തീർത്തും അസൗകര്യമുണ്ടാക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എല്ലാ പൈലറ്റുമാർക്കും ഇത്തരം സന്ദർഭങ്ങളിൽ വിമാനമിറക്കുന്നതിനുള്ള പരിശീലനം നൽകി വരുന്നുണ്ട്.ഇത്തരം കാറ്റുകൾ പരിധി വിട്ട് ശക്തിപ്രാപിക്കുമ്പോൾ ആ വിമാനത്താവളത്തെ തീർത്തും ഒഴിവാക്കി പൈലറ്റുമാർ വിമാനത്തെ മറ്റൊരു എയർപോർട്ടിലേക്ക് തിരിച്ച് വിടാൻ നിർബന്ധിതരാകാറുണ്ടെന്നും വിറ്റിൻഗ്ഹാം വെളിപ്പെടുത്തുന്നു. ഏറ്റവും വലിയ യാത്രാ വിമാനമായ എമിറേറ്റ്സ് എ 380ൽ 615 യാത്രക്കാർക്ക് സഞ്ചരിക്കാം. ഇതിൽ 557 പേർ സ്റ്റാൻഡേർഡ് എക്കണോമിയിലും 58 പേർ ഫ്ലാറ്റ് ബെഡ് സീറ്റുകളിലുമാണ്.