ദീർഘകാലമായി ബിബിസി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന സീരീസായ പ്ലാനെറ്റ് എർത്ത് 2വിന്റെ എപ്പിസോഡ് കഴിഞ്ഞ രാത്രി പ്രക്ഷേപണം ചെയ്തിരുന്നു. ഡസൻ കണക്കിന് പാമ്പുകൾ ഒരു ഉടുമ്പിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. പാമ്പുകളുടെ പിടിയിൽ നിന്നും കുതറി രക്ഷപ്പെട്ട ഉടുമ്പിന് പിന്നാലെ പാമ്പുകൾ ഒരുമിച്ച് പായുകയായിരുന്നു. ഹൃദയം നിലയ്ക്കുന്ന ഈ വീഡിയോ ഒരു ഞെട്ടലോടെ മാത്രമേ ആർക്കും കാണാൻ സാധിക്കുകയുള്ളൂ. ' ദി സ്റ്റെഫ് ഓഫ് നൈറ്റ്മെയേർസ്' എന്ന ടൈറ്റിലിലാണീ ഫൂട്ടേജ് പ്രക്ഷേപണം ചെയ്തിരിക്കുന്നത്. പസിഫിക്ക് സമുദ്രത്തിലെ ഗാലപഗോസ് ദ്വീപിൽ വച്ചാണീ ദൃശ്യങ്ങൾ ജൂണിൽ ചിത്രീകരിച്ചിരിക്കുന്നത്.

പാമ്പുകളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഓടുന്ന ഉടുമ്പുകളെയും ഇതിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ മറ്റ് ചില ഉടുമ്പുകളെ പാമ്പുകൾ പിടികൂടി വരിഞ്ഞ് മുറുക്കുന്നതും കാണാം. ബിബിസി1ലാണീ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തിരിക്കുന്നത്. ഇവിടെ ചിത്രീകരണത്തിനെത്തിയപ്പോൾ ബിബിസി സംഘം ഈ പാമ്പുകളെ കണ്ട് ആദ്യം ഞെട്ടിപ്പോയെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിലുള്ള പാമ്പുകളെ താൻ മറ്റെവിടെയും കണ്ടിട്ടില്ലെന്നാണ് പ്രോഗ്രാമിന്റെ അവതാരകനായ സർ ഡേവിഡ് ആറ്റൻബറോ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ രാത്രി 8 മണിക്ക് പ്രക്ഷേപണം ചെയ്തിരിക്കുന്ന ഫൂട്ടേജ് കണ്ട് മില്യൺ കണക്കിന് പ്രേക്ഷകരാണ് കണ്ട് ഞെട്ടിയിരിക്കുന്നത്. ഇത് ഒരു യഥാതദ ഭീകര സിനിമയ്ക്ക് സമാനമാണെന്നാണ് നിരവധി പേർ പ്രതികരിച്ചിരിക്കുന്നത്.

ഈ പാമ്പുകളുടെ കണ്ണുകൾ കണ്ടാൽ നിസ്സാരമാണെങ്കിലും അവയ്ക്ക് ഉടുമ്പുകളുടെ ഓരോ ചലനവും നിരീക്ഷിക്കാനുള്ള ശേഷിയുണ്ടെന്നാണ് സർ ഡേവിഡ് ആറ്റൻബറോ പറയുന്നത്. ഈ സീരീസിന്റെ തുടർന്നുള്ള ആറ് പാർട്ടുകളാണ് പ്രക്ഷേപണം ചെയ്യാനിരിക്കുന്നത്. 2006ൽ പ്രക്ഷേപണം ചെയ്യപ്പെട്ട ഫസ്റ്റ് പ്ലാനറ്റ് എർത്തിന്റെ തുടർച്ചയായിട്ടാണ് ഇത് വരുന്നത്. മൂന്ന് വർഷമെടുത്തിട്ടായിരുന്നു ഇത് ചിത്രീകരിച്ചിരുന്നത്. ആദ്യ എപ്പിസോഡ് ദ്വീപിലെ ജീവികളെ കേന്ദ്രീകരിച്ചായിരുന്നു. ഇതിനായി ഒമ്പത് ലൊക്കേഷനുകളിൽ ചിത്രീകരിച്ചിരുന്നു. അടുത്ത ആഴ്ച പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിൽ പർവതപ്രദേശങ്ങളിലെ മൃഗങ്ങളെയാണ് കാണിക്കുന്നത്. മഞ്ഞിൽ ജീവിക്കുന്ന അപൂർ പുള്ളിപ്പുലികളെക്കുറിച്ചുള്ള ഭാഗവും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഈ പരിപാടിക്കുള്ള വർധിച്ച ജനപിന്തുണ ബിബിസി ആഘോഷിക്കുന്നുണ്ട്. 9.2 മില്യൺ പേരാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കണ്ടിരിക്കുന്നത്. മൊത്തം ടിവി പ്രേക്ഷകരിൽ 36 ശതമാനം വരുമിത്. കഴിഞ്ഞ 15 വർഷമായി ബ്രിട്ടനിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള നാച്വറൽ ഹിസ്റ്ററി പ്രോഗ്രാമാണിത്. ആദ്യ സീരീസിനേക്കാൾ കൂടുതൽ ജനപ്രിയമാണ് രണ്ടാമത്തെ സീരീസെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പെൻഗ്വിനുകളുടെ മരണത്തെക്കുറിച്ച് ഈ പരിപാടിയിൽ ഇതുവരെ ചിത്രീകരിച്ചിട്ടില്ല. അവയുടെ മരണം മനുഷ്യരുടെ മരണത്തോട് സാമ്യം തോന്നുന്നതിനാൽ അത് കാഴ്ചക്കാരെ കൂടുതൽ അസ്വസ്ഥരാക്കുമെന്നതാണ് കാരണമെന്നും സൂചനയുണ്ട്.