കുടിച്ച് ലക്കുകെട്ട യുവതി അമിതവേഗത്തിൽ ഓടിച്ച കാർ റൗണ്ട്എബൗട്ടിന് മുകളിലൂടെ പറന്നുപോകുന്ന ഭയാനകമായ കാഴ്ചയുടെ വീഡിയോ വൈറലാകുന്നു. കുഞ്ഞുമായി യാത്ര ചെയ്യവെയാണ് 32-കാരിയായ താനിയ ചിക്ക്‌വാട്ടൂർ ഈ സാഹസം കാണിച്ചത്. സാധാരണ അകത്താക്കുന്നതിലും മൂന്നിരട്ടി മദ്യപിച്ചിരുന്ന താനിയയും കുഞ്ഞും അപകടത്തിൽ മരിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന്, അവരെ 26 ആഴ്ചത്തേയ്ക്ക ജയിലിലിലടച്ചുകൊണ്ട് കോടതി വിലയിരുത്തി.

പീറ്റർബറോയിൽ എ605-ലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. റോഡിലൂടെ അമിത വേഗത്തിൽവന്ന കാർ, ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് റൗണ്ട്എബൗട്ടിലേക്ക് കയറുകയായിരുന്നു. പറന്നുപൊങ്ങിയ കാർ ഏറെദൂരം വായുവിലൂടെ സഞ്ചരിച്ച് നിലത്തടിച്ചുവീണു. ഒന്നരവയസ്സുള്ള കുഞ്ഞ് പിൻസീറ്റിലുണ്ടായിരുന്നു. അപകടദൃശ്യം കാണുന്നവരാരും ഇതിൽ സഞ്ചരിച്ചവരൊന്നും ജീവനോടെയുണ്ടാകില്ലെന്നാകും പ്രതീക്ഷിക്കുക. എന്നാൽ, കാര്യമായ പരിക്കുകളില്ലാതെ താനിയയും കുഞ്ഞും രക്ഷപ്പെട്ടു.

കവൻട്രിയിൽനിന്നുള്ള താനിയ നിസാൻ ക്വാഷ്ഖ്വായ് കാറാണ് ഓടിച്ചിരുന്നത്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് പീറ്റർബറോ മജിസ്‌ട്രേറ്റ് കോടതി ഇവരെ 26 ആഴ്ചത്തേയ്ക്ക് ശിക്ഷിച്ചത്. പിന്നാലെ വന്ന ലോറിയുടെ ഡാഷ്‌ക്യാമറ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 30 വർഷമായി ലോറി ഓടിക്കുന്ന ഈ ലോറി ഡ്രൈവർ, തന്റെ ജീവിതത്തിൽക്കണ്ട ഏറ്റവും അപകടകരമായ ഡ്രൈവിങ്ങാണിതെന്ന് അഭിപ്രായപ്പെട്ടു.

ഓവർടേക്കിങ് പാടില്ലെന്ന് സൂചിപ്പിക്കുന്ന ഭാഗത്തുകൂടിയായിരുന്നു താനിയുയുടെ മരണപ്പാച്ചിൽ. കവൻട്രിയിലെ വീട്ടിൽനിന്നിറങ്ങിയപ്പോൾത്തന്നെ താനിയ മദ്യപിച്ചിരുന്നു. പീറ്റർബറോവരെ വാഹനത്തിലിരുന്നും കുടിച്ചു. താൻ വല്ലപ്പോഴും വോഡ്ക കഴിക്കാറുണ്ടെന്ന് അവർ കോടതിയിൽ ബോധിപ്പിച്ചു. അനുവദനീയമായതിനെക്കാൾ മൂന്നിരട്ടി കൂടുതൽ മദ്യം അവർ അകത്താക്കിയിരുന്നതായി രക്തപരിശോധനയിൽ തെളിയുകയും ചെയ്തു.