കുട്ടികളുമായി ട്രെയിനിൽ കയറുമ്പോൾ അവരെ നന്നായി ശ്രദ്ധിക്കണമെന്നും കൈ മുറുക്കെ പിടിക്കണമെന്നും ഇല്ലെങ്കിൽ അവർക്ക് അപകടസാധ്യതയേറുമെന്നും വിദഗ്ദർ നിർദേശിക്കാറുണ്ട്. സിഡ്നിയിലെ സൗത്ത് ഈസ്റ്റിലുള്ള ക്രോനുല്ല സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ദിവസം ട്രെയിനിൽ കയറുമ്പോൾ നടന്ന അപകടം ഈ മുന്നറിയിപ്പ് ശരിയാണെന്ന് അടിവരയിരുന്നു. മുത്തച്ഛനും മുത്തശിക്കുമൊപ്പം ഇവിടെ ഒരു ട്രെയിനിൽ കയറിയ കുഞ്ഞ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലൂടെ ഊർന്ന് പോകുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അപകടം നടക്കുമ്പോൾ കുട്ടിയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു.

ട്രെയിൻ വന്ന് നിന്നപ്പോൾ മുത്തശ്ശി പെൺകുട്ടിക്കൊപ്പം ആദ്യം ട്രെയിനിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം. തുടർന്ന് മുത്തച്ഛനും ആൺകുട്ടിയും ട്രെയിനിലേക്ക് കയറുമ്പോൾ കുട്ടി താഴോട്ട് ഊർന്ന് വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവ് വളരെ കുറവാണെന്ന് കുട്ടി തെറ്റിദ്ധരിച്ചതിനെ തുടർന്നാണ് അവൻ ഊർന്ന് വീണത്. കുട്ടി താഴോട്ട് പോയെന്ന് തിരിച്ചറിഞ്ഞ വെപ്രാളത്തിൽ മുത്തച്ഛൻ ട്രെയിൻഗാർഡിന് സിഗ്നൽ നൽകുകയും കുട്ടിയെ രക്ഷിക്കാനായി പരിഭ്രമിക്കുന്നതും കാണാം.

തുടർന്ന് മുത്തശ്ശിയും ട്രെയിനിൽ നിന്ന് താഴെയിറങ്ങി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നുമുണ്ട്. മുത്തച്ഛൻ തുടർന്ന് പാട് പെട്ട് കുട്ടിയെ രക്ഷിക്കുന്നുണ്ട്. തുടർന്ന് അദ്ദേഹം തന്റെ ചെറുമകനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നുണ്ട്. സിഡ്നി ട്രെയിൻ വർക്കർമാർ ഇവർക്കടുത്തേക്ക് ഓടി വരുകയും കുട്ടിക്ക് പരുക്കൊന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് അവർ അന്വേഷിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം സിഡ്നിയിലെ സ്റ്റേഷനുകളിൽ 223 കുട്ടികൾ ഇത്തരത്തിൽ വീണിട്ടുണ്ടെന്നാണ് ട്രാൻസ്പോർട്ട് മിനിസ്റ്ററായ ആൻഡ്രൂ കോൻസ്റ്റൻസ് വെളിപ്പെടുത്തുന്നത്. തിരക്ക് പിടിച്ച് ട്രെയിനുകളിൽ കയറുന്നതിനിടയിൽ കുട്ടികളുടെ കൈ മുറുകെ പിടിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.