ന്യൂഡൽഹി: വീഡിയോ ഗെയിം കളിച്ചിരിക്കുന്നതിന് ചീത്ത കേൾക്കാത്ത കുട്ടികൾ അധികമുണ്ടാവില്ല. എന്നാൽ, അവരെ ചീത്തപറയുന്നതിന് മുമ്പ് മാതാപിതാക്കൾ ഓർക്കുക. അധികമല്ലെങ്കിൽ വീഡിയോ ഗെയിം കുട്ടികൾക്ക് പലതുകൊണ്ടും ന്‌ലലതാണ്. കുട്ടികളുടെ സമ്മർദം ഇല്ലാതാക്കുന്നതിനും അവർക്ക് വിഷാദം പിടിപെടാതെ നോക്കുന്നതിനും ബുദ്ധി വികാസത്തിനും അത് സഹായകമാണ്. കുട്ടികളെ പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുന്ന മികച്ച വിദ്യാർത്ഥികളാക്കി മാറ്റാനും വീഡിയോ ഗെയിമുകൾ സഹായിക്കും.

എന്നാൽ, വീഡിയോ ഗെയിമുകൾക്ക് അടിമപ്പെട്ടാൽ അത് ദോഷകരമാണെന്ന വസ്തുതയും മറക്കരുത്. സംഘട്ടനങ്ങളും മറ്റും നിറഞ്ഞ ആക്ഷൻ ഗെയിമുകൾ കുട്ടികളുടെ തലച്ചോറിൽ അസുഖമുണ്ടാക്കാൻ പോലും കാരണമാകുമെന്ന തരത്തിൽ പഠനങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, നിയന്ത്രിതമായ രീതിയിൽ മാത്രം വീഡിയോ ഗെയിം കളിക്കുന്നത് നല്ലതാണെന്നാണ് ഏറ്റവും പുതിയ പഠനറിപ്പോർട്ടിൽ പറയുന്നത്. പുതിയ ഭാഷ പഠിക്കാനും അത് സഹായിക്കുമെന്ന് സ്‌പെയിനിലെ സെന്റ് ലൂയിസ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

12-ാം വയസ്സുമുതൽ വീഡിയോ ഗെയിമുകൾ കളിക്കാൻ തുടങ്ങിയ സിമിയോൺ ബ്രെനിയാണ് ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത്. സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ അദ്ദേഹം, തന്റെ ക്ലാസ്സുകളിൽ 1997 മുതൽ വീഡിയോ ഗെയിമുകളെയും ഉൾപ്പെടുത്തിവരുന്നു. ഭാഷ പഠിക്കുന്നതിനും കാര്യങ്ങൾ പെട്ടെന്ന് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനും ഗെയിമുകൾ സഹായിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ക്ലാസുകൾ ആസ്വാദ്യകരമാക്കാനും അവയ്ക്കാവും.

ഫൈനൽ ഫാന്റസി, ട്രിവിയൻ പർസ്യൂട്ട്. ഹു വാണ്ട്‌സ് ടു ബീ എ മില്ലണയർ, ഹെവി റെയ്ൻ, റൈസ് ഓഫ് ടൂം റൈഡർ തുടങ്ങിയ ഗെയിമുകളാണ് സിമിയോൺ തന്റെ ക്ലാസ്മുറികളിൽ ഉപയോഗിച്ചത്. ഗെയിമുകളുടെ പ്രയോഗസാധ്യത മനസ്സിലാക്കിയ അദ്ദേഹം ഇതിൽ ഗവേഷണം നടത്തുകയായിരുന്നു. ഇന്റൻസീവ് ഇറ്റാലിയൻ ഫോർ ഗെയിമേഴ്‌സ് എന്ന് പേരിട്ട ക്ലാസ്മുറികളിലൂടെ അദ്ദേഹം നടത്തിയ ഗവേഷണം വിജയകരമായി.

രണ്ട് സെമസ്റ്ററുകളിലായി പഠിച്ചിരുന്ന ഇറ്റാലിയൻ ഭാഷാ പഠനം പുതിയ രീതിയിലൂടെ ഒരു സെമസ്റ്ററിലേക്ക് ചുരുക്കാൻ സാധിച്ചു. പരമ്പരാഗതമായ രീതിയിൽ ഭാഷ പഠിക്കുന്നവരെക്കാൾ അഞ്ച് പോയന്റുവരെ കൂടുതൽ നേടാനും വീഡിയോ ഗെയിമുകളുടെ സഹായത്തോടെ പഠിച്ചവർക്ക് സാധിച്ചു. 30 മിനിറ്റ് പരമ്പരാഗത രീതിയിൽ ക്ലാസെടുക്കുകയും തുടർന്നുള്ള 20 മിനിറ്റ് വീഡിയോ ഗെയിമുകളുടെ സഹായത്തോടെ പഠിപ്പിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി.