ന്യൂഡൽഹി: നൂപുർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടതിന്റെ പേരിൽ ഉദയ്പൂരിൽ കനയ്യ ലാലിനെ അരുംകൊല ചെയ്ത തീവ്ര ഇസ്ലാമിസ്റ്റുകളായ പ്രതികൾക്ക് ആൾക്കൂട്ടത്തിന്റെ മർദ്ദനം. പ്രതികളെ കോടതിയിൽ ഹാജരാക്കിയ വേളയിലായിരുന്നു ആൾക്കൂട്ടം വളഞ്ഞിട്ടും ആക്രമിച്ചത്. ജയ്പൂരിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയതിന് ശേഷം പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന രണ്ട് പ്രതികളെ ചുറ്റും നിന്ന രോക്ഷാകുലരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

കോടതി പരിസരത്ത് തടിച്ചുകൂടിയ ജനങ്ങളും അഭിഭാഷകരും പ്രതികളെ കണ്ടതോടെ ആക്രോശിച്ച് അവർക്ക് നേരെ തിരിയുകയായിരുന്നു. പാക്കിസ്ഥാൻ മൂർദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികൾക്ക് വധശിക്ഷ നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങളും അവർ മുഴക്കി. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതികളെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ഇതിനോടകം തന്നെ പ്രതികൾക്ക് നല്ലതു പോലെ മർദ്ദനമേറ്റിരുന്നു.

ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ തയ്യൽക്കടയുടമയായ കനയ്യ ലാലിനെ ഒരു സംഘം കഴുത്തറുത്തുകൊലപ്പെടുത്തിയത്. പ്രവാചകനെതിരേ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് മണിക്കൂറുകൾക്കുള്ളിൽ മുഖ്യപ്രതികളായ റിയാസ് അക്താരിയേയും ഗോസ് മുഹമ്മദിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെ കൂടി പൊലീസ് പിന്നീട് പിടികൂടി. നാല് പ്രതികളേയും ഇന്ന് ജയ്പൂരിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളെ കോടതി ജൂലായ് 12 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.

കനയ്യ ലാലിന്റെ കൊലപാതകികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരിൽ തനിക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന് മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് കനയ്യ ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നു.

അതേസമയം പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലി രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. ഉദയ്പുരിൽ തയ്യൽ കടക്കാരനെ തലയറുത്തുകൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണമാണ് സൈബറിടത്തിൽ ഉടലെടുത്തത്. ഈ ആരോപണം ബിജെപി തള്ളുകയാണ് ഉണ്ടായത്. ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കൊലയാളികൾക്ക് ബിജെപിയുമായി ബന്ധമെന്ന പ്രചാരണങ്ങളെയാണ് ബിജെപി ശക്തമായി എതിർത്ത് രംഗത്തെത്തിയത്.

'രണ്ട് പ്രതികളുമായും ഞങ്ങൾക്ക് ബന്ധമില്ല' രാജസ്ഥാൻ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സാദിഖ് ഖാൻ പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ പരാജയമാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യലാലിന്റെ കൊലപാതകത്തിൽ പ്രതികളായ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ന്യൂനപക്ഷ മോർച്ചയിൽ ചേരാൻ വർഷങ്ങളായി ശ്രമം നടത്തിയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

റിയാസ് അട്ടാരിയും ന്യൂനപക്ഷ മോർച്ചയിലെ നേതാക്കളും ഒരുമിച്ച് നിൽക്കുന്ന ചില പഴയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇവർ തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് ബിജെപിയെ മറയാക്കാൻ വേണ്ടി ഉപയോഗിച്ചെന്ന ആരോപണമായിരുന്നു ഉയർന്നത്. ഈ ആരോപണം ചൂണ്ടിക്കാട്ടി ഇവർ ബിജെപിക്കാരാണെന്ന വിധത്തിലും പ്രചരണം തുടങ്ങി.

സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് ഈ ആരോപണങ്ങൾ ഏറ്റെടുപ്പിടിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ മോർച്ച വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കനയ്യലാലിനെ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവം നടന്ന മണിക്കൂറുകൾക്കം പിടിയിലായ ഇരുവരും നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുള്ള കേസ് എൻ.ഐ.എ ആണ് അന്വേഷിക്കുന്നത്.