കോഴിക്കോട്; ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹർത്താലിന്റെ മറവിൽ വർഗീയ കലാപത്തിനുള്ള നീക്കവുമെന്ന് പരാതി. ഇത് വെളിവാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോഴിക്കോട് മിഠായിത്തെരുവിൽ അക്രമം നടത്തിയ സംഘപരിവാർ പ്രവർത്തകർ മുസ്ലിംഗങ്ങൾക്കെതിരെ കൊലവിളി നടത്തുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരിക്കുന്നത്. പൊലീസിനെ നോക്കുകുത്തിയാക്കിയായിരുന്നു സംഘ്പരിവാർ പ്രവർത്തകരുടെ കൊലവിളി

സംഘപരിവാർ ഹർത്താലിനിടെ കോഴിക്കോട് മിഠായിതെരുവിലെ ഗണപതി മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് പ്രത്യേക മതവിഭാഗത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ കലാപഭീഷണി മുഴക്കിയത്. ഒരൊറ്റ മുസ്‌ലീമും ഇവിടെയുണ്ടാകില്ല. എല്ലാ പള്ളിയും പൊളിക്കും എന്നിങ്ങനെയുള്ള വെല്ലുവിളിയാണ് ഇവർ നടത്തുന്നത്.

ഹർത്താലിനെ തള്ളി കടകൾ തുറന്ന മിഠായിത്തെരുവിലെ വ്യാപാരികൾക്കെതിരെ പ്രതിഷേധവുമായാണ് സംഘപരിവാർ പ്രവർത്തകരെത്തിയത്. കടകൾ തല്ലിത്തകർത്ത അക്രമികൾ മാരിയമ്മൻ ക്ഷേത്രത്തിന് സമീപം തമ്പടിക്കുകയായിരുന്നു. ഇതിന് സമീപത്ത് തന്നെയാണ് വി.എച്ച്.പി, ബജ്രംഗ്ദൽ കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നത്. പൊലീസും മാധ്യമപ്രവർത്തകരും വ്യാപാരികളും ഗെയിറ്റിന് ഇപ്പുറം നിൽക്കെയാണ് പരസ്യമായി സംഘ്പരിവാർ കൊലവിളി നടത്തിയത്.

വീഡിയോ കടപ്പാട് മീഡിയാവൺ ടിവി