കോഴിക്കോട്: ശുചീകരണത്തൊഴിലാളികളുടെ ദുരന്ത ജീവിതത്തിന്റെ കഥ പറഞ്ഞുകൊണ്ട് വിധു വിൻസെന്റ് നടന്നു കയറിയിലിക്കുന്നത് ചരിത്രത്തിലേക്കാണ്. നാൽപത്തിയേഴ് വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത മികച്ച സംവിധാനത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നത്. വിധുവിന്റെ ആദ്യ സിനിമാ സംരഭം കൂടിയായ മാൻഹോൾ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിലും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാൻഹോൾ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടുന്നതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ പ്രധാന ഏടാവുകയാണ് വിധുവിന്റെ വിജയം. വിധു വിൻസെന്റിന്റെ ആദ്യ സിനിമ സംരംഭമാണ് മാൻഹോൾ. ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന പുരസ്‌കാരവും കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും നേടുന്ന വനിത എന്ന ബഹുമതിയും വിധുവിന് സ്വന്തമായി.

രണ്ട് പുരസ്‌കാരവും സ്ത്രീക്ക് കിട്ടുന്നതു തന്നെ ചരിത്രമാണെന്നാണ് അവാർഡ് കിട്ടിയ വാർത്തയോടുള്ള വിധുവിന്റെ ആദ്യ പ്രതികരണം .'അവാർഡ് രാഷ്ട്രീയവും സാമൂഹ്യവുമായ എന്റെ ഉത്തരവാദിത്വം കൂട്ടുന്നു. രാഷ്ട്രീയമായി എകത്രമാത്രം കൂടുതൽ ശരിയായിയിരിക്കണം എന്ന ബോധ്യമുണ്ട്' വിധു വിൻസെന്റ് പറയുന്നു.

ലിജി പുൽപ്പള്ളി, അഞ്ജലി മേനോൻ, ശ്രീബാലാ കെ. മേനോൻ, ഗീതു മോഹൻദാസ്, രേവതി തുടങ്ങി വിരലിലെണ്ണാവുന്ന വനിത സംവിധായകർ മലയാള സിനിമയിൽ രംഗപ്രവേശനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് മികച്ച സംവിധായികയ്ക്കുള്ള അവാർഡ് ഒരു വനിതയെ തേടിയെത്തുന്നത്. അതും ആദ്യ സിനിമ സംരംഭത്തിൽ തന്നെ അവാർഡ് നേടുകയെന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

കഴിഞ്ഞ ഐ എഫ്എഫ് കെയിൽ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസ്‌കി അവാർഡും മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരവും വിധു വിൻസെന്റിനായിരുന്നു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചലച്ചിത്ര അക്കാദമിയുടെ കീഴിൽ പ്രവർത്തനം തുടങ്ങിയിട്ട് 18 വർഷത്തോളമായെങ്കിലും മലയാളത്തിൽ നിന്ന് ആദ്യമായയാണ് ഒരു വനിത സംവിധായികയുടെ സിനിമ മത്സര വിഭാഗത്തിലേക്ക് തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

കൊല്ലം സ്വദേശിനിയായ വിധു വിൻസെന്റ് മാധ്യമ പ്രവർത്തകയാണ്. മനോരമ വിഷൻ മീഡിയ വൺ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘ കാലത്തെ ടെലിവിഷൻ മാധ്യമ പ്രവർത്തക എന്ന അനുഭവം കൈമുതലാക്കി നേരത്തേ സംവിധാനം ചെയ്ത 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയെയാണ് മാൻഹോൾ എന്ന ഫീച്ചർ സിനിമയായി വിധു മാറ്റിത്തീർത്തത്.

മാൻഹോൾ എന്ന സിനിമാ പിറന്നതിനെക്കുറിച്ച് വിധു ഒരു ഒഭിമുഖത്തിൽ വിവരിച്ചത് ഇങ്ങനെയാണ്:

ഡോക്യുമെന്ററിക്ക് അതിന്റേതായ പരിമിതികൾ ഉണ്ടെന്ന തിരിച്ചറിവിലാണ് ശുചീകരണ തൊഴിലാളികളുടെ ജീവിത്തെ വിധു വിൻസെന്റ് സിനിമാക്കി മാറ്റിയത്. പിന്നെ ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയിൽ ഒതുക്കി നിർത്താൻ പറ്റില്ല. ഡോക്യുമെന്ററി ചെയ്തതതിന് ശേഷം ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് ഫോളോ അപ് സ്റ്റോറികൾ ചെയ്തിട്ടുണ്ട്. നമ്മൾ എത്ര സ്റ്റോറികൾ ചെയ്യുമ്പോഴും, ആ സ്റ്റോറികൾ നമുക്ക് അംഗീകാരങ്ങൾ നേടിത്തരുമ്പോഴും അവരുടെ ജീവിതാവസ്ഥ മാറുന്നില്ല. അതിങ്ങനെ തുടരുകയാണ്. അത് നമുക്കുണ്ടാക്കുന്ന ഒരു ഭയങ്കര പ്രശ്നം ഉണ്ട്. എനിക്കത് ഞാൻ കൈകാര്യം ചെയ്യുന്ന ഒരു സബ്ജക്ട് മാത്രമായി കാണാൻ പറ്റിയില്ല. ഡോക്യുമെന്ററി എന്നതിനപ്പുറം ഒരു മീഡിയത്തിലേക്ക് അത് എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. ഒരു ലാർജർ ഓഡിയൻസിനോട് ഇത് സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി. ആ സംസാരത്തിനും കാഴ്ചയ്ക്കും ഒക്കെ ഒരു സോഷ്യൽ ചേഞ്ചിലേക്ക് അതിനെ മാറ്റാൻ സാധിക്കുമോ എന്നൊക്കെയുള്ള ഒരു ആലോചന ഉണ്ടായി. ബേസിക്കലി എന്റെ ഉള്ളിൽ ഒരു ആക്റ്റിവിസ്റ്റ് ഉള്ളതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ ആലോചിച്ചത്. അങ്ങനെയാണ് ഒരു സിനിമയുടെ ക്യാൻവാസിനെ കുറിച്ച് ആലോചിക്കുന്നതും എന്റെ സുഹൃത്തിനോട് ഇത്തരമൊരു കഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതും. നമ്മൾ തന്നെ കേട്ട പല മനുഷ്യരുടെ കഥ ഒരു പേർസ്പെക്ടീവിൽ ചരടിൽ കോർക്കുന്നതും കഥയാക്കുന്നതും ഒക്കെ. അതൊരു വൈഡർ പേർസ്പെക്ടീവിൽ അവതരിപ്പിക്കണം എന്നു തോന്നി. ഡോക്യുമെന്ററിയുടെ ഒരു പ്രശ്നം എന്നു പറയുന്നതു നമ്മൾ റിയാലിറ്റിയാണ് ഷൂട്ട് ചെയ്യുന്നത്. അവർ ജീവിതത്തിൽ സംഭവിച്ച കാര്യം നമ്മളോട് പറയുകയാണ്. പലപ്പോഴും ടോക്കിങ് ഹെഡ്സ് ആയിട്ടാണ് ഡോക്യുമെന്ററി നമ്മുടെ മുന്നിൽ വരുന്നത്. പലപ്പോഴും അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അതിന്റെ ഭൂതാവസ്ഥയിൽ നമുക്ക് കാണിക്കാൻ പറ്റില്ല. അപ്പോ അത് റിക്രിയേറ്റ് ചെയ്യുകയെ മാർഗ്ഗം ഉള്ളൂ.

ഈ സിനിമ പ്രധാനമായും ഭരണകൂടം ഇവർക്ക് നേരെ നടത്തുന്ന ഒരു ഡിനയലിനെ കുറിച്ചിട്ടാണ്. അതെന്താണെന്ന് വച്ചാൽ ഒരു ജോലി, ഒരു തൊഴിൽ ഇല്ല എന്ന്! അവർ പറയുന്നു. സ്വാഭാവികമായിട്ടും ഇത്തരമൊരു തൊഴിൽ ഇല്ല എന്നു ഭരണകൂടം പറയുമ്പോൾ ആ തൊഴിൽ ചെയ്യുന്നവരും ആ തൊഴിൽ ചെയ്യുമ്പോൾ അപകടം സംഭവിച്ച് അംഗവൈകല്യം ഉണ്ടാകുന്നവർക്കും മരിച്ചുപോകുന്നവരുടെ കുടുംബത്തിന് നഷ്ട പരിഹാരം കൊടുക്കേണ്ട ബാധ്യതയിൽ നിന്നും ഒക്കെ ഭരണകൂടത്തിന് അല്ലെങ്കിൽ സ്റ്റേറ്റിന് മാറി നില്ക്കാൻ പറ്റുന്നുണ്ട്. മാനുവൽ സ്‌കാവെഞ്ചേഴ്‌സ് ഇല്ല എന്ന് സർക്കാർ പറയുന്നു. അതേസമയം ആ പണി ചെയ്തു ജീവിതം പോയ ഒരുപാട് ആൾക്കാരുണ്ട്. ഇവരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് നമ്മൾ ഡീൽ ചെയ്യുന്നത്. ഭരണകൂടം അതില്ല എന്നു പറയുന്നു. നിരന്തരമായ ഡിനയലിലൂടെ ഒരു തൊഴിലിനെ നിഷേധിക്കുകയും നിയമത്തിന്റെ കൂട്ട് പിടിച്ചുകൊണ്ടു ആ തൊഴിൽ ചെയ്യുന്ന കുറെ ജീവിതങ്ങളുടെ എക്സിസ്റ്റൻസിനെ ഇല്ലാതാക്കുകയും ചെയ്യുന്നതെങ്ങനെ എന്നുള്ള ഒരു അന്വേഷണമാണ് നമ്മൾ ഇതിനകത്ത് നടത്താൻ ശ്രമിച്ചത്. അവരുടെ അതിനോടുള്ള ഒരു പ്രതികരണം ഒക്കെയായിട്ടാണ് ഇതിന്റെ ഒരു കൈമാക്സ് വരുന്നത്.

ഇത്തരം കഥകൾ സിനിയാക്കാൻ പദ്ധതിയിടുമ്പോൾ പ്രോഡ്യൂസറെ കിട്ടുക എന്നത് തന്നെയാണ് ഏറ്റവും വല്യ വെല്ലുവിളി. ഈ സിനിമ കണ്ട സുഹൃത്തുക്കൾ എന്നോടു പറഞ്ഞത് ഇത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മെസേജ്. ഇത് ഷോക്ക് ആകുന്നത് ഈ മനുഷ്യർ നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ട് എന്ന് തിരിച്ചറിയുന്നിടത്താണ്. നമ്മൾ ഇവരുടെ ഇടയിലാണോ ജീവിക്കുന്നത്, ഇവർ നമ്മുടെ ഇടയിൽ ഉണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മൾ അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കുന്നത്. ഞാൻ പലരോടും ചോദിച്ചിട്ടുണ്ട് നിങ്ങളുടെ വീട്ടിൽ കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ ആരെങ്കിലും എപ്പോഴെങ്കിലും വന്നിട്ടുണ്ടോ എന്ന്. അപ്പോ വന്നിട്ടുണ്ട് അത് രാത്രിയിലല്ലേ അവർ വരുന്നത്. അതുകൊണ്ടാണ് നമ്മൾ ഇവരെ കാണാത്തത്. ഞാൻ ചെറുതായിരിക്കുമ്പോൾ എന്റെ വീട്ടിലൊക്കെ കക്കൂസ് വൃത്തിയാക്കാൻ ആളുകൾ വരുന്നത് രാത്രിയിലാണ്. അവർ വരുമ്പോഴേക്കും ഞങ്ങളെയൊക്കെ ഉറക്കും. കാരണം അത് തുറക്കുമ്പോഴേക്കും ഭയങ്കരമായ ദുർഗന്ധം ഉണ്ടാകും. എന്നിട്ട് ഈ മനുഷ്യർ രാത്രിയിൽ എപ്പോഴോ പണി തീർത്തു പോകുകയും ചെയ്യും. നമ്മൾ വെളിച്ചത്തിൽ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവൻ എന്ന് എനിക്കു വേറൊരു തരത്തിൽ തോന്നിയിട്ടുണ്ട്. അതിനെയാണ് നമ്മൾ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്.

നമ്മൾ എന്തൊക്കെ പറഞ്ഞാലും മലം എന്ന് പറയുന്നത് എല്ലാവരുടെ ഉള്ളിലും ഭങ്കരമായ വെറുപ്പ് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഭക്ഷണം കഴിക്കുന്നത് എത്ര ആസ്വദിച്ചാണെങ്കിലും അത് പുറത്തേക്ക് പോകുന്നത് അത്ര വെറുക്കുന്ന വസ്തുവായിട്ടാണ്. അത് വൃത്തിയാക്കുന്ന പണിചെയ്യുന്ന മനുഷ്യരോടും പൊതുവേ ആളുകൾക്ക് ഒരു വെറുപ്പുണ്ട്. അവരെ സമൂഹം മാറ്റി നിർത്തുന്ന ഒരവസ്ഥയുണ്ട്. തോട്ടിയുടെ മകനിൽ ചുടലമുത്തു പറയുന്ന ഒരു കാര്യമുണ്ട്. എല്ലാവർക്കും ഞങ്ങളെ വേണം. ഇവരൊക്കെ ഇങ്ങനെ വൃത്തിയായി നടക്കുന്നത് ഞങ്ങൾ ഉള്ളതുകൊണ്ടാണ്, അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു. അതൊരു വലിയ യാഥാർഥ്യമാണ്. അത് എങ്ങനെ പുറത്തുകൊണ്ടുവരാൻ പറ്റും എന്നൊരു ആലോചന ഇതിലുടനീളം ഉണ്ടായിരുന്നു. പിന്നെ ഇതിനകത്ത് അഭിനയിച്ചവരിൽ ആ കോളനിയിൽ നിന്നുള്ള ആളുകൾ ഉണ്ട്. ഇവരൊക്കെ എത്രയോ നാളുകളായിട്ട് എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഫിലിമിന്റെ സ്‌ക്രിപ്റ്റ് കൺസൽറ്റന്റായിട്ടുള്ള ഒരു ചങ്ങാതിയുണ്ട്, ഈ സഫായി കർമ്മചാരി സമിതിയുടെ ബൽസാദാ വിൽസന്റെ, ഈയിടെ മാഗ്സസെ അവാർഡ് കിട്ടിയ ആളില്ലേ, അയാളുടെ കൂടെ പ്രവർത്തിക്കുന്ന ആളാണ്. കേരളത്തിലെ സഫായി കർമ്മചാര സമിതിയുടെ പ്രചാരകനും കൂടിയിട്ടാണ്. ആ നിലയിൽ ഒരു രാഷ്ട്രീയ അവബോധവും കൂടെയുള്ളവരാണ് ഇവർ. അതുകൊണ്ട് തന്നെ വേറൊരു തലത്തിൽ പൊളിറ്റിസൈസ്ഡ് ആയിട്ടാണ് അവരും ഈ സിനിമയെ സ്വീകരിച്ചത്. ഈ സിനിമയിൽ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.

നമ്മൾ മുഖ്യധാരാ എന്ന് വിചാരിക്കുന്ന ഒരുവിഭാഗം ആൾക്കാർ, അങ്ങനെ അല്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം ആളുകൾ. അങ്ങനെ ആരാണ് വിചാരിക്കുന്നത് എന്ന പ്രശ്നം വേറെയുണ്ട്. ഈ ഷൂട്ടിംഗിന്റെ ഇടവേളയിലൊക്കെ ആളുകൾ ഇതിനെക്കുറിച്ചു സംസാരിക്കുകയും കോളനിയിൽ നിന്നുള്ള ആളുകൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും മറ്റുള്ളവർ അത് കേൾക്കുകയും അതുതന്നെ മൊത്തത്തിൽ നല്ലൊരു അനുഭവമായി എനിക്കു തോന്നി. അങ്ങനെ ആളുകൾക്ക് ഇടപഴകാനും പരസ്പരം അറിയാനും ഒക്കെ അവസരം ഉണ്ടാവുകയാണ്. വാസ്തവത്തിൽ ഞാൻ എന്റെ ക്യാമറകൊണ്ട് കാര്യങ്ങൾ ചിത്രീകരിക്കുന്നത് പോലെയാണ് അവർ മൺവെട്ടി കൊണ്ട് മലം കോരിക്കളയുന്നത്. ഞാൻ ഇത് വച്ചിട്ടു വേറൊരുതരം വൃത്തിയാക്കലിനെ കുറിച്ച് പറയുന്നു. അവർ മൺവെട്ടികൊണ്ട് വേറൊരു വൃത്തിയാക്കൽ ചെയ്യുന്നു. ഈ രീതിയിലുള്ള പരസ്പരം മനസിലാക്കലുകളും ഇടപെടലുകളും ഷൂട്ടിംഗിൽ ഉടനീളം ഉണ്ടായി എന്നുള്ളത് അതിന്റെ വേറൊരു വശമാണ്. എനിക്കു തോന്നുന്നു സിനിമ നമ്മളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവർത്തനം കൂടെയാകുന്നത് ഇത്തരം ഇടപെടലുകളിലൂടെയാണ്. അത് ഫ്രെയിമിൽ എത്തുമ്പോൾ മാത്രമല്ല നമ്മൾ അതിനകത്ത് ജോലി ചെയ്യുമ്പോഴും അതിനകത്തുള്ള മനുഷ്യരുമായി ഇടപെടുമ്പോഴും ഒക്കെ വളരെ പ്രധാനം തന്നെയാണ്.- വിധു വിൻസെന്റ് കൂട്ടിച്ചേർക്കുന്നു.