ലോസ്ആഞ്ചലസ്: കാലിഫോർണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ കൊച്ചുകുട്ടികൾ വിദ്യാരംഭം കുറിച്ചു. പെന്തക്കുസ്താ ദിവസമായിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്.

ഞായറാഴ്ച രാവിലെയുള്ള ദിവ്യബലിക്കുശേഷം ദേവാലയത്തിലെ പരിശുദ്ധമായ അൾത്താരയ്ക്കു മുന്നിലായിരുന്നു വിശ്വാസപൂർവമായ വിദ്യാരംഭം കുറിച്ചത്. ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി ആദ്യാക്ഷരപൂജയ്ക്ക് ഗുരുവായി. 12 കുട്ടികൾ പങ്കെടുത്ത ചടങ്ങ് അനുഗ്രഹവർഷത്താൽ നിറഞ്ഞുനിന്നു.

മാതാപിതാക്കളുടേയും ഇടവകാംഗങ്ങളുടേയും പ്രാർത്ഥനാനിരതമായ സാന്നിധ്യത്തിൽ അക്ഷരലോകത്തേക്കുള്ള വാതായനങ്ങൾ ഇമ്മാനുവേലച്ചൻ കുട്ടികൾക്കായി തുറന്നുകൊടുക്കുകയും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. തദവസരത്തിൽ ഇടവക ഗായകസംഘാംഗങ്ങൾ പരിശുദ്ധാത്മാവിന്റെ ഗാനം ആലപിച്ചു.

കുഞ്ഞുങ്ങളുടെ കൈവിരലിൽ പിടിച്ച് അരിയിൽ 'ജീസസ്' എന്നെഴുതിപ്പിച്ച് വിദ്യാരംഭത്തിനു തുടക്കമായി. തുടർന്ന് ഇമ്മാനുവേലച്ചൻ കുട്ടികൾക്ക് മിഠായികൾ നൽകുകയുണ്ടായി.

ഇടവക സാക്രിസ്റ്റീൻ ജോവി തുണ്ടിയിൽ, കൈക്കാരന്മാരായ ബിജു ആലുംമൂട്ടിൽ, ബൈജു വിതയത്തിൽ എന്നിവരാണ്  എഴുത്തിനിരുത്തിനു നേതൃത്വം നൽകിയത്. ജെയ്‌സൺ ജേക്കബ് ദൃശ്യങ്ങൾ പകർത്തി. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.