കൊട്ടാരക്കര: പത്തനാപുരം മഞ്ഞക്കാല സ്വകാര്യ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ച കുന്നിക്കോട് പറയംകോട് നിതിൻ ഭവനിൽ വിദിന്റെ മരണത്തിൽ ദുരൂഹത. വി.എച്.എസ്.സി രണ്ടാം വർഷ ഇലക്ട്രിഷ്യൻ വിഭാഗം വിദ്യാർത്ഥിയായിരുന്ന വിദിൻ 2016 ഡിസംബർ 16 നാണു സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. തുടർന്ന് ചലനശേഷി ഇല്ലാതെ 7 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സക്കൊടുവിൽ മരിക്കുകയായിരുന്നു.

സഹപാഠിക്ക് ഫോണിൽ മെസേജ് അയച്ചു എന്ന് ആരോപിച്ചു തലേ ദിവസം പരീക്ഷ ഹാളിൽ നിന്നും വിദിനെ വിളിച്ചു ഒരു അദ്ധ്യാപകനും പി.ടി.എ പ്രസിഡന്റും ചേർന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതിനു പുറമെ സംഭവം നടന്ന ദിവസം രാവിലെ ചിലർ വഴിയിൽ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സുഹൃത്തുക്കൾ പറയുന്നുണ്ട്. ഇത്രയേറെ ദുരൂഹതകൾ ഉണ്ടായിട്ടും മൊഴികൾ രേഖപ്പെട്ടുത്താനോ, തുടരന്വേഷണം നടത്താനോ തയാറാകാതെ സ്‌കൂൾ മാനേജ്‌മെന്റിന്റെയും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വക്താവായ പി.ടി.എ പ്രസിഡന്റിന്റെയും സ്വാധീനത്താൽ പൊലീസ് ഫയൽ മടക്കുകയായിരുന്നു.

2017 മാർച്ച് ആദ്യം രക്ഷകർത്താക്കൾ മുഖ്യമന്ത്രിക്കും, ഡി.ജി.പി. ക്കും, കൊട്ടാരക്കര റൂറൽ എസ് .പി ക്കും, പുനലൂർ എ.സി.പി. ക്കും, പത്തനാപുരം സിഐ ക്കും, പരാതി നൽകി. എന്നാൽ യഥാസമയം അന്വേഷണം നടത്താതെ തെളിവുകൾ നശിപ്പിക്കാൻ മാനേജ്‌മെന്റിന് പൊലീസ് കൂട്ടുനിൽക്കുകയാണ് എന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

ചുമട്ടു തൊഴിലാളി ആയിരിക്കുന്ന അച്ഛൻ വിക്രമനു ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഇപ്പോൾ ജോലിക്ക് പോകാൻ കഴിയില്ല. 'അമ്മ വീട്ടു വേലക്ക് പോയി കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ഈ കുടുംബത്തെ പോറ്റുന്നത്. മകന്റെ മരണ കാരണം അറിയാനും നീതി ലഭിക്കാനും വേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകൾ ഇല്ല.

നിയമ സഹായത്തിനോ സാമ്പത്തിക സഹായത്തിനോ ആരും ഇല്ലാത്ത ഈ കുടുംബത്തിന് വേണ്ടി സോഷ്യൽ മീഡിയ ഇടപെട്ട് ഹാഷ് ടാഗ് കാംപൈൻ തുടങ്ങി ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.