യൽരാജ്യങ്ങളായ പാക്കിസ്ഥാനെയും നേപ്പാളിനെയും ശ്രീലങ്കയെയുമൊക്കെ വരുതിയിലാക്കി ഇന്ത്യയെ സമ്മർദത്തിലാക്കുകയെന്ന തന്ത്രമാണ് ചൈന പയറ്റുന്നത്. ഇതോടൊപ്പം സൗത്ത് ചൈന കടലിലെ സൈനികസാന്നിധ്യം കൂട്ടാനും അവർ ശ്രമിക്കുന്നു. ചൈന നിരന്തര ഭീഷണിയായി മാറുന്നതോടെ, അതേ തന്ത്രം ചൈനയുടെ അയൽരാജ്യങ്ങളിൽ പയറ്റുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുതന്ത്രം വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ന്യൂഡൽഹിയിൽ ഇന്നാരംഭിക്കുന്ന ഇന്ത്യ-ആസിയാൻ ഉച്ചകോടി അതിനുള്ള വഴിമരുന്നൊരുക്കും.

സൗത്ത് ചൈന കടലിൽ ചൈനയുടെ ഇടപെടലുകളിൽ കടുത്ത എതിർപ്പുയർത്തിയ വിയറ്റ്‌നാമുമായാണ് ഇന്ത്യ അടുക്കുന്നത്. നാവിക മേഖലയിൽ സഹകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും വിയറ്റ്‌നാമും ചർച്ച നടത്തി. പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യ-അസിയാൻ ഉച്ചകോടിക്ക് മുന്നോടിയോയി മോദിയും വിയറ്റ്‌നാം പ്രധാനമന്ത്രി എൻഗുയേൻ സുവാൻ ഫുക്കുമായി നടന്ന ചർച്ചയിലാണ് ഈ ശ്രദ്ധേയ നീക്കങ്ങൾ.

തെക്കുകിഴക്കേ ഏഷ്യയിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് വിയറ്റ്‌നാം ഇന്ത്യയോട് ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങൾ ഇന്ത്യയുമായി സഹകരണം ആഗ്രഹിക്കുന്നവരാണെന്നും എൻഗുയേൻ പറഞ്ഞു. പ്രതിരോധ സഹകരണമാണ് ഇന്ത്യയുമായുള്ള ബന്ധത്തിലെ ഏറ്റവും സുശക്തമായ ഘടകമെന്നും അദ്ദേഹം പറഞ്ഞു.

വിയറ്റ്‌നാം പ്രധാനമന്ത്രിക്ക് പുറമെ, മ്യാന്മർ സ്റ്റേറ്റ് കൗൺസലർ ആങ് സാൻ സ്യൂകിയും ഫിലിപ്പിൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെയും മോദിയുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ മ്യാന്മർ സന്ദർശിച്ചപ്പോഴുണ്ടായ നിർണായക തീരുമാനങ്ങളിൽ ഏറെ പുരോഗതി കൈവരിക്കാൻ സ്യൂകിയുമായുള്ള ചർച്ചയിൽ സാധിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. റോഹിങ്യൻ അഭയാർഥിപ്രശ്‌നവും ഇരുനേതാക്കളും ചർച്ച ചെയ്തതായി അദ്ദേഹം പറയുന്നു.

ആസിയാൻ ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്ന മേഖലയിലെ രാഷ്ട്രത്തലവന്മാരുമായി മോദി വെവ്വേറെ ചർച്ചകൾ നടത്തുന്നുണ്ട്. ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോബോ ജോക്കോവിയൊഴികെ എല്ലാ നേതാക്കളും ബുധനാഴ്ചതന്നെ ഡൽഹിയിലെത്തിച്ചേർന്നിട്ടുണ്ട്. ജോക്കോവി ഇന്നെത്തിച്ചേരും. ഇന്ത്യയും ഫിലിപ്പീൻസുമായുള്ള നേരി്ട്ടുള്ള നിക്ഷേപക്കരാറുകൾ ഉച്ചകോടിയിൽ മോദിയും ജോക്കോവിയും ഒപ്പുവെക്കും.