റാന്നി: ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങൂന്നതിനിടെ പഴവങ്ങാടി വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ സതീഷ്‌കുമാർ വിജിലൻസ് പിടിയിൽ. ആലപ്പുഴ പത്തിയൂർ തലപ്പുഴയേത്ത് രാഹുലേയം വീട്ടിൽ സതീഷ്‌കുമാറി(50)നെയാണ് കൈക്കൂലി വാങ്ങിയ 5000 രൂപയുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്‌പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചെല്ലക്കാട് മഴവഞ്ചേരിയിൽ ലൈസാമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതിന് രണ്ടുതവണയായി 12,000 രൂപ ലൈസാമ്മയിൽ നിന്ന് സതീഷ്‌കുമാർ കൈപ്പറ്റിയിരുന്നു. വീണ്ടും 5000 രൂപ കൂടി ചോദിച്ചപ്പോൾ ലൈസാമ്മ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

ബുധനാഴ്ച പഴവങ്ങാടി പഞ്ചായത്ത് ഓഫീസിന്റെ മുകൾ നിലയിലെ വിഇ ഓഫീസിൽ വച്ചാണ് ലൈസാമ്മ 5000 രൂപ വിജിലൻസ് നിർദ്ദേശ പ്രകാരം കൈമാറിയത്. ഉടൻ തന്നെ മറഞ്ഞു നിന്ന വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടാം തവണയാണ് സതീഷ്‌കുമാർ വിജിലൻസ് പിടിയിലാകുന്നത്. ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്തിൽ വച്ചും ഇയാൾ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായിട്ടുണ്ടെന്ന് പറയുന്നു.