കാക്കനാട്: കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥൻ ശ്രീനിവാസനെ പൊക്കാൻ നടക്കുന്ന വിജിലൻസ് ഓഫിസറുടെ കഥ പറയുന്ന രസകരമായ സിനിമയാണ് ഒരു നാൾ വരും. മോഹൻലാലാണ് വിജിലൻസ് ഓഫിസറായി വരുന്നത്. ഇന്നലെ ഈ സിനിമയേയും വെല്ലുന്ന ക്ലൈമാക്‌സും സംഘട്ടനങ്ങളുമാണ് എറണാകുളം കളക്റ്റ്രേറ്റിൽ നടന്നത്. കൈക്കൂലിക്കാരനായ ശ്രീനിവാസന്റെ വേഷം യഥാർത്ഥ ജീവിതത്തിൽ പകർത്തിയത് മൂവാറ്റുപുഴ കൃഷി ഫീൽഡ് ഓഫിസർ എൻ.ജി. ജോസഫ് (55) ആയിരുന്നെന്ന് മാത്രം.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനും സംഘട്ടനത്തിനും ഒടുവിലായിരുന്നു 20 അംഗ വിജിലൻസ് ഉദ്യോഗസ്ഥർ ഇന്നലെ ജോസഫിനെ പിടികൂടിയത്. കൂലിപ്പണിക്കാരുടെ വേഷത്തിലെത്തിയായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥർ ജോസഫിനെ കുടുക്കിയത്. കലക്ടറേറ്റ് വളപ്പിൽ ഇന്നലെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. വായ്പയ്ക്കായി ബാങ്കിൽ ഹാജരാക്കാൻ സ്ഥല പരിശോധന റിപ്പോർട്ടിന് അപേക്ഷിച്ച മൂവാറ്റുപുഴ സ്വദേശിയോട് ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിൽ 50,000 രൂപ ഇന്നലെ കലക്ടറേറ്റിലെത്തിക്കാൻ നിർദ്ദേശിച്ചു. കന്റീനു സമീപം പണം കൈമാറുന്നതിനിടെ എസ്‌പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ജോസഫിനെ വളഞ്ഞിട്ട് പിടിക്കുക ആയിരുന്നു. ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ മൂവാറ്റുപുഴ സ്വദേശി സംഭവം വിജിലൻസിന അറിയിക്കുക ആയിരുന്നു. ഇതോടെയാണ് സീൻ മാറിയത്. ജോസഫിനെ കുരുക്കാൻ വിജിലൻസ് തന്ത്രം മെനഞ്ഞു. വിജിലൻസ് കൈമാറിയ ഫിനോഫ്തലിൻ പുരട്ടിയ 10,000 രൂപയാണ് അപേക്ഷകൻ കൃഷി ഓഫിസർക്കു നൽകിയത്. പണം കൈപ്പറ്റിയ ഉടൻ പാഞ്ഞുവന്ന് ആദ്യം പിടികൂടിയതു ലുങ്കിയുടുത്ത വിജിലൻസ് ഉദ്യോഗസ്ഥൻ.

ക്ലൈമാക്‌സിലെ പിടിവലിയും കുതറാനുള്ള ശ്രമവുമൊക്കെ കണ്ട് ഓടിക്കൂടിയവർക്ക് ആദ്യം തോന്നിയതു തെരുവു സംഘട്ടനമാണെന്നാണ്. ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ചു പിടികൂടിയ പൊലീസിന്റെ വേഷമാണു കാഴ്ചക്കാരിൽ സംശയം ഉണ്ടാക്കിയത്. വിജിലൻസ് ഉദ്യോഗസ്ഥർ കൃഷി ഫീൽഡ് ഓഫിസറെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയതാണെന്നറിഞ്ഞതോടെ ആളുകൾ വട്ടം കൂടി. പുറത്തും സ്വകാര്യ വാഹനങ്ങൾക്കകത്തുമായാണു വിജിലൻസ് ഉദ്യോഗസ്ഥർ കലക്ടറേറ്റ് വളപ്പിൽ കാത്തുകിടന്നത്. മൂന്ന് ഉദ്യോഗസ്ഥർ തൊട്ടടുത്ത കന്റീനിലും ഇരിപ്പുറപ്പിച്ചു.

ഫിനോഫ്തലിൻ പൊടി പുരട്ടിയ നോട്ടാണു താൻ വാങ്ങിയതെന്നു ബോധ്യമായതോടെ ഇരു കൈകളും സ്വന്തം ദേഹത്തും ഉദ്യോഗസ്ഥരുടെ ദേഹത്തും പല തവണ തുടച്ചു പൊടി കളയാൻ ഫീൽഡ് ഓഫിസർ ശ്രമിക്കുന്നുണ്ടായിരുന്നു.ഇതിനിടെ വിജിലൻസുകാർ വെള്ളം കൊണ്ടുവന്നു കൃഷി ഓഫിസറുടെ കൈ മുക്കി തെളിവെടുത്തു.രണ്ടര മണിക്കൂർ നീണ്ട മഹസർ നടപടികൾക്കു ശേഷമാണ് ഉദ്യോഗസ്ഥനെ കലക്ടറേറ്റ് വളപ്പിൽ നിന്നു കൊണ്ടുപോയത്. എളമക്കര താണിക്കൽ സ്വദേശിയായ ജോസഫിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

വായ്പയ്ക്കു ഹാജരാക്കാനുള്ള രേഖയ്ക്കായി പലതവണ സമീപിച്ചിട്ടും പണം നൽകാതെ കാര്യം നടക്കില്ലെന്നു ബോധ്യമായപ്പോഴാണു അപേക്ഷകൻ വിജിലൻസിനെ സമീപിച്ചത്. ഡിവൈഎസ്‌പി ഡി. അശോക് കുമാർ, ഇൻസ്‌പെക്ടർ എം. സുരേന്ദ്രൻ, എഎസ്‌ഐമാരായ പി.ബി. സാലി, ജോമോൻ ജോസഫ്, പ്രതാപചന്ദ്രൻ, സ്‌പെഷൽ ക്രൈംബ്രാഞ്ച് ഓഫിസർമാരായ എൽ. രജീഷ്, കെ.കെ. സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.