തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി തെറ്റിയാൽ ആർക്കും പണി കിട്ടും. ബാർ കോഴ ആരോപണത്തിൽ തിരക്കഥയൊരുക്കിയ റവന്യൂമന്ത്രി അടൂർ പ്രകാശ്, ഒരു സമയത്ത് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു. എന്നാൽ ബിജു രമേശ് ആരോപണങ്ങളുമായി കളം പിടിക്കുന്നതിനിടെയിൽ ചെന്നിത്തലയുമായി പ്രകാശ് തെറ്റി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മൂന്നാം ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തു. ഒരു ശബ്ദ രേഖയുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ഉപദേശം അടൂർ പ്രകാശ് തെറ്റായി എടുക്കുക കൂടി ചെയ്തതോടെ റവന്യൂമന്ത്രിയെ ഐ ഗ്രൂപ്പുമായുള്ള ബന്ധവും തീർന്നു. രമേശ് ചെന്നിത്തലയും വി എസ് ശിവകുമാറും അങ്ങനെ ബിജു രമേശിലൂടെ കൈക്കൂലിക്കേസിൽ ആരോപണ വിധേയരാവുകയും ചെയ്തു.

വിജിലൻസ് കൈയിലുള്ളതിനാൽ ഈ ആരോപണത്തെ ചെന്നിത്തല വേഗത്തിൽ മറികടന്നു. ബിജു രമേശിനെ തലങ്ങും വിലങ്ങും മുറുക്കി വീണ്ടും ചാനലുകളിൽ നിന്ന് അപ്രത്യക്ഷനാക്കി. അതിന് ശേഷം അടൂർ പ്രകാശിന് പണികൊടുക്കുകയാണ് ചെന്നിത്തല. 2004 മുതൽ 2006 അടൂർ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്ന കാലയളവിൽ റേഷൻഡിപ്പോ അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ മന്ത്രി വിചാരണ നേരിടണമെന്ന് വിജിലൻസ് ഡയറക്ടർ ആർ.ശങ്കർറെഡ്ഡിയുടെ ഉത്തരവ് ഈ പണിയുടെ ഭാഗമാണ്. അഴിമതികേസ് എഴുതി തള്ളണമെന്ന കോഴിക്കോട് വിജിലൻസിന്റെ ശുപാർശയാണ് വിജിലൻസ് ഡയറക്ടർ തള്ളിയത്. ശുപാർശ തള്ളിയതിനെ തുടർന്ന് കോഴിക്കോട് ഓമശേരിയിൽ റേഷൻഡിപ്പൊ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിൽ മന്ത്രി വിചാരണ നേരിടേണ്ട സ്ഥിതിയും വരും.

അതായത് വിജിലൻസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അടൂർപ്രകാശ് മന്ത്രി സഭയിൽ തുടരുന്നു. എഫ് ഐ ആർ ഇട്ടപ്പോൾ രാജി നൽകിയ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ധാർമികത അടൂർ പ്രകാശ് കണ്ട് പഠിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. എന്തുകൊണ്ട സുധീരൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും അവർ ചോദിക്കുന്നു. അതായത് യുഡിഎഫ് ഭരണത്തിന് കീഴിലെ വിജിലൻസാണ് അടൂർ പ്രകാശ് വിചാരണ നേരിടണമെന്ന് പറഞ്ഞിരിക്കുന്നത്. അതായത് മന്ത്രി തെറ്റു ചെയ്തുവെന്ന് സമ്മതിക്കുകയാണ്. ഇതിനെ ഗൗരവ സാഹചര്യമായി ഉയർത്തികൊണ്ടു വരാനാണ് ചെന്നിത്തലയുടെ നീക്കം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ പരസ്യ ആക്രമണത്തിന് തയ്യാറുമല്ല. പാർട്ടി വേദികളിൽ ഈ ചർച്ച ഉയർത്താനാണ് തീരുമാനം.

കോൺഗ്രസിന്റെ തന്നെ എൻ.കെ.അബ്ദുറഹിമാൻ, പി.കെ.സചിത്രൻ എന്നിവരുടെ പരാതിമേലാണ് കേസ്. തുടർന്ന് മന്ത്രി ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു, കോടതി നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രോസിക്യൂഷൻ തുടരന്വേഷണം ആവശ്യപ്പെട്ടത്.
കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കേസിൽ ഉൾപ്പെട്ടവരെ പ്രതിപ്പട്ടികയിൽ നിന്നും ഒവിവാക്കണമെന്ന കോഴിക്കോട് വിജിലൻസിന്റെ റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ തള്ളിയത്. കോഴിക്കോട് ഓമശേരിയിൽ റേഷൻ ഡിപ്പോ അനുവദിക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. അതായത് ഐ ഗ്രൂപ്പിലെ രണ്ടാമനെന്ന നിലയിൽ ആഭ്യന്തര വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് കേസ് എഴുതി തള്ളാനുള്ള നടപടിയെല്ലാം അടൂർ പ്രകാശ് ചെയ്തതാണ്.

ഇതിന്റെ ഭാഗമായാണ് കോഴിക്കോട് വിജിലൻസ് അനുകൂല റിപ്പോർട്ട് നൽകിയത്. എന്നാൽ ചെന്നിത്തലയുമായി പിണങ്ങിയതോടെ ശങ്കർ റെഡ്ഡി അതിൽ ചുവപ്പു വരച്ചു. ഇതോടെ കോടതി കയറേണ്ട അവസ്ഥയിലുമായി അടൂർ പ്രകാശ്. 2004 മുതൽ 2006 വരെ അടൂർ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് റേഷൻ ഡിപ്പോ അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. കോൺഗ്രസിന്റെ തന്നെ നേതാവായ എൻ.കെ.അബ്ദുറഹിമാൻ, പി.സി.സചിത്രൻ എന്നിവരായിരുന്നു പരാതിക്കാർ. തുടർന്ന് മന്ത്രിയടക്കം അഞ്ചു പേർക്കെതിരെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2011 ഫെബ്രുവരി 28ന് കോടതി നടപടിയും തുടങ്ങി. ഇതിനിടെയാണ്, പ്രോസിക്യൂഷൻ തുടരന്വേഷണം ആവശ്യപ്പെട്ടത്.

കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി, മന്ത്രിയെയും കൂട്ടരെയും പ്രതിപട്ടികയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോഴിക്കോട് വിജിലൻസിന്റെ റിപ്പോർട്ട് ഡയറക്ടർ എൻ.ശങ്കർറെഡ്ഡിക്കു സമർപ്പിച്ചിരുന്നു. ഇതിന്മേൽ നിയമോപദേശം തേടിയ ഡയറക്ടർ വിജിലിൻസിന്റെ ശുപാർശ തള്ളി വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു. ഈ സാഹചര്യത്തിൽ പഴയ കുറ്റപത്രം വീണ്ടും വിജിലൻസ് പൊടിതട്ടിയെടുക്കും. ശങ്കർ റെഡ്ഡി റിപ്പോർട്ട് തള്ളിയതോടെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടതു പക്ഷം ഉണ്ടാക്കിയതാണ് വിജിൻസ് കേസ് എന്ന അടൂർ പ്രകാശിന്റെ വാദവും പൊളിയുന്നു. അതുകൊണ്ട് തന്നെ മന്ത്രി രാജിവയ്ക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ അടക്കം പറച്ചിൽ.

വിവാദ നായികയായ ഒരു സ്ത്രീയുമായുള്ള മന്ത്രി അടൂർ പ്രകാശിന്റെ ഒന്നേകാൽ മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു ലൈംഗിക സംഭാഷണമാണ് ചെന്നിത്തലയ്ക്ക് ചോർന്ന് കിട്ടയതോടെയാണ് ഇരുവരും തമ്മിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്. സംഭാഷണം റെക്കോർഡ് ചെയ്ത സ്ത്രീയുടെ കയ്യിൽ നിന്നും ഒരു ബാറുടമ പത്ത് ലക്ഷം രൂപയ്ക്ക് ഇത് വിലയ്ക്ക് വാങ്ങിയെന്നും ചില ബാറുടമകളെയും ചെന്നിത്തലയുടെയും വിശ്വസ്തനായ ഒരു നേതാവിനേയും ഇതു കേൾപ്പിച്ചു എന്നുമാണ് സംസാരം. വളരെ ഞെട്ടലോടെ സംഭാഷണം ശ്രവിച്ച ഈ കോൺഗ്രസ് നേതാവ് ഈ വിവരം ചെന്നിത്തലയെ അറിയിച്ചപ്പോൾ കരുതൽ എടുക്കണം എന്ന് ചെന്നിത്തല മന്ത്രിയോടു പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ഈ സംഭാഷണത്തിന്റെ പേരിൽ ചെന്നിത്തല തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നു മന്ത്രി പ്രകാശ് പലരോടും പരാതി പറഞ്ഞിരുന്നു.

ഈ ഭീതി പടർന്നതോടെ ചെന്നിത്തലയ്‌ക്കെതിരെ വെളിപ്പെടുത്തൽ നടത്താൻ ബിജു രമേശിനെ അടൂർ പ്രകാശ് നിർബന്ധിച്ചുവെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. അങ്ങനെയാണ് അപ്രതീക്ഷിതമായി ചെന്നിത്തലയ്‌ക്കെതിരെയുള്ള ബിജു രമശിന്റെ വെളിപ്പെടുത്തൽ വരുന്നത്. ഇതിനുള്ള മറുപണിയാണ് കൈക്കൂലിക്കേസിൽ അടൂർ പ്രകാശിനെതിരായ വിജിലൻസ് ഡയറക്ടറുടെ നീക്കമെന്നാണ് വിലയിരുത്തൽ.