തിരുവനന്തപുരം: വകുപ്പ് മന്ത്രിയുടെ അപ്രീതിക്ക് പാത്രമായി ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥാനം തെറിച്ച ടോമിൻ തച്ചങ്കരി വീണ്ടും കുരുക്കിൽ. തച്ചങ്കരിക്കതെരി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ട്രാൻസ്‌പോർട്ട് വകുപ്പ് മേധാവിയായിരുന്ന വേളയിൽ നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് തച്ചങ്കരിക്കെതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്. വാഹന ഡീലർമാർക്ക് പിഴ ഇളവ് നൽകിയതിലും വാഹന പുകപരിശോധന കേന്ദ്രങ്ങളിൽ ഒരു സോഫ്റ്റ്‌വെയർ മാത്രമാക്കിയതിലും, മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്ക് മാത്രമായി ഒഴിവാക്കിയതിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ.

ഇത് സംബന്ധിച്ച് പാലക്കാട് ആർടിഒ ശരവണനുമായി നടത്തിയ ഫോൺ സംഭാഷണമാണ് തച്ചങ്കരിക്ക് വിനയായി മാറിയത്. പണമിടപാട് സംബന്ധിച്ച ഇടപാടുകളായിരുന്നു ഇവർ തമ്മിൽ സംസാരിച്ചിരുന്നത്. ഈ തെളിവിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മോട്ടോർ വെഹിക്കിൾ വരുത്തി പരിഷ്‌കാരത്തിനു പിന്നിൽ അഴിമതി ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു ആരോപണം ഉയർന്നത്. അഴിമതിയുണ്ടെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് കമ്മീഷണർ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുകുയം ചെയ്തു.

ഗതാഗത കമ്മീഷണറായി ചുമതലയേറ്റ ശേഷം വാഹന പുക പരിശോധന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ ടോമിൻ തച്ചങ്കരി ഒരു പ്രത്യേക സോഫ്ട്‌വേർ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. നിക്ഷിപ്ത താൽപര്യമുള്ള ഏതോ സ്ഥാപനത്തിനു വേണ്ടിയാണ് തച്ചങ്കരി അത്തരമൊരു നിർദ്ദേശം നൽകിയതെന്നാണ് ആരോപണം. കൂടാതെ സംസ്ഥാനത്തെ ഇരുചക്ര വാഹന ഡീലർമാർ ഹാൻഡിലിങ് ചാർജ് എന്ന പേരിൽ വാഹനം വാങ്ങുന്നവരിൽ നിന്ന് അധിക തുക ഇടാക്കുന്നത് വാർത്തയായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഡീലർഷോപ്പുകളിൽ റെയ്ഡ് നടത്തിയെങ്കിലും പെട്ടെന്ന് തന്നെ നിർത്തിവച്ചു. ഇതിനു പിന്നിലും തച്ചങ്കരിയാണെന്നും വിജിലൻസിന് ലഭിച്ച പരാതിയിൽ പറയുന്നു.

അതേസമയം വകുപ്പിലെ പദ്ധതികൾ ജനോപകാരപ്രദമായിരുന്നു എന്നായിരുന്നു അന്വേഷണം പ്രഖ്യാപിച്ച വേളയിൽ തച്ചങ്കരി പ്രതികരിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ നിന്ന് ബീക്കൺ ലൈറ്റ് മാറ്റുന്നതിൽ ചിലർക്കുള്ള അസ്വസ്ഥതയാണ് തനിക്കെതിരായ ആരോപണത്തിനു പിന്നിലെന്നും തച്ചങ്കരി അന്ന് പറയുകയുണ്ടായി. പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് ആവശ്യപ്പെട്ട രേഖകൾ ഗതാഗത കമ്മീഷണറുടെ ഓഫീസ് നൽകാൻ തയ്യാറായിരുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഇതോടെയാണ് അന്വേഷണം ഊർജിതമാക്കാൻ വിജിലൻസും തീരുമാനിച്ചത്.

ഓഗസ്റ്റ് ഒന്ന് മുതൽ ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹന ഉടമകൾക്ക് പെട്രോൾ നൽകരുതെന്ന വിവാദ ഉത്തരവോടെയും ഓഫീസിലെ പിറന്നാൾ ആഘോഷത്തോടെയും കൂടിയാണ് തച്ചങ്കരിയെ ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥാനത്തു നിന്നും നീക്കിയത്. മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു മന്ത്രിസഭ തച്ചങ്കരിയെ നീക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊലീസ് കുപ്പായത്തിലേക്ക് വീണ്ടും പ്രവേശിക്കാമെന്ന തച്ചങ്കരിയുടെ മോഹത്തിനും വിജിലൻസ് അന്വേഷണം തിരിച്ചടിയായിരിക്കയാണ്. ഇതോടെ പുതിയ ലാവണം അദ്ദേഹത്തിന് ലഭിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി.