തിരുവനന്തപുരം: മൈക്രോഫിനാൻസ് ഇടപാടിൽ കോടികളുടെ തട്ടിപ്പു നടന്നെന്ന കേസിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടു. പൊലീസ് ക്രൈംബ്രാഞ്ചും ഇതുസംബന്ധിച്ചു കേസെടുക്കാൻ തീരുമാനിച്ചതോടെ വെള്ളാപ്പള്ളി അറസ്റ്റ് ഭീഷണിയിലുമായി. നിയമോപദേശം കിട്ടിയാലുടൻ അറസ്റ്റുണ്ടാകുമെന്നു സൂചന. വിജിലൻസ് ഡയറക്ടർ തന്നെ നേരിട്ട് കേസിന്റെ മേൽനോട്ടം ഏറ്റെടുക്കും. അതുകൊണ്ട് തന്നെ ഉന്നതതല ഇടപെടലുകൾ നടക്കുകയും ഇല്ല.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി വെള്ളാപ്പള്ളി വാർത്തകളിൽ നിറയാൻ ശ്രമിച്ചിരുന്നു. കേസിൽ നിന്ന് രക്ഷനേടാനായിരുന്നു അത്. എന്നാൽ ജേക്കബ് തോമസിന്റെ നടപടികളിൽ ഒരു ഘട്ടത്തിലും പിണറായി ഇടപെട്ടില്ല. ബിജെപിയുമായി അടുക്കുന്ന വെള്ളാപ്പള്ളിയെ സംരക്ഷിക്കേണ്ടെന്നത് സിപിഐ(എം) തീരുമാനവുമായി. ഇതോടെയാണ് വെള്ളാപ്പള്ളി കുടുങ്ങിയത്. വിജിലൻസ് കണ്ടെത്തൽ ഇങ്ങനെ: 15 കോടിയോളം രൂപ എസ്.എൻ.ഡി.പി. യോഗത്തിനു പിന്നാക്ക വികസന കോർപറേഷൻ വായ്പയായി നൽകി. ഈ തുക യോഗം ശാഖകൾ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തിൽ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 1015% പലിശ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കി. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തി. വായ്പ അംഗങ്ങൾക്കു നേരിട്ടു നൽകാതെ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്കായാണു നൽകിയത്.

വിജിലൻസ് പ്രത്യേകസംഘം അടുത്തയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ വെള്ളാപ്പള്ളിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും ചുമത്തും. അതിനുശേഷം വിജിലൻസ് കോടതി മുമ്പാകെ എഫ്.ഐ.ആർ. സമർപ്പിക്കും. 15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി നേരിടുക. വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശൻ, സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികൾ.

പിന്നാക്ക വികസന കോർപറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി എസ്. അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലൻസ് അന്വേഷണമാരംഭിച്ചത്. അന്വേഷണം അട്ടിമറിക്കാൻ മുൻസർക്കാർ ശ്രമിച്ചെന്നും ആരോപണം ഉയർന്നു. ബിജെപി പക്ഷത്തേക്ക് പോയതോടെ സിപിഎമ്മിന്റെ പ്രധാന ശത്രുവായി വെള്ളാപ്പള്ളി മാറി. വി എസ് അച്യൂതാനന്ദനെ നിരന്തരം കടന്നാക്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനെ തോൽപ്പിക്കുമെന്നും പറഞ്ഞു. എന്നാൽ ഇടതുപക്ഷം അധികാരത്തിലെത്തി. അതോടെ നിരന്തരമായി മുഖ്യമന്ത്രി പിണറായിയെ പുകഴ്‌ത്തി. പക്ഷേ ഫലം ഒന്നും കണ്ടില്ല. വിജിലൻസിലെ കണ്ടെത്തലുകൾ അതീവ ഗൗരവമാണെന്ന് മനസ്സിലായതോടെ കേസെടുക്കാൻ പിണറായിയും നിർദ്ദേശിച്ചു.

ആനുകൂല്യം കൈപ്പറ്റിയ സ്വാശ്രയസംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ്പ് ഫോട്ടോയും ഉൾപ്പെടെയുള്ള രേഖകൾ കോർപറേഷനിൽ ഹാജരാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ക്രമവിരുദ്ധമായ ഇടപാട് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാതെ, 2015ൽ കോർപറേഷൻ അഞ്ചുകോടി രൂപകൂടി വായ്പ നൽകി. ഇക്കാര്യത്തിൽ ഗുരുതരവീഴ്ചയാണു കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായതെന്നു റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിന്റെ കരട് ഒൻപതിനു മുമ്പു സമർപ്പിക്കാനാണു വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം. പഴുതുകളടച്ച അന്വേഷണമാകണം നടത്തേണ്ടതെന്നും കോടതിയിലെത്തുമ്പോൾ തെളിവുകളുടെ അഭാവമുണ്ടാകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ തട്ടിപ്പ് നടത്തിയത് ചില കോൺഗ്രസ് നേതാക്കളാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും വിജിലൻസ് മുഖവിലയ്‌ക്കെടുത്തില്ല. തട്ടിപ്പിന്റെ പൂർണ്ണ ഉത്തരവാദിത്തമാണ് വിജിലൻസ് വെള്ളാപ്പള്ളിക്ക് മേൽ ആരോപിക്കുന്നത്. ഇതിനെ രാഷ്ട്രീയ വൈരാഗ്യമായി കണ്ടുള്ള പ്രചരണത്തിനാകും എസ്എൻഡിപിയും വെള്ളാപ്പള്ളിയും ശ്രമിക്കുക.