കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിത്തറയിളക്കിയ രണ്ട് വിവാദങ്ങളായിരുന്നു ബാർകോഴ കേസും സോളാർ തട്ടിപ്പും. സരിതയെന്ന തട്ടിപ്പുകാരിയുടെ പാവാടച്ചരടിൽ കുടുങ്ങിയ പ്രമുഖരുടെ പേര് വിവരങ്ങൾ പുറത്തുവന്നതോട് വർഷങ്ങളോളം നീണ്ടു നിൽക്കുന്ന വിവാദമായി ഇത് മാറി. ദേശീയ തലത്തിൽ പോലും കോൺഗ്രസിന് ക്ഷീണം തട്ടിയ വിവാദമായി സോളാർ കേസ് മാറുകയും ഉണ്ടാിയ. തെരഞ്ഞെടുപ്പിൽ കോൺഗ്രരസിന്റെ അടിത്തറ തകർത്ത ബാർ-സോളാർ കേസുകൾ തമ്മിൽ ബന്ധമുണ്ടെന്നാണ് ഇപ്പോൾ മുൻ എക്‌സൈസ് മന്ത്രിയായ കെ ബാബുവിന് മേൽ വീണിരിക്കുന്നത് വിജിലൻസ് കേസിൽ നിന്നും വ്യക്തമായി വരുന്നത്.

സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ കേസുകൾ തീർക്കാൻ വേണ്ടി കോൺഗ്രസ് നേതാക്കൾ ബാർകോഴയിലെ പണം ഉപയോഗിച്ചു എന്നതാണ് ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങൾ. മുമ്പൊരിക്കൽ കെപിസിസി യോഗത്തിൽ ബാർകോഴ ചർച്ചയായ വേളയിൽ ചില മാന്യന്മാരുടെ മുഖം രക്ഷിക്കാൻ പണം ബെന്നിക്ക് കൊടുത്തുവെന്ന് ബാബു പറഞ്ഞിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ബാർ ഉടമകളിൽ ചിലരും സരിതയ്ക്ക് പണം കൊടുത്തതായി പറഞ്ഞിരുന്നു. സരിതയുടെ അഭിഭാഷകനായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണൻ നടത്തിയ ചില വെളിപ്പെടുത്തുകളും വ്യക്തമാക്കിയത് ബാറുടമകളിൽ നിന്നും ബാബുവും സംഘവും വാങ്ങിയ പണമാണ് സരിത കേസ് ഒതുക്കാൻ ഉപയോഗിച്ചത് എന്നാണ്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുപ്പതിലേറെ കേസുകൾ സരിത എസ് നായർക്കെതിരെ നിലനിന്നിരുന്നു. എന്നാൽ, ഈ കേസുകളിൽ പകുതിയിലേറെ കേസുകൾ സരിത തന്നെ പണം കൊടുത്തു സെറ്റിൽ ചെയ്തു. ജയിലിൽ കിടക്കുന്ന സരിതയ്ക്ക് വേണ്ടി ആരാണ് പം മുടക്കിയതെന്ന ചോദ്യം ഇതോടെ ഹൈക്കോടതി ന്യായാധിപർ പോലും ഉന്നയിച്ചു. എന്നാൽ, ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സംസ്ഥാന സർക്കാറിനും കോടതിക്കും സാധിച്ചിരുന്നില്ല. അത്തരത്തിൽ ഒരു അന്വേഷണം നടന്നതുമില്ല. എന്നാൽ കോടതിയിൽ നിന്നും പരാമർശം ഉണ്ടായ ശേഷവും സരിത കേസുകൾ മുറയ്ക്ക് ഒത്തു തീർത്തു കൊണ്ടിരുന്നു. ഈ പണം എവിടെനിന്നു വന്നു എന്ന് സരിതയോട് ചോദിച്ചപ്പോൾ ബന്ധുക്കൾ നൽകിയെന്നാണ് സരിത പറഞ്ഞത്. എന്നാൽ, ആരാണ് ആ ബന്ധുക്കളെന്ന് കേരള സമൂഹത്തിന് ഏകദേശം ധാരണ കിട്ടുകയും ചെയ്യും.

ബാറിൽനിന്ന് എത്ര പണം സോളാറിലേക്ക് ഒഴുകിയെന്നാണ് ബാബുവിന്റെ കേസോടെ വിജിലൻസ് പരിശോധന തുടങ്ങിയിരിക്കുന്നത്. സോളാർ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് 33 കേസുകളാണ് സരിത എസ്. നായർക്കെതിരെ ചുമത്തിയത്. ഈ കേസുകളിലായി മൊത്തം ആറുകോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഏകദേശ കണക്ക്. എന്നാൽ, പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസിനുള്ളിൽനിന്നുള്ളവർതന്നെ സമ്മതിക്കുന്നു. മാനക്കേട് ഭയന്നും മുടക്കിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ കഴിയാത്തതിനാലും ആരും പരാതിപ്പെടുന്നില്ല.

സരിത ജയിലിൽ കഴിയവെ ഇതിൽ 16 കേസുകളെങ്കിലും ഒത്തുതീർപ്പായ പണമിടപാടുകൾ നടത്തിയത് ഫെനി ബാലകൃഷ്ണനായിരുന്നു. അരക്കോടിയിലേറെ രൂപ ഫെനി വഴി കൈമറിയാന്നാണ് വിവരം. ഇതുകൂടാതെ സരിതക്ക് ജാമ്യം ലഭിക്കാനായി മുക്കാൽ കോടിയോളം രൂപ വിവിധ കോടതികളിൽ കെട്ടിവെക്കേണ്ടിയും വന്നു. ഇതിനൊക്കെയുള്ള പണം എവിടെ നിന്നാണ് എന്ന ചോദ്യം ഉയരുമ്പോഴാണ്. കെ ബാബുവിന് പിന്നാലെ ബെന്നി ബെഹനാനിലേക്കും അന്വേഷണം നീളുമ്പോൾ കോൺഗ്രസിലെ എ ഗ്രൂപ്പാണ് അങ്കലാപ്പിലാകുന്നത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് ഈ കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും സരിത അത്യാഢംബര പൂർവമാണ് താമസിച്ചത്. ഇതിനുള്ള പണം എവിടെ നിന്ന് എന്നതിലാണ് അന്വേഷണം വരുന്നത്. കേസ് നടത്തിപ്പ്, സ്വകാര്യ സുരക്ഷയൊരുക്കൽ, താമസം, യാത്ര തുടങ്ങി സരിതയുടെ മറ്റ് ചെലവുകളുമുണ്ട്. ഏതാനും സിനിമകളിൽ അഭിനയിച്ചു എന്നതാണ് വരുമാന ഉറവിടമായി സരിത പറയുന്നതും. എറണാകുളം നോർത് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസിൽ സരിത സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് തോമസ് പി. ജോസഫാണ് ആദ്യം ഈ സംശയം ഉന്നയിച്ചത്. പണം നൽകി ഒത്തുതീർന്ന ചില കേസുകൾ പിൻവലിക്കണമെന്ന അപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് ഹാറൂൺ റഷീദും ഇതേ ചോദ്യം ഉന്നയിച്ചു.

സോളാർ വിവാദം അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുമ്പാകെയും ഇതേ ചോദ്യം ഉയർന്നു. സിപിഐ നേതാവ് കാനം രാജേന്ദ്രൻ മൊഴികൊടുക്കവെയാണ് ബാർ കോഴയിൽനിന്നുള്ള പണം സോളാർ കേസുകൾ ഒത്തുതീർക്കാൻ ഉപയോഗിച്ചിട്ടുണ്ട് എന്ന വാദം ഉന്നയിച്ചത്. പി.സി. ജോർജ് ഉൾപ്പെടെയുള്ളവരും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് ഇത് രാഷ്ട്രീയ ആരോപണം മാത്രമായാണ് കണ്ടിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഈ ആരോപണത്തെ ഗൗരവമായാണ് വിജിലൻസ് കാണുന്നത്. ബാർ കോഴ വഴി ലഭിച്ച പണം പല തലങ്ങളിലേക്ക് ഒഴുകിയിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇതിൽ ഏതെങ്കിലും ഒരു മന്ത്രിയോ ചില ഉദ്യോഗസ്ഥരോ മാത്രമാണ് പങ്കുപറ്റിയതെന്നും അവർ വിശ്വസിക്കുന്നില്ല. സോളാർ കേസിൽ സർക്കാർ കടുത്ത പ്രതിസന്ധിയിൽ നിൽക്കെ രക്ഷകരായി അവതരിച്ച ചില എംഎ‍ൽഎമാരും നേതാക്കളുമെല്ലാം കേസ് ഒതുക്കിത്തീർക്കാൻ ഇടനിലക്കാരായും മറ്റും പ്രവർത്തിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളും.

തന്റെ അമ്മയുടെ ഫോണിലേക്ക് ബെന്നി ബെഹനാൻ നിരന്തരം വിളിച്ചിരുന്നതായും സരിത ആരോപിച്ചിരുന്നു. ജയിലിൽ പോകും മുമ്പും ഇറങ്ങിയതിനുശേഷവും പലതവണ വിളിച്ചിരുന്നു. കേസ് സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയോട് സംസാരിച്ചു ശരിയാക്കാമെന്നു പറഞ്ഞിരുന്നു. ബെന്നി ബെഹനാൻ ഫോണിൽ സംസാരിച്ച ശബ്ദരേഖയും പുറത്തുവരികയുണ്ടായി. ജയിലിൽ നിന്നിറങ്ങി ഒരു മാസത്തിനു ശേഷം ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക് സരിതയുടെ അമ്മ ഇന്ദിരയുടെ പേരിൽ മുട്ടടയിൽ വീട് വാങ്ങിയെന്ന് അഡ്വ. ഫെനിയുടെ ഗുമസ്തൻ രഘു പറഞ്ഞതായി സോളാർ കമ്പനിയുടെ മാനേജറായിരുന്ന രാശേഖരൻ സോളാർ കമ്മീഷന് മുന്നിൽ മൊഴി നൽകിയിരുന്നു.

സംസ്ഥാനത്തെ വിവിധ കോടതികളിലും കോയമ്പത്തൂർ കോടതിയിലുമായി മുപ്പതിലധികം കേസുകളുള്ള സരിതയ്ക്ക് കേസാവശ്യത്തിനായി പോകാൻ പ്രതിമാസം അമ്പതിനായിരം രൂപയെങ്കിലും ചെലവുണ്ട്. അടുത്തിടെ നീല സ്വിഫ്റ്റ് കാർ വാങ്ങുന്നതുവരെ സരിത ടാക്‌സി കാറാണ് ഉപയോഗിച്ചിരുന്നത്. ഇതിനുള്ള പണമെല്ലാം പ്രമുഖർ നൽകിയതാണ്. ഈ പണമെല്ലാം ബാബുവിന്റെയും ബെന്നി ബെഹനാന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു കൊടുത്തതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണം മുന്നോട്ടു പോകുമ്പോൾ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.