തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ ഐജി മനോജ് എബ്രഹാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. പത്തനംതിട്ട ആറന്മുള സ്വദേശി ചന്ദ്രശേഖരൻ നായരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ടയിൽ ക്വാറി മാഫിയയുമായി ബന്ധപ്പെട്ട കേസിൽ മനോജ് എബ്രഹാം ഇടപെടുകയും ഇതിൽനിന്നു നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. മനോജ് എബ്രാഹാമിന് 61.89 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഐ.ജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മൂന്ന് മാസത്തിലൊരിക്കൽ അന്വേഷണ പുരോഗതി വിലയിരുത്തി റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കണം. നിലവിൽ കേരളാ പൊലീസിന്റെ സൈബർ ഡോം മേധാവിയാണ് മനോജ് ഏബ്രഹാം.

നേരത്തെ അഴിമതി ആരോപണം ഉയർന്നപ്പോൾ മനോജ് എബ്രഹാമിനെതിരെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുതിർന്ന ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരത്തിൽ നടപടികളുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്ത് വന്നതോടെ സംഘടിതമായ ആക്രമണവും അദ്ദേഹത്തിനെതിരെ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ വിജിലൻസ് ഡയറക്ടറുടെ നടപടി ശരിവെക്കുന്ന രീതിയിലാണ് ഐജി മനോജ് എബ്രഹാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

ഈ കേസിൽ നേരത്തെ തൃശ്ശൂർ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് വിജിലൻസ് ത്വരിത പരിശോധന റിപ്പോർട്ട് സമർപ്പിക്കുകയും കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് മാറ്റുകയുമായിരുന്നു. പത്തനംതിട്ടയിലെ ക്വാറി ലോബിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

മനോജ് എബ്രഹാം പത്തനംതിട്ട ജില്ലയിലെ ക്വാറി ഉടമകളുമായി വഴിവിട്ട് ബന്ധം പുലർത്തിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ടു ക്വാറികൾക്കെിരെ ജില്ലാ പൊലീസ് സൂപ്രണ്ട് ആരംഭിച്ച പൊലീസ് നടപടികൾ മനോജ് എബ്രാഹം ഇടപെട്ട് തടഞ്ഞു.

ഇതിനു ക്വാറിഉടമകളിൽ നിന്നു പ്രതിഫലം കൈപ്പറ്റിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. എറണാകുളത്ത് കമ്മിഷണറായി സേവനമനുഷ്ഠിക്കുമ്പോഴും അനധികൃതമായി പണം സമ്പാദിച്ചു. ഈ സമയംനടത്തിയ വിദേശ യാത്രകളും പരിശോധിക്കണം. ഇന്ത്യാ റിസർവ് ബറ്റാലിയിനുവേണ്ടി ഉപകരണങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്നും പരാതിയിൽ പറയുന്നു.

കൊല്ലത്ത് നടന്ന കൊക്കൂൺ അന്താരാഷ്ട്ര സൈബർ സുരക്ഷാ കോൺഫറൻസിന്റെ നടത്തിപ്പിന് മുഖ്യചുമതല വഹിച്ച ഐജി മനോജ് എബ്രഹാം ഈ സമ്മേളനത്തിന്റെ പേരിലും ആരോപണവിധേയനാണ്. കൊക്കൂൺ എന്ന സമ്മേളനം തന്നെ നിയമവിരുദ്ധമാണെന്നും കൊല്ലത്തെ സമ്മേളനം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും കാട്ടി എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് തന്നെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഇതിന്റെ നടത്തിപ്പുകാരനായ മനോജ് എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഓഗസ്റ്റ് 19നും 20നും കൊല്ലത്തെ റാവിസ് ഹോട്ടലിൽ നടന്ന സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയായി വന്ന ബിരുദ വിദ്യാർത്ഥിനിയോട് ഹൈടെക് സെൽ അസി. കമ്മിഷണർ വിനയകുമാരൻ നായർ എന്ന പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. ഇയാളെ പിന്നീട് സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരു കേസിൽ വിജിലൻസ് അന്വേഷണത്തിന് കോടതി തന്നെ ഉത്തരവിട്ട സാഹചര്യത്തിൽ മനോജ് എബ്രഹാമിനെതിരെ മറ്റ് ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം ഉണ്ടായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.