തിരുവനന്തപുരം: വിവര സാങ്കേതികവിദ്യാരംഗത്ത് സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ ഐ.ടി മിഷനിലെ അഴിമതിയിൽ വിജിലൻസ് ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാല് ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെക്കുറിച്ച് ലഭിച്ച ഊമക്കത്തിൽ നടപടിയെടുക്കണമെന്നു കാട്ടി വിജിലൻസ് എസ്‌പി ഐടി മിഷൻ ഡയറക്ടർക്കു നിർദ്ദേശം നൽകി.

ടെക്‌നോളജി ഹെഡ് മുരളീധരൻ, ഐ.ടി ഹെഡ് സെയ്ദ് ഹുസ്‌നി, എസ്ഇഎംറ്റി ജയചന്ദ്രൻ, പ്രോജക്ട് കോഓർഡിനേറ്റർ അമ്പിളി എന്നിവർക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.ഐ.ടി മിഷന്റെ ഉപദേശം തേടിയെത്തുന്ന പദ്ധതികളെല്ലാം സ്വകാര്യ കമ്പനികൾക്കു മറിച്ചു നൽകി കമ്മീഷൻ തട്ടുന്നെന്ന ഗുരുതര ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്. പിന്നാക്ക വികസന കോർപറേഷനിലെ ഉദ്യോഗസ്ഥനായ അമ്പിളിയുടെ ഭർത്താവ് മുഖേനയാണ് കമ്മീഷൻ തുക മിഷനിലെ മറ്റ് ഉദ്യോഗസ്ഥരിലേക്ക് എത്തുന്നതെന്നും വിജിലൻസിന് ലഭിച്ച കത്തിൽ ആരോപിക്കുന്നു.

കമ്മീഷൻ ഉറപ്പ് നൽകുന്ന കമ്പനികൾക്കു വേണ്ടി ടെണ്ടർ വ്യവസ്ഥകൾ ലഘൂകരിച്ച് നൽകുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ടെണ്ടർ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ സർക്കാർ സ്ഥാപനമായ കെൽട്രോണിന് ഓർഡർ നൽകി അവിടെ നിന്ന് സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകും. കരാർ ഉറപ്പായാൽ ടെണ്ടർ വ്യവസ്ഥകൾ പാലിക്കാതെ പദ്ധതി പൂർത്തിയായതായി ഇവർ റിപ്പോർട്ടും നൽകുമെന്നും കത്തിൽ പറയുന്നു.

എല്ലാ പദ്ധതികളുടെയും നടപ്പാക്കൽ വരെയുള്ള ഘട്ടങ്ങളുടെ ചുമതല ഏറ്റെടുക്കുന്നത് മുരളീധരനും സെയ്ദ് ഹുസ്‌നിയും ജയചന്ദ്രനുമാണ്. വക്കം പുരുഷോത്തമന്റെ ബന്ധു എന്ന ആനുകൂല്യത്തിലാണ് ഇയാൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്ഇഎംറ്റിയിൽ കയറിപ്പറ്റിയത്. ഇപ്പോൾ ഡിസൈൻ എൻജിനീയറാണ്. ഇദ്ദേഹത്തിന് ഇപ്പോൾ ഐടി മിഷനിലുള്ള ചുമതലകളും പ്രവർത്തനങ്ങളും പരിശോധിച്ചാൽ ക്രമക്കേട് പുറത്തുവരുമെന്നും കത്തിൽ പറയുന്നു.

കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായാണ് സെയ്ദ് ഹുസ്‌നി മിഷനിലെത്തിയത്. ലീഗ് നേതാക്കൾക്ക് പങ്കുള്ള കമ്പനികൾക്ക് പുറം കരാർ നൽകുന്നതിനു വേണ്ടിയാണ് ഇദ്ദേഹത്തെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ചതെന്നും ആരോപണമുണ്ട്. ഇയാൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ കരാറുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുവിതരണ ശ്യംഖല നവീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനം തകർത്തതും ഈ ഉദ്യോഗസ്ഥരാണെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. സിവിൽ സപ്ലൈസ്, സപ്ലൈകോ എന്നിവിടങ്ങളിൽ പോസ് മെഷീൻ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം നീളുന്നതിനു പിന്നിലും ഈ ഉദ്യോഗസ്ഥരാണ്. വിവിധ വകുപ്പുകളിലെ ഐടി സംബന്ധിച്ച പദ്ധതികൾ ഇവർ ഇടപെട്ട് ഇഷ്ടക്കാർക്ക് നൽകുന്നുണ്ടെന്നും പരാതിയുണ്ട്. ഡെയറി വികസനത്തിൽ ബിരുദമുള്ളവരെപ്പോലും ഇവർ ഇടപെട്ട് എടി വിദഗ്ധരായി മറ്റു സ്ഥാപനങ്ങളിൽ നിയമിച്ച് ഇവർ തട്ടിപ്പ് നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.

ജയിലുകളിൽ സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് എടി മിഷനിലെ ഉദ്യോഗസ്ഥർ കമ്മീഷനായി 18 ലക്ഷംരൂപ നേടിയെന്നും പരാതിയിലുണ്ട്. ഈ തട്ടിപ്പിലും അമ്പിളിയാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
മിഷൻ ഡയറക്ടറുടെ പരിചയക്കുറവ് മുതലെടുത്ത് ഇവർ വൻതട്ടിപ്പിന് കളമൊരുക്കുകയാണെന്നും ആരോപണമുണ്ട്. കെ.എസ്.ഡബ്യൂ.എ.എൻ, സ്റ്റേറ്റ് ഡാറ്റാ സെന്റർ എന്നിവയുടെ പരിപാലന കരാർ ആന്ധ്രാപ്രദേശിലെ യു.റ്റി.എൽ എന്ന കമ്പനിക്കു കൈമാറാനാണ് നീക്കം നടത്തുന്നത്. ഈ കമ്പനിക്കെതിരെ നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വീഡിയോ കോൺഫറൻസിങ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് മറ്റൊരു ക്രമക്കേട്.നിലവിൽ സുഗമമായി ഉപയോഗിക്കുന്ന സംവിധാനത്തെ ഒഴിവാക്കി യുറ്റിഎൽ നിർദ്ദേശിച്ച പ്രോപ്പിൾ ലിങ്ക് എന്ന നിലവാരമില്ലാത്ത സംവിധാനം ഏർപ്പെടുത്താനാണ് അമ്പിളിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്.നേരത്തെ രാജി വച്ചുപോയ രണ്ട് ഉദ്യോഗസ്ഥർ തുടങ്ങി വച്ച അനധികൃഇടപാട് തുടരുന്നത് അമ്പിളിയുടെ നേതൃത്വത്തിലാണ്.

പ്രോപ്പിൾ ലിങ്ക് എന്ന ഒരുപാട് ന്യൂനതകളും, നിലവാരമില്ലായ്മയും പ്രവർത്തനക്ഷമതക്കുറവുമുള്ള സംവിധാനം രാജ്യത്ത് മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല.1.75 കോടി മുടക്കി സുഗമമായി പ്രവർത്തിക്കുന്ന സംവിധാനം ഒഴിവാക്കിക്കൊണ്ടാണ് 1.09 കോടി കൂടി മുടക്കി പുതിയ സംവിധാനം കൊണ്ടുവരുന്നത്.സർക്കാരിന് കോടികൾ നഷ്ടമാകുമ്പോൾ സംഘത്തിന് നേട്ടം ലക്ഷങ്ങളാണെന്നാണ് ആരോപണം.സംഘം മുൻകൈയടുക്കുന്ന എല്ലാ പദ്ധതികളിലും ഇത്തരം അനധികൃത ഇടപെടലും തട്ടിപ്പുമുണ്ടെന്നും ആരോപണമുണ്ട്.സംഘത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.