തിരുവനന്തപുരം: ബന്ധുവാകാൻ പോകുന്ന മദ്യവ്യവസായി ബിജു രമേശിനെ തൊട്ട് ഉദ്യോഗസ്ഥർ കളി തുടങ്ങിയാൽ പിന്നെ മന്ത്രിയാണെന്ന് പറഞ്ഞ് ആ കസേരയിൽ ഇരിക്കുന്നതിൽ വല്ല അർദ്ധവുമുണ്ടോയെന്ന് അടൂർ പ്രകാശ് ചിന്തിച്ചാൽ അതിനെ തെറ്റുപറയാൻ സാധിക്കുമോ? അതുകൊണ്ട് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ കെട്ടിടം പൊളിക്കാൻ ഇറങ്ങിത്തിരിച്ച തിരുവനന്തപുരം കലക്ടർ ബിജു പ്രഭാകറിനെ ഒതുക്കാൻ തന്നെയാണ് മന്ത്രിയുടെ നീക്കം. ഇതിന്റെ ഭാഗമായി സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ ആസൂത്രിതമായി നീങ്ങുകയാണ് ബിജു രമേശും അടൂർ പ്രകാശും. സംസ്ഥാന ശിശുക്ഷേമസമിതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ ജില്ലാ കളക്ടർ ബിജു പ്രഭാകറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണിപ്പോൾ.

സംസ്ഥാന ശിശുക്ഷേമസമിതി അംഗം ചെമ്പഴന്തി അനിലിന്റെ പരാതിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടറോട് അന്വേഷണം ആവശ്യപ്പെട്ടത്. സ്ഥാപനത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്നാണ് അനിലിന്റെ പരാതി. കളക്ടർക്ക് പുറമേ, നേരത്തെ സസ്‌പെൻഷനിലായ മുൻ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസർ പി. ശശിധരൻ നായർ, പുനർജനി ക്യാമ്പ് ഡയറക്ടറും എസ്.ഇ.ആർ.ടി ജീവനക്കാരിയുമായ സി. ബിന്ദു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും. എന്നാൽ ഓപ്പറേഷൻ അനന്തയിൽ ബിജു രമേശിന്റെ കിഴക്കേ കോട്ടയിലെ രാജധാനി ബിൽഡിങ് പൊളിച്ചു നീക്കാൻ ശ്രമിച്ചതിന്റെ പ്രതികാരമായാണ് പരാതിയും തുടർ നടപടിയുമെന്നാണ് വിലയിരുത്തൽ.

കിഴക്കേക്കോട്ടയിലെ രാജധാനി ബിൽഡിങ്‌സ് തെക്കനംകര കനാൽ കൈയേറിയിട്ടുണ്ടെന്നും ഇക്കാര്യം കെട്ടിടമുടമയെ അറിയിച്ചിട്ടുണ്ടെങ്കിലും കെട്ടിടം പൊളിക്കുന്നത് അനന്തമായി നീണ്ടുപോകാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. റവന്യൂ ഉദ്യോഗസ്ഥരും കെട്ടിടമുടമയുടെ പ്രതിനിധികളും ചേർന്ന് നേരത്തെ സംയുക്ത പരിശോധന നടത്തിയിരുന്നു. കെട്ടിടം പൊളിച്ചുമാറ്റണമോയെന്ന കാര്യത്തിൽ വിധി അറിയാൻ ഇനിയും ഒരു ഹിയറിങ് കൂടി കെട്ടിടമുടമയ്ക്ക് നൽകുന്നുണ്ട്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് രാജധാനി ബിൽഡിങ്‌സ്. കെട്ടിടം പൊളിക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബിജു രമേശ് ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ചാണ് സംയുക്തപരിശോധന നടന്നത്.

കെട്ടിടവുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ തന്റെ പക്ഷം കേൾക്കണമെന്നും കെട്ടിടത്തിൽ റവന്യൂ സംഘം നടത്തുന്ന പരിശോധനയിൽ തന്നെക്കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സംയുക്ത പരിശോധനയ്ക്കു നിർദ്ദേശം നൽകിയത്. എ.ഡി.എം. വി.ആർ.വിനോദ്, സബ് കളക്ടർ കാർത്തികേയൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നേരത്തെ കെട്ടിടം പരിശോധിച്ചത്. ഇതിനുശേഷം എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ബിജു രമേശിന്റെ വാദം കേട്ടു. ഇതിന് പുറമേ ഒരു ഹിയറിങ് കൂടി നടത്താനാണ് തീരുമാനം.

തെക്കനംകര കനാൽ കൈയേറി നിർമ്മിച്ചതാണെന്നു ഓപ്പറേഷൻ അനന്ത ടീം കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാജധാനി ബിൽഡിങ്‌സ് പൊളിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ നടപടിക്രമങ്ങളിലെ വീഴ്ച കാരണം കെട്ടിടമുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആദ്യം നൽകിയ നോട്ടീസ് പാകപ്പിഴകൾ നിറഞ്ഞതായതിനാൽ ചീഫ് സെക്രട്ടറി തന്നെ ഇടപെട്ട്് ഇത് പിൻവലിച്ചു. തുടർന്നാണ് വിശദമായ രേഖകൾ സ്‌കെച്ചിന്റെ സഹായത്തോടെ നോട്ടീസിനൊപ്പം നൽകിയത്. വിശദീകരണം എഴുതിനൽകാൻ പത്ത് ദിവസവും ഇത് കൂടാതെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ മൂന്ന് ദിവസം കൂടി നൽകിയിരുന്നു. ഈ സമയപരിധി നിലനിൽക്കെയാണ് ജില്ലാ കളക്ടർ വീണ്ടും നോട്ടീസ് നൽകുന്നത്. ഇതോടെയാണ് നടപടി നിയമക്കുരുക്കിലേക്ക് നീങ്ങിയത്.

ഭൂമി കൈയേറിയെന്ന ആരോപണത്തിൽ കൃത്യതയും സുതാര്യതയുമില്ലെന്നായിരുന്നു ബിജു രമേശിന്റെ വാദം. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നൽകിയ നോട്ടീസിന്റെ പശ്ചാത്തലത്തിൽ ബിജു രമേശിന്റെ വാദം മൂന്നുതവണ ജില്ലാഭരണകൂടം കേട്ടുകഴിഞ്ഞു. എന്നിട്ടും കെട്ടിടം പൊളിക്കാതിരിക്കുന്നത് റവന്യൂമന്ത്രിയുടെ ഇടപെടൽ കൊണ്ടാണ്. ബിജുവിന്റെ മകളുമായുള്ള അടൂർ പ്രകാശിന്റെ മകന്റെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. അതുകൊണ്ട് ബിജു രമേശിന്റെ കെട്ടിടത്തിന് എതിരെ നടപടി എടുക്കരുതെന്ന ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമാണ് അറിവ്. നേരത്തെ ശക്തമായ നടപടികളുമായി കലക്ടർ മുന്നോട്ടു പോയപ്പോൾ മന്ത്രിയുമായി ഇടഞ്ഞതിനെ തുടർന്ന് കലക്ടർ അവധിയിൽ പ്രവേശിച്ചിരുന്നു.