തിരുവനന്തപുരം: മുൻ യുഡിഎഫ് സർക്കാറിനെ അഴിമതിക്കേസുകളിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ വിജിലൻസ് ഡിജിപി ജേക്കബ് തോമസ്. മുന്മന്ത്രിമാർ അടക്കമുള്ളവർക്കെതിരായ അഴിമതി കേസുകളിൽ അതിവേഗം തന്നെ എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട നേതാക്കളെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന വിധത്തിലാണ് ജേക്കബ് തോമസിന്റെ നീക്കങ്ങൾ. അഴിമതിയോടെ യാതൊരു സന്ധിയുമില്ലെന്ന നിലപാടാണ് ജേക്കബ് തോമസിന്. സന്തോഷ് മാധവന്റെ വിവാദമായ ഭൂമിദാന കേസിൽ കുഞ്ഞാലിക്കുട്ടിയെയും അടൂർ പ്രകാശിനെയും പ്രതിപട്ടികയിൽ ചേർത്തതിന് പിന്നാലെ കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിലാണ് വിജിലൻസ് ഡയറക്ടർ. 

സംസ്ഥാന കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ കശുവണ്ടി കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. കോർപറേഷൻ മുൻ എംഡി. കെഎ രതീഷ്, ജെഎംജെ കമ്പനി പ്രതിനിധി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിജിലൻസ് അന്വേഷണം തുടങ്ങിയെങ്കിലും കാര്യമായ യാതൊരു പുരോഗതിയുമുണ്ടായില്ല. അന്ന് ഭരണകക്ഷിയിലെ പ്രമുഖനെന്ന നിലയിൽ ചന്ദ്രശേഖരനെതിരെ ചെറുവിരൽ പോലും അനക്കാൻ മടിച്ചു വിജിലൻസ് അധികൃതർ എന്നാൽ, ഇടതു സർക്കാർ അധികാരത്തിൽ എത്തുകയും ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറാകുകയും ചെയ്തതോടെ സധൈര്യം നടപടികളുമായി മുന്നോട്ടു നീങ്ങുകയായിരുന്നു.

ടെണ്ടർ നടപടികൾ പാലിക്കാതെ കശുവണ്ടി വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുകളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. 2000 മെട്രിക് ടൺ കശുവണ്ടി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതിൽ നിയമാനുസൃതമുള്ള ടെൻഡർ നടപടികൾ പാലിച്ചില്ലെന്നും നിലവാരമില്ലാത്ത കശുവണ്ടിയാണ് ഇറക്കിയതെന്നും കാണിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് വിജിലൻസിൽ പരാതി നൽകിയത്. മനോജിന്റെ പരാതിയിൽ കോർപ്പറേഷനിലെ മറ്റ് ക്രമക്കേടുകൾ സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

25 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇ-ടെൻഡർ വേണമെന്ന നിയമം പാലിച്ചില്ല, ഒരാൾ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്, റീ ടെൻഡർ ചെയ്തില്ല, സംസ്‌കരിച്ചപ്പോൾ നിശ്ചിത അളവിൽ പരിപ്പ് കിട്ടിയില്ല, ഇറക്കുമതി ചെയ്തത് നിലവാരം കുറഞ്ഞ കശുവണ്ടിയായിരുന്നു തുടങ്ങിയവയാണ് മനോജിന്റെ ആരോപണങ്ങൾ.

25 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇ-ടെൻഡർ വേണമെന്നാണ് നിയമമെങ്കിലും കോർപ്പറേഷൻ അത് പാലിച്ചില്ല. ഒരാൾ മാത്രമാണ് ടെൻഡർ നൽകിയത്. ഒറ്റയാളേ പങ്കെടുക്കുന്നുള്ളൂവെങ്കിൽ റീ ടെൻഡർ വേണമെന്നാണ് ചട്ടം. ഈ വ്യവസ്ഥയും പാലിക്കാതെയാണ് കോർപ്പറേഷൻ ടെൻഡർ നടത്തിയത്. ഒരു ചാക്കിലെ 80 കിലോഗ്രാം കശുവണ്ടി സംസ്‌കരിക്കുമ്പോൾ 24 കിലോഗ്രാം പരിപ്പ് കിട്ടണം. ഇവിടെ ഈ അളവിൽ പരിപ്പ് കിട്ടിയില്ലെന്നും ഇറക്കുമതി ചെയ്തത് നിലവാരം കുറഞ്ഞ കശുവണ്ടിയാണെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പലതരത്തിൽ വൻ നഷ്ടം ഉണ്ടായെന്നാണ് പരാതി.

പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൊല്ലം വിജിലൻസ് ഡിവൈഎസ്‌പി ആയിരുന്ന ബി.രാധാകൃഷ്ണപിള്ള വിഷയം അന്വേഷിച്ച് 2015 ഡിസംബറിൽ വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് കൈമാറിയിരുന്നു. സ്വകാര്യ കമ്പനികൾ പരമാവധി 107 രൂപയക്ക് തോട്ടണ്ടി വാങ്ങിയിരുന്ന സമയത്ത് 117 രൂപയ്ക്കായിരുന്നു കോർപ്പറേഷൻ തോട്ടണ്ടി വാങ്ങിയത്. നേരത്തെ കശുവണ്ടി കോർപ്പറേഷൻ എംഡി കെഎ രതീഷിനെ തൽസ്ഥാനത്ത് നിന് മാറ്റിയിരുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് എന്ന വ്യവസായ വകുപ്പിനു കീഴിലുള്ള പരിശീലന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിട്ടാണ് മാറ്റിയത്.