കൊച്ചി: വിജിലൻസ് റെയ്ഡിനെത്തും മുമ്പ് മുന്മന്ത്രി കെ ബാബുവിന്റെയു ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകൾ കാലിയായതിനെ കുറിച്ച് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുൻപാണ് കെ ബാബുവിന്റെയും ഭാര്യയുടെയും രണ്ടു ലോക്കറുകൾ കാലിയാക്കിയത്.

തൃപ്പൂണിത്തുറ എസ്‌ബിറ്റി, എസ്‌ബിഐ ബാങ്കുകളിലുള്ള ലോക്കറുകളാണ് കാലിയാക്കിയത്. ലോക്കറുകൾ കാലിയാക്കുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ വിജിലൻസിനു ലഭിച്ചു.

ദൃശ്യങ്ങൾ നൽകണമെന്ന് ബാങ്ക് അധികൃതരോട് വിജിലൻസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബാബുവിന്റെ വീട്ടിലും ബിനാമിയെന്ന് കരുതുന്നവരുടെ വീടുകളിലും ഭാര്യയുടെയും മക്കളുടെയും ലോക്കറുകളിലും വിജിലൻസ് പരിശോധന നടത്തുകയും ലക്ഷക്കണക്കിന് രൂപയും ധാരാളം സ്വർണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

കെ.ബാബുവും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഭൂമിയിടപാടുകളും സ്വത്തുക്കളും വിജിലൻസ് അന്വേഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ബാങ്ക് ലോക്കറുകളിൽ നടത്തിയ പരിശോധനയിൽ കണക്കുകൂട്ടിയ അത്രയും ആസ്ഥികൾ കണ്ടെത്താൻ സാധിക്കാത്തതോടെയാണു ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഇവ മറ്റെവിടേക്കെങ്കിലും മാറ്റിയതാണോ എന്ന സംശയത്തെ തുടർന്നാണു നടപടി.

വിജിലൻസിന്റെ പരിശോധന വരുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഈ ലോക്കറുകൾ ആരെങ്കിലും തുറന്നിരുന്നോ? ബാങ്കിലെ മറ്റു ഇടപാടുകൾക്കു ബാബുവുമായി ബന്ധപ്പെട്ട ആരെങ്കിലും ശ്രമിച്ചിരുന്നോ? തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. ഇതെത്തുടർന്നാണു സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നു ബാങ്കുകളോട് ആവശ്യപ്പെട്ടത്.