മുംബൈ: ഷാരൂഖ് ഖാന്റെ മകനെ മയക്കുമരുന്നു കേസിൽ കുടുക്കിയ സമീർ വാംഖഡെക്ക് കുരുക്ക് മുറുക്കാൻ അന്വേഷണം. ആര്യൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉയർന്നതോടെ വാംഖഡെയും സംശയ നിഴലിൽ ആണ്. അതേസമയം ആരോപണത്തിൽ വസ്തുത ഉണ്ടോ എന്ന് അന്വേഷിക്കാൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യുടെ കീഴിലെ വിജിലൻസ് അന്വേഷണം തുടങ്ങി.

ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഗ്യാനേശ്വർ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. കേസിലെ സാക്ഷികളിലൊരാൾ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് മുംബൈ സോണൽ ഡയറക്ടറായ സമീർ വാംഖഡെയ്ക്കെതിരേ എൻ.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.

കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് മുംബൈയിലെ എൻ.സി.ബി. ഉദ്യോഗസ്ഥർ ഡയറക്ടർ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീർ വാംഖഡെക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഗ്യാനേഷർ സിങ് എൻ.സി.ബി.യുടെ ചീഫ് വിജിലൻസ് ഓഫീസർ കൂടിയാണ്. സമീർ വാംഖഡെയെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തുമോ എന്ന ചോദ്യത്തിന് അന്വേഷണം ആരംഭിച്ചതേയുള്ളൂ എന്നായിരുന്നു ഗ്യാനേഷർ സിങ്ങിന്റെ മറുപടി. നിലവിൽ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സമീർ വാംഖഡെക്കെതിരേയും കെ.പി. ഗോസാവിക്കെതിരേയും കൈക്കൂലി ആരോപണം ഉന്നയിച്ച പ്രഭാകർ സെയിൽ തിങ്കളാഴ്ച മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി. തന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കാനായാണ് അദ്ദേഹം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണാനെത്തിയത്. ജോയന്റ് കമ്മീഷണർ മിലിന്ദ് ഭാരംബെയുമായി പ്രഭാകർ സെയിൽ നേരിട്ട് സംസാരിക്കുകയും ചെയ്തു.

ലഹരിമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എൻ.സി.ബി. ഉദ്യോഗസ്ഥനായ സമീർ വാംഖഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകർ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതിൽ എട്ട് കോടി സമീർ വാംഖഡെയ്ക്ക് നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും കേസിലെ സാക്ഷിയാക്കിയ തന്നിൽനിന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ വെള്ളപേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു.

എന്നാൽ പ്രഭാകർ സെയിലിന്റെ ആരോപണങ്ങളെല്ലാം സമീർ വാംഖഡെയും എൻ.സി.ബി. ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം തന്നെ നിഷേധിച്ചിരുന്നു. ആരോപണങ്ങൾക്ക് ഉചിതമായ മറുപടി നൽകുമെന്നായിരുന്നു സമീർ വാംഖഡെയുടെ പ്രതികരണം. പണം വാങ്ങിയെങ്കിൽ എങ്ങനെയാണ് ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾ ജയിലിൽ കിടക്കുന്നതെന്ന് മറ്റ് എൻ.സി.ബി. ഉദ്യോഗസ്ഥരും ചോദിച്ചു.


എൻസിബി സോണൽ ഡയറക്ടർ കൂടിയായ സമീർ വാംഖഡെ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഒപ്പം കൂടുതൽ അന്വേഷണത്തിനായി അദേഹം എൻസിബി ഡയറക്ടർ ജനറലിന് സത്യാവാങ്മൂലം സമർപ്പിക്കുകയും ചെയ്തുവെന്ന് എൻസിബി ഓഫീസർ മുത്താ അശോക് ജെയിൻ പ്രസ്താവനയിൽ പറഞ്ഞു.

കെപി ഗോസാവി സാമുമായി ഫോണിൽ സംസാരിച്ചു. 25 കോടിരൂപ ഷാരുഖ് ഖാനിൽ നിന്ന് ആവശ്യപ്പെടണം. സമീർ വാങ്കഡെയ്ക്ക് എട്ടു കോടി നൽകാനുള്ളതിനാൽ പിന്നീട് 18 കോടിയിൽ തീർപ്പാക്കണമെന്നും പ്രഭാകർ സെയിൽ എൻസിബിക്കു നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. അറസ്റ്റിനു ശേഷം ഗോസാമിയ്‌ക്കൊപ്പമുള്ള ആര്യൻ ഖാന്റെ സെൽഫി വൈറലായിരുന്നു.

പ്രഭാകറിന്റെ സത്യവാങ്മൂലത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നതിനായി എൻസിബിയുടെ വടക്കൻ മേഖലാ മേധാവി, എൻസിബി ഡയറക്ടർ ജനറൽ എസ് എൻ പ്രധാന് കത്തയച്ചു. വടക്കൻ മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലും വിജിലൻസ് മേധാവി ജ്ഞ്യാനേശ്വർ സിങ്ങും സാക്ഷികളുടെ ആരോപണങ്ങൾ പരിശോധിക്കാനിടയുണ്ട്.

എൻ.സി.ബി.യുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് ഈ ആരോപണങ്ങളെന്നും എൻ.സി.ബി. വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതിനിടെ, അവലോകന യോഗത്തിനായി സമീർ വാംഖഡെ ചൊവ്വാഴ്ച ഡൽഹിയിലെ എൻ.സി.ബി. ആസ്ഥാനത്ത് എത്തുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൈക്കൂലി ആരോപണം കത്തിനിൽക്കുന്നതിനിടെയാണ് മുംബൈ സോണൽ ഡയറക്ടറായ സമീർ, എൻ.സി.ബി. ആസ്ഥാനത്ത് എത്തുന്നത്.