തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ നിറഞ്ഞ് നിറം കെട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ ജനവിധിയിൽ പരാജയപ്പെടുന്നത്. ബാർകോഴയും അനധികൃത ഭൂമി ഇടപാടുകളുമാണ് യുഡിഎഫിന് കനത്ത തിരിച്ചടിയായി മാറിയിരുന്നത്. കെ എം മാണിയും കെ ബാബുവും ഏറ്റവും അധികം ആരോപണ വിധേയരായപ്പോൾ ശരിക്കും മന്ത്രിസഭയിൽ പതുങ്ങിയിരുന്ന് രക്ഷപെട്ടത് മറ്റൊരു പ്രമുഖനായിരുന്നു എന്നായിരുന്നു ഉയർന്നുകേട്ട സംസാരം. അന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. സ്വന്തം പാർട്ടിക്കാരായാൽ പോലും ട്രാൻസ്ഫർ പോലുള്ള ചെറിയ ആവശ്യവുമായി മന്ത്രിക്കടുത്ത് ചെന്നാൽ അതിന് പണം വാങ്ങുന്നു എന്നായിരുന്നു അക്കാലത്ത് മന്ത്രിക്കെതിരെ ഉണ്ടായിരുന്ന ആക്ഷേപം. ഇതിനായി തന്നെ ശിവകുമാർ പ്രത്യേകം ആളുകളെ വച്ചെന്ന കേട്ടുകേൾവിയുമുണ്ടായി.

മുൻ സർക്കാറിന്റെ കാലത്ത് ഇത്തരം ആരോപണങ്ങളൊന്നും അന്വേഷണ പരിധിയിൽ വന്നില്ല. ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ സ്ഥിതി മാറി. ഏറ്റവും അധികം ആക്ഷേപങ്ങൾ ഉയർന്ന ശിവകുമാറിന്റെ കാലത്തെ ഇടപാടുകളെ കുറിച്ചും അദ്ദേഹത്തിന്‌റെ സ്വത്ത് സമ്പാദനങ്ങളെ കുറിച്ചും വിജിലൻസ് അന്വേഷണം നടക്കുകയാണിപ്പോൾ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. ആരോഗ്യ വകുപ്പിൽ ശിവകുമാറിന്റെ കാലത്ത് നടന്ന ആധുനിക വൽക്കണരത്തിൽ അടക്കം അഴിമതിയുണ്ടെന്നും ഇതുവഴി മുന്മന്ത്രിയും ബന്ധുക്കളും വൻതോതിൽ പണം സമ്പാദിച്ചു എന്നുമുള്ള ആരോപണത്തിന്മേലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ശിവകുമാർ മന്ത്രിയായിരുന്ന കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രി, ബന്ധുക്കളുടെ പേരിൽ മൂന്ന് ആശുപത്രികൾ വാങ്ങിയതായാണ് ഇതിൽ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. തലസ്ഥാന നഗരത്തിലെ പ്രമുഖ ആശുപത്രിയും മന്ത്രി വാങ്ങിയെന്നാണ് ആരോപണം. വിജിലൻസിന് ഇതേക്കുറിച്ച് പരാതി ലഭിച്ചതോടെയാണ് മുന്മന്ത്രിക്കെതിരെ ദ്രുതപരിശോധന തുടങ്ങിയത്. മന്ത്രിയായിക്കെ, ശിവകുമാർ ആധുനിക ഉപകരണങ്ങൾ വാങ്ങിയ വകയിൽ മാത്രം 600 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇങ്ങനെയുണ്ടാക്കിയ പണം ഉപയോഗിച്ചാണ് മൂന്ന് ആശുപത്രികൾ സ്വന്തമാക്കിയതെന്നുമാണ് ആരോപണം.

ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കേ ആശുപത്രികൾ തന്നെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ വാങ്ങിയതെന്ന കാര്യം മാത്രം പരിഗണിച്ചാൽ അദ്ദേഹം സംശയത്തിന്റെ നിഴലിലാകുമെന്നത് ഉറപ്പാണ്. തിരുവനന്തപുരത്തിന് പുറമേ അടൂർ, കാട്ടാക്കട എന്നിവിടങ്ങളിലാണ് മുൻ മന്ത്രിയുടെ ബന്ധുക്കൾ ആശുപത്രികൾ വാങ്ങിയത്. തലസ്ഥാനത്തെ എസ്.കെ. ആശുപത്രി അമേരിക്കയിലുള്ള ഭാര്യാ സഹോദരന്റെ പേരിലാണ് വാങ്ങിയത്. ഈ ആശുപത്രികൾ വാങ്ങിയതിന് പിന്നിൽ അഴിമതിപ്പണമാണെന്നാണ് ആക്ഷേപം. മറ്റ് രണ്ട് ആശുപത്രികളും ശിവകുമാർ വാങ്ങിയിരിക്കുന്നത് അടുത്ത ബന്ധുക്കളുടെ പേരിലാണ്.

മന്ത്രിയായ കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ബിനാമി ഇടപാടിലൂടെ ശിവകുമാർ വസ്തുക്കൾ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. മന്ത്രിയായിരുന്ന വേളയിൽ ശിവകുമാർ ശാന്തിവിള സ്വദേശിയായ ബിനാമി വഴിയാണ് ഇടപാടുകൾ നടത്തിയതെന്നാണ് ആരോപണം. വിദേശത്തുള്ള ബന്ധുക്കൾ വഴി ഇടപാടുകൾ നടന്നെങ്കിലും ഇയാൾ വഴിയും കോടികളുടെ ഇടപാടുകൾ നടന്നുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ സംഘത്തിന് ദ്രുതപരിശോധനയിൽ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുമ്പോൾ വൈകാതെ എഫ്.ഐ.ആർ തയാറാക്കി കേസ് അന്വേഷണം ആരംഭിക്കും. ആരോഗ്യവകുപ്പ് മന്ത്രിയെന്ന നിലയിൽ വി എസ്. ശിവകുമാർ ബന്ധപ്പെട്ടിട്ടുള്ള വൻകിട കമ്പനികൾ, അവരുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ എന്നിവ നിരീക്ഷിച്ചിട്ടുണ്ട്. മന്ത്രിയുടെ കാലത്ത് നടന്ന ഇടപാടുകളെ കുറിച്ചുള്ള വിശദമായ അന്വേഷണവും ഇതോടെയുണ്ടാകുമെന്ന കാര്യം ഉറപ്പായി.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ദേവസ്വം വകുപ്പുകൂടി െകെകാര്യം ചെയ്തിരുന്ന ശിവകുമാറിന്റെ സഹായത്തോടെ സഹോദരനും ദേവസ്വം സെക്രട്ടറിയുമായ വി എസ്. ജയകുമാർ ശബരിമലയിൽ അഴിമതി നടത്തിയതെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. 2012ൽ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കെ മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന കുത്തക ലേലത്തിൽ 3.84 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് വരുത്തിവച്ചതിനു പിന്നിൽ വി എസ്. ജയകുമാറിനു പങ്കുണ്ടെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. ഈ ഇനത്തിൽ കരാറുകാരുമായി ഉണ്ടാക്കിയ രഹസ്യധാരണയെത്തുടർന്ന് വൻതുക ജയകുമാർ സമ്പാദിച്ചതായും പരാതിയിൽ പറയുന്നു.

ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം വിജിലൻസ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ട രണ്ടാമത്തെ മുൻ യുഡിഎഫ് മന്ത്രിയാണ് വി എസ് ശിവകുമാർ. കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായ ശിവകുമാറിനെതിരെ ബാർകോഴയുമായി ബന്ധപ്പെട്ട ആരോപണവും ഉയർന്നിരുന്നു. ശിവകുമാറിന് പണം നല്കിയതായി ബിജു രമേശും ആരോപിക്കുകയുണ്ടായി. എന്നാൽ, പിന്നീട് ഇതുമായി ബന്ധപ്പെട്ട അന്വേഷണം അധികം പോയില്ല. മന്ത്രിയായിരുന്ന വേളയിൽ ശിവകുമാറിന്റെ ഓഫീസിനെതിരെ കെപിസിസി പ്രസിഡന്റിനും പരാതി ലഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വസ്തുതകൽ അന്ന് സുധീരനും പരിശോധിക്കുകയുണ്ടായി.