ആലപ്പുഴ: സർക്കാർ ഭൂമി കയ്യേറിയ കേസിൽ ഭീമ പുന്നമട റിസോർട്ടിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ കളർകോട് സ്വദേശിയായ കളർകോട് വേണുഗോപാലൻ നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വിജിലൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ വിജിലൻസ് ഡി.വൈ.എസ്‌പി യ്ക്കാണ് അന്വേഷണ ചുമതല.

ആര്യാട് തെക്ക് വില്ലേജിൽ പുന്നമട വേമ്പനാട് കായലിനോട് ചേർന്ന് ഏകദേശം രണ്ട് ഏക്കറോളം കായൽ പുറമ്പോക്ക് കയ്യേറി പുന്നമട റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നു എന്നും സർക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കുന്നുവെന്നും കാട്ടിയാണ് വേണുഗോപാലൻ നായർ കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിൽ ഒന്നാം പ്രതിയായി പുന്നമട റിസോർട്ടിന്റെയും ഭീമ ജൂവലറിയുടെ ഉടമയുമായ ലക്ഷ്മീകാന്തനും രണ്ടാം പ്രതിയായി അമ്പലപ്പുഴ തഹസീൽദാർ സി.അജിത് കുമാറും മൂന്നാം പ്രതിയായി ആര്യാട് തെക്ക് വില്ലേജ് ഓഫീസർ ഹാഷിക്ക് എന്നിവരുമാണ്. റിസോർട്ടുടമയുടെ കയ്യേറ്റത്തിന് വേണ്ട ഒത്താശ ചെയ്തുകൊടുത്തു എന്ന് കാട്ടിയാണ് ഈ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ പ്രതിചേർത്തിരിക്കുന്നത്.

വേമ്പനാട് കായലും പൊതു തണ്ണീർ തടങ്ങളും തോടുകളും വ്യാപകമായി നികത്തിയാണ് ഇവർ കയ്യേറ്റം നടത്തിയിരിക്കുന്നത്. 2007 ൽ ഒരു പൊതു താൽപ്പര്യ ഹർജിയെ തുടർന്ന് അന്നത്തെ കളക്ടർ പുറംപോക്ക് ഭൂമി ഇവർ കയ്യേറിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് വില്ലേജ് ഓഫീസറെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി തിരിച്ചു പിടിക്കാൻ ചുമതലപെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സർവ്വേ നമ്പർ ബി.എൽ 125 റീ സർവ്വേ നമ്പർ 4,7,18,20,21,22 എന്നിവടങ്ങളിലെ കയ്യേറ്റം കണ്ടെത്തി സ്ഥലം അളന്ന് തിരിച്ച് കല്ലിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി. പിന്നീട് ചുറ്റു മതിലോ മുള്ളു വേലിയോ സ്ഥാപിച്ച് സംരക്ഷിക്കാനായി തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ മുള്ളുവേലി സ്ഥാപിക്കുവാനായി 50,000 രൂപ ചെലവ് വരുമെന്നും കാട്ടി തഹസിൽ ദാർ ആലപ്പുഴ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുക അന്ന് അനുവദിച്ചെങ്കിലും ടെണ്ടർ നടപടികളിലേക്ക് ഉദ്യോഗസ്ഥർ പോയില്ല. കാരണം അളന്ന് തിട്ടപ്പെടുത്തി തിരിച്ചിട്ടിരിക്കുന്ന കയ്യേറ്റ ഭൂമിയിൽ മുള്ളുവേലി സ്ഥാപിച്ചാൽ റിസോർട്ടിന് കായലുമായുള്ള ബന്ധം ഇല്ലാതെയാകും. ഇത് മനസ്സിലായ ലക്ഷ്മീകാന്തൻ ഉദ്യോഗസ്ഥരെ സ്വാധീനിപ്പിച്ച് മുള്ളുവേലി സ്ഥാപിക്കുന്നതിനുള്ള ശ്രമം ഇല്ലാതാക്കി. ഇത് കൂടാതെ ഈ സ്ഥലം പാട്ടത്തിനെടുക്കാൻ ഒരു ശ്രമവും നടത്തി.

എന്നാൽ ഹൈക്കോടതി കായൽ പുറമ്പോക്ക് ഭൂമി പതിച്ചോ പാട്ടത്തിനോ നൽകുന്നത് നിരോധിച്ചിട്ടുള്ളതിനാൽ നടന്നില്ല. പിന്നീട് ഈ നിയമലംഘനം ആരും തിരിഞ്ഞു നോക്കിയില്ല. കാരണം പ്രതിയുടെ ഉന്നത സ്വാധീനം തന്നെയായിരുന്നു. ഇതിനിടയിലാണ് കളർകോട് വേണുഗോപാലൻ നായർ വിജിലൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത്. കോടതി രേഖകൾ പരിശോധിതിനെ തുടർന്നാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

2007 ൽ ഭൂമി തിരിച്ചു പിടിച്ചിട്ടും അത് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് പുന്നമട റിസോർട്ട് തന്നെയാണ്. നിരവധി പ്രതിസന്ധികൾ കടന്നാണ് വേണുഗോപാലൻ നായർ വിജിലൻസിൽ നിന്നും അന്വേഷണ ഉത്തരവ് വാങ്ങിയിരിക്കുന്നത്. പല തവണ ഇദ്ദേഹത്തെ സ്വാധീനിക്കാൻ ലക്ഷീകാന്തൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.

ഹൈക്കോടതിയുടെ എംബ്ലത്തിൽ അശോക ചക്രം തെറ്റായ രീതിയിലാണ് പ്രദർശിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിക്കെതിരെ പരാതി നൽകിയ വ്യക്തിയാണ് വേണുഗോപാലൻ നായർ. കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറി റിസോർട്ട് പ്രവർത്തിക്കുമ്പോൾ നിയമങ്ങൾ ലംഘിച്ച് ഒത്താശ ചെയ്യുന്നത് സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ് എന്നാണ് വേണുഗോപാലൻ നായർ പറയുന്നത്. അനുകൂല വിധി നടപ്പിലാക്കും വരെ ഇതിന് പിന്നിൽ ഉണ്ടാകുമെന്നും മറുനാടൻ മലയാളിയോട് പറഞ്ഞു.