തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസിന്റെ പുനരന്വേഷണ റിപ്പോർട്ട്. ബാർ ഉടമകളിൽ നിന്നും കെ എം മാണി കോഴ വാങ്ങിയതിനും കൊടുത്തതിനും തെളിവില്ലെന്നാണ് വിജിലൻസ് എസ്‌പി സുകേശന്റെ കണ്ടെത്തൽ പുനരന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

ബാർ കോഴക്കേസിൽ സത്യം വിജയിക്കുമെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും അതിനൊരു മാറ്റവും വന്നിട്ടില്ലെന്നും കെ എം മാണി പ്രതികരിച്ചു. ബാക്കി കാര്യങ്ങളെല്ലാം കോടതി തീരുമാനിക്കട്ടെ. മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല- മാണി പറഞ്ഞു.

നേരത്തെ കണ്ടെത്തിയ തെളിവുകളിൽ പൊരുത്തക്കേടുകളുണ്ടെന്ന് സുകേശൻ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ബാർ ലൈസൻസ് പുതുക്കുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വന്നപ്പോൾ മാറ്റിവയ്ക്കാൻ മന്ത്രി കെ.എം.മാണി നിർദ്ദേശിച്ചത് നിയമവകുപ്പ് നിർബന്ധമായും കാണേണ്ട ഫയലായതിനാലാണ്. ബിസിനസ് റൂൾ പ്രകാരം നിയമവകുപ്പ് കാണണമെന്നത് നിർബന്ധം. അതുകൊണ്ടാണ് മാണിയുടെ ഈ നടപടിയെന്നും മറിച്ച് യാതൊരു ലക്ഷ്യവും ഇതിന് ഇല്ലായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കോഴ നൽകിയെന്ന ബാർ ഉടമകളുടെ ആരോപണങ്ങളെയും വിജിലൻസ് അന്വേഷണത്തിൽ തെറ്റാണെന്ന് തെളിഞ്ഞു. പാലായിലെ വീട്ടിൽ പണം കൊണ്ടുവന്നു എന്നതിനു തെളിവുകൾ ലഭിച്ചെന്നാണ് ആദ്യ അന്വേഷണത്തിൽ കണ്ടത്. പക്ഷേ, പണം സ്വരൂപിച്ചെത്തിയെന്ന് മൊഴികൊടുത്ത ബാറുടമ സജി ഡൊമനിക് പാലായിൽ പണമെത്തിച്ചുവെന്ന് പറയുന്ന സമയത്ത് പൊൻകുന്നത്തായിരുന്നുവെന്ന് മൊബൈൽ ടവർ വഴിയുള്ള അന്വേഷണത്തിൽ പിന്നീട് കണ്ടെത്തി. എങ്ങനെ ഓടിയാലും പൊൻകുന്നത്തു നിന്ന് പാലായിൽ പറഞ്ഞ സമയത്ത് എത്തില്ലെന്നാണ് വിജിലൻസിന്റെ പുതിയ നിഗമനം.

മൂന്നാമത് പ്രധാന തെളിവായത്, തിരുവനന്തപുരത്തെ മന്ത്രിയുടെ വീട്ടിൽ പണമെത്തിച്ച സംഭവമാണ്. പണം എത്തിച്ചുവെന്ന് പറയുന്നതിന്റെ തലേദിവസം രാത്രി 8.30ന് തിരുവനനന്തപുരത്ത് പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറിയെന്ന പ്രധാനമൊഴികളും കളവെന്ന് വിജിലൻസ് പറയുന്നു. കൊടുത്തു എന്ന് പറയുന്നവരും വാങ്ങിയെന്ന് പറയുന്ന ബാറുടമകളും ഈ സമയത്ത് പഴവങ്ങാടിയിൽ എത്തിയിട്ടില്ല. പിന്നീട് സാക്ഷി അമ്പിളി മാറ്റിപ്പറഞ്ഞ സമയത്തും ടവർ ലൊക്കേഷൻ വച്ചുള്ള പരിശോധനയിൽ സാക്ഷി മൊഴികളിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും പുതിയ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ തന്നെ മാണിക്കെതിരായ തുടർനടപടികൾ റദ്ദാക്കണമെന്നും വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മാണിക്കെതിരായ തെളിവായി ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് നൽകിയ സി.ഡിയിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. അതിനാൽ തന്നെ അത് പരിശോധിക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കി.

മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ പര്യാപ്തമായ തെളിവുകളുണ്ടെന്നായിരുന്നു എസ് പി സുകേശൻ ആദ്യം നൽകിയ വസ്തുതാ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇത് വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിൾ ഇത് അംഗീരിച്ചില്ല. ഡയറക്ടറുടെ നിലപാട് അനുസരിച്ചാണ് പിന്നീട് വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇത് വിജിലൻസ് കോടതി തള്ളുകയും വസ്തുതാ റിപ്പോർട്ട് അംഗീകരിച്ച് തുടരന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും എസ് പി സുകേശന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.

മന്ത്രി മാണി ധനമന്ത്രിയായിരിക്കെ നടത്തുന്ന തുടരന്വേഷണത്തിന്റെ സാംഗത്യവും കോടതി വിധിയിൽ ചോദ്യം ചെയ്യുകയുണ്ടായി. ഇതേ തുടർന്നാണ് കടുത്ത സമ്മർദത്തിനൊടുവിൽ മാണി ധനമന്ത്രി സ്ഥാനം രാജിവച്ചത്. കേസിൽ കോടതി പരാമർശങ്ങളെ തുടർന്നാണ് മാണി മന്ത്രി സഥാനം രാജിവച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാണിക്ക് വീണ്ടും മന്ത്രിയാകാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ബാർകോഴ കേസിന്റെ തുടക്കം മുതൽ ഇക്കാര്യത്തിൽ ഇരട്ട നീതിയാണെന്ന പരിഭവമായിരുന്നു കേരളാ കോൺഗ്രസുകാർക്ക് ഉണ്ടായിരുന്നത്. എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നായുന്നു കേരളാ കോൺഗ്രസിന്റെ പരാതി. ഒരു ഘട്ടത്തിൽ കെ.ബാബുവിനെതിരെ ഹൈക്കോടതി പരാമർശം നടത്തുകയും ചെയ്തു. ഇതോടെ ബാബു മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടുകയും ഉണ്ടായി.